ഇന്ത്യൻ തൊഴിലന്വേഷകർക്കായി വാതിലുകൾ തുറന്നിട്ട് ജർമനി; അനുവദിക്കുന്നത് പതിനായിരക്കണക്കിന് വിസ 
Career

ഇന്ത്യൻ തൊഴിലന്വേഷകർക്കായി വാതിലുകൾ തുറന്നിട്ട് ജർമനി; അനുവദിക്കുന്നത് പതിനായിരക്കണക്കിന് വിസ

തൊഴില്‍ അന്വേഷകര്‍ക്കു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക മേഖലയിലുള്ളവര്‍ക്കും കൂടി രാജ്യത്തിന്‍റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ജര്‍മനി

പ്രത്യേക ലേഖകൻ

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണാപത്രം ഇന്ത്യയുടെയും ജർമനിയുടെയും തൊഴിൽ വിപണികൾക്ക് നിർണായകം. ഇന്ത്യയിലെ തൊഴിലില്ലായ്മയും ജർമനിയിലെ തൊഴിലാളി ക്ഷാമവും ഒരുപോലെ പരിഹരിക്കാൻ സാധിക്കുന്ന മുപ്പതിന പദ്ധതിക്കാണ് ഇരുരാജ്യങ്ങളും തുടക്കം കുറിച്ചിരിക്കുന്നത്. ഇതുപ്രകാരം, ഇന്ത്യക്കാർക്കുള്ള വിസ ക്വോട്ടയിൽ ജർമനി വൻ വർധനയാണ് വരുത്തിയിട്ടുള്ളത്. പ്രതിവര്‍ഷം ഇരുപതിനായിരം ഇന്ത്യക്കാര്‍ക്ക് വിസ നല്‍കിയിരുന്ന സ്ഥാനത്തം ഇനി തൊണ്ണൂറായിരം പേര്‍ക്കു നല്‍കും.

പ്രതിവർഷം മാസം ഒരു കോടിയിലധികം പേരാണ് ഇന്ത്യയിൽ പുതിയതായി തൊഴില്‍ വിപണിയിലേക്കു വരുന്നത്. അതേസമയം, ജർമനിയിൽ പ്രതിവർഷം നാല് ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമവും നേരിടുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഇപ്പോൾ 1,38,000 ഇന്ത്യക്കാരാണ് ജര്‍മനിയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ കുടുംബാംഗങ്ങളെ കൂടി കണക്കിലെടുത്താൽ 2,46,000 ഇന്ത്യക്കാർ ജർമനിയിൽ ജീവിക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്ന് ജർമനിയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചു തുടങ്ങിയ 2022 മുതൽ ഇങ്ങോട്ടുള്ള കണക്കനുസരിച്ച്, ജര്‍മനിയിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കുള്ള വിസ ക്വോട്ട ജര്‍മനി വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ ഇതിനിയും കൂടും. വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സങ്കീര്‍ണതകള്‍ കുറയ്ക്കാനുള്ള നടപടികളും ജര്‍മന്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു.

ഇപ്പോൾ ജര്‍മനിയിലെ വിദഗ്ധ തൊഴിലാളി ക്ഷാമത്തിന്‍റെ ഇരുപതു ശതമാനം പരിഹരിക്കുന്നത് ഇന്ത്യക്കാരാണ്. പുതിയ ധാരണാപത്രം പ്രാബല്യത്തിൽ വരുന്നതോടെ ഈ അനുപാതം കൂടുതൽ നിർണായകമായി വളരുമെന്നാണ് കണക്കാക്കുന്നത്.

കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ മുപ്പതിന പദ്ധതി

  • ഇന്ത്യയില്‍ നിന്നു ജര്‍മനിയിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മുപ്പതിന പദ്ധതിയാണ് ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്‍റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

  • ഇന്ത്യന്‍ സ്‌കൂളുകളില്‍ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നത് അടക്കമുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

  • തൊഴില്‍ അന്വേഷകര്‍ക്കു മാത്രമല്ല, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ട്രെയ്‌നികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സാംസ്‌കാരിക മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്കും കൂടി രാജ്യത്തിന്‍റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് ജര്‍മനി.

