പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിംഗ് പാരാമെഡിക്കൽ ബിരുദ ഡിപ്ലോമധാരികളായ 68 യുവതീ-യുവാക്കൾക്ക് അപ്രന്‍റീസ് നിയമന ഉത്തരവ്. മന്ത്രി ഒ.ആർ. കേളു വെള്ളയമ്പലം പോസ്റ്റ്മെട്രിക് ഹാളിൽ നടന്ന ചടങ്ങിൽ വച്ചാണ് ഉത്തരവ് വിതരണം ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ- യുവാക്കൾക്ക് യോഗ്യതയ്ക്കനുസരിച്ച് പരിചയ സമ്പത്ത് ആർജ്ജിക്കുന്നതിനും അതിലൂടെ സ്വദേശത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുമായി പട്ടികജാതി വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വിവിധ സർക്കാർ ആശുപത്രികളിൽ അപ്രന്‍റീസുമാരായി രണ്ട് വർഷത്തെ നിയമനം നൽകുന്നതെന്ന് മന്ത്രി അറിയിച്ചു.
പ്രായോഗിക പരിശീലനം നൽകി മികവുറ്റ ജോലികൾ കരസ്ഥമാക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ സി.എച്ച്.സി, താലൂക്ക് / താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ഹോസ്പിറ്റലുകൾ, ജനറൽ ഹോസ്പിറ്റലുകൾ, ജില്ലാ ഹോസ്പിറ്റലുകൾ, പാലക്കാട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നഴ്സിംഗ് ബിരുദ / ഡിപ്ലോമധാരികളായ 300 യുവതീ യുവാക