തിരുവനന്തപുരം: ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന്‍റെ (ഒഇടി) ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻഐഎഫ്എൽ) ധാരണാപത്രം ഒപ്പിട്ടു. ഒഇടി ക്ക് നേതൃത്വം നല്‍കുന്ന കേംബ്രിഡ്ജ് ബോക്സ്ഹിൽ ലാംഗ്വേജ് അസസ്മെന്‍റ് യൂണിറ്റ് ട്രസ്റ്റിസ്റ്റുമായിട്ടാണ് (സിബിഎൽഎ) ധാരണാപത്രം. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും, ഒഇടി ചീഫ് കൊമേഴ്സ്യൽ ഓഫീസര്‍ ആദം ഫിലിപ്സും ധാരണാപത്രം കൈമാറി. കേരളത്തില്‍ നിന്നുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് ആഗോളതൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതകും വിധം നൈപുണ്യവികസനമാണ് സംസ്ഥാനം നടപ്പിലാക്കിവരുന്നതെന്ന് കെ വാസുകി അഭിപ്രായപ്പെട്ടു.
ചരിത്രപരമായ സഹകരണം കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന് അജിത് കോളശ്ശേരിയും പറഞ്ഞു. തൈയ്ക്കാട് നോര്‍ക്ക സെന്‍ററിൽ നടന്ന ചടങ്ങില്‍ റിക്രൂട്ട്മെന്‍റ് മാനേജര്‍ പ്രകാശ് പി ജോസഫ് നന്ദി പറഞ്ഞു. ഒഇടി (സിബിഎൽഎ) പ്രതിനിധികളായ ടോം കീനൻ, പാർവ്വതി സുഗതൻ, പ്രകൃതി ദാസ്, എൻഐഎഫ്എൽ പ്രതിനിധികളായ ജുബി സുമി മാത്യു, സ്മിത ചന്ദ്രന്‍, അധ്യാപകര്‍, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
എൻഐഎഫ് എൽ കോഴിക്കോട്, തിരുവനന്തപുരം സെന്‍ററുകളിലെ ഒഇടി ട്രെയിനര്‍മാര്‍ക്ക് പഠനശില്‍പശാലകള്‍, പരീക്ഷയ്ക്ക് യോഗ്യരാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വർക്‌ഷോപ്പുകള്‍, നോര്‍ക്ക പ്രീ ഡിപ്പാര്‍ച്ചര്‍ ഒറിയന്‍റേഷന്‍ പ്രോഗ്രാമുകളില്‍ ഒഇടി കാൻഡിഡേറ്റുകള്‍ക്കായി ബോധവൽക്കരണ സെഷനുകൾ എന്നിവ ധാരണാപത്രത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യാനും പ്രാക്ടീസ് ചെയ്യാനും ആഗ്രഹിക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകളുടെ ഭാഷാ പ്രാവീണ്യം വിലയിരുത്തുന്നതാണ് ഒഇടി. കേംബ്രിഡ്ജ് ഇംഗ്ലീഷും (കേംബ്രിഡ്സ് സര്‍വ്വകലാശാല) ബോക്സ് ഹിൽ ഇൻസ്റ്റിറ്റ‍്യൂട്ടും സംയുക്തമായിട്ടാണ് ഒഇടി യുടെ ചുമതലയുളള സിബിഎല്‍എയ്ക്ക് നേതൃത്വം നല്‍കുന്നത്. ഓസ്‌ട്രേലിയിലും പുറത്തും തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് ബോക്സ് ഹിൽ ഇൻസ്റ്റിറ്റ‍്യൂട്ട്.