ഗൂഗിളിൽ ഒരു ജോലി ലഭിക്കുകയെന്നത് യുവാക്കളുടെയെല്ലാം സ്വപ്നമാണ്. ഇപ്പോഴിതാ യുവാക്കളെ സഹായിക്കാനായി നേരിട്ടെത്തിയിരിക്കുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഡേവിഡ് റൂബൻസ്റ്റൈൻ ഷോയായ പിയർ ടു പിയർ കോൺവർസേഷനിൽ സംസാരിക്കുമ്പോഴാണ് സുന്ദർ പിച്ചൈ ഗൂഗിളിൽ ജോലി ലഭിക്കാനുള്ള ടിപ്സ് പങ്കു വച്ചത്. വളരെയധികം മത്സരമുള്ള മേഖലയാണ് അതു കൊണ്ടു തന്നെ ടെക്നിക്കൽ വൈദഗ്ധ്യം ഒന്നു കൊണ്ടു മാത്രം ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് സുന്ദർ. അതിനൊപ്പം തന്നെ പുതു വിദ്യകൾ പഠിക്കാനും അതിനോട് ചേർന്നു പോകാനും പൊരുത്തപ്പെടാനും കഴിയുന്ന സൂപ്പർസ്റ്റാർ സോഫ്റ്റ്‌വെയർ എൻജിനീയർമാരെയാണ് ഗൂഗിൾ ഇപ്പോഴും തിരയുന്നതെന്ന് സുന്ദർ.
ഗൂഗിൾ ജീവനക്കാരുടെ സർഗാത്മകതയെ പരിപോഷിക്കുന്നതിനായി ചെയ്യുന്നതെന്തെല്ലാമെന്നും അദ്ദേഹം പങ്കു വച്ചു. ജീവനക്കാർക്ക് ഭക്ഷണം കമ്പനി സൗജന്യമായി നൽകും. ഇത്തരം ആനുകൂല്യങ്ങൾ സമൂഹബോധം വർധിപ്പിക്കും. അതു വഴി സർഗാത്മകതയും പരിപോഷിക്കപ്പെടും. ആകർഷകമായ ശമ്പളം, പൂർണമായ ആരോഗ്യ ഇൻഷുറൻസ്, ഫിറ്റ്നസ് സെന്‍ററുകൾ, റിട്ടയർമെന്‍റ് പദ്ധതികൾ എന്നിവ അടക്കം നിരവധി ആനുകൂല്യങ്ങളും ജീവനക്കാർക്ക് നൽകുന്നുണ്ട്. ഗൂഗിളിൽ നിന്ന് ഓഫർ ലെറ്റർ ലഭിക്കുന്നതിൽ 90 ശതമാനം പേരും ജോലി സ്വീകരിക്കാനുണ്ടെന്ന് സുന്ദർ പിച്ചൈ. തങ്ങളുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ആഗ്രഹങ്ങളും വ്യക്തമാക്കി തങ്ങളുടെ കരിയറിലെ വിജയങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങൾ പങ്കു വയ്ക്കണണെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനായി നന്നായി തയാറെടുക്കണം, ഗൂഗിളിന്‍റെ മൂല്യങ്ങൾ മനസിലാക്കിയിരിക്കണം. കമ്പനിയുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജോലി എന്നത് ഇക്കാലത്ത് വളരെയധികം മത്സരമുള്ളൊരു മേഖലയാണ്. അതു കൊണ്ടു തന്നെ സ്വയം വ്യത്യസ്തരായിരിക്കുക എന്ന പ്രധാനമാണ്. അഭിമുഖത്തിൽ വിജയിക്കുന്നതിന്‍റെ ഏക മാർഗം നല്ല രീതിയിൽ തയാറെടുക്കുക എന്നതു തന്നെയാണെന്ന് ഗൂഗിളിന്‍റെ മുൻ റിക്രൂട്ടർ നോളൻ ചർച്ച് പരാമർശിച്ചതിനെയും സുന്ദർ പിച്ചൈ പങ്കു വച്ചു.