  • ജര്‍മന്‍ കമ്പനികള്‍ക്ക് പരിശീലന ആവശ്യത്തിനായി ഇന്ത്യക്കാര്‍ക്ക് താത്കാലിക റെസിഡന്‍സ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനും, ആവശ്യമെങ്കില്‍ ഇത് ദീര്‍ഘകാല വര്‍ക്ക് പെര്‍മിറ്റായി മാറ്റിയെടുക്കുന്നതിനുമുള്ള വ്യവസ്ഥകളും ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനുള്ള സൗകര്യം മാത്രമല്ല, മതിയായ യോഗ്യതകളുള്ള കുടുംബാംഗങ്ങള്‍ക്ക് ജര്‍മനിയില്‍ ജോലി ചെയ്യാനും അനുമതി ലഭിക്കും.

ജർമൻ സർക്കാർ നയം ഇന്ത്യക്കാർക്ക് സഹായകം

ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്ത്യ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം.

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ പൗരത്വ നിയമങ്ങളില്‍ ഗണ്യമായ ഇളവുകള്‍ പ്രഖ്യാപിച്ച ജർമൻ ഫെഡറല്‍ ഗവണ്‍മെന്‍റ്, പുതിയ മൈഗ്രേഷന്‍ റൂട്ടുകളും, വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും നടപ്പാക്കിക്കഴിഞ്ഞു.

2021ല്‍ അധികാരമേറ്റതു മുതല്‍ രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ്, ട്രാഫിക് ലൈറ്റ് മുന്നണി എന്നറിയപ്പെടുന്ന ജർമനിയിലെ ഭരണ മുന്നണി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയാണ് മുന്നണിയിലെ ഘടകകക്ഷികൾ. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഇടതുപക്ഷത്തോട് അടുത്തു നിൽക്കുന്ന സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഗ്രീൻ പാർട്ടി പരമ്പരാഗതമായി കുടിയേറ്റക്കാർക്ക് അനുകൂലമാണ്. ഫ്രീ ഡെമോക്രാറ്റിക് പാർട്ടി വ്യവസായ താത്പര്യങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ഈ മൂന്നു പാർട്ടികൾക്കും കുടിയേറ്റത്തോട് അനുകൂല സമീപനമാണുള്ളത്.

ജർമനി നിലവിൽ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് ഒരു പ്രധാന കാരണം വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമമാണെന്ന് ജർമൻ സർക്കാർ വിലയിരുത്തൽ. രാജ്യത്തിന്‍റെ പ്രധാന വരുമാന സ്രോതസുകളായ പല മേഖലകളിലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് ഉത്പാദനക്ഷമതയെ ബാധിക്കുന്നു. പ്രായമേറുന്ന ജനസംഖ്യയും രാജ്യത്തിന്‍റെ ആരോഗ്യ മേഖലയ്ക്കു മേൽ കടുത്ത സമ്മർദമാണ് സൃഷ്ടിക്കുന്നത്. മുതിർന്ന പൗരൻമാർക്കുള്ള കെയർ മേഖലയും, ഒപ്പം നഴ്സിങ് മേഖലയും തൊഴിലാളി ക്ഷാമം നേരിടുന്നു. ഇതെല്ലാം പരിഹരിക്കാൻ വിദേശ കുടിയേറ്റം വർധിപ്പിക്കുക എന്നതല്ലാതെ മറ്റു മാർഗങ്ങളില്ലാത്ത അവസ്ഥയിലാണ് ജർമനി.

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർ‌ട്ട് നൽകാൻ വനിതാ കമ്മിഷൻ

മെഗാ സീരിയൽ നിരോധിക്കണമെന്ന മുൻ നിലപാട് തളളി വനിതാ കമ്മിഷൻ

പാലക്കാട് തിങ്കളാഴ്ച കൊട്ടിക്കലാശം: മൂന്ന് മുന്നണികളുടെയും റോഡ് ഷോ വൈകിട്ട്

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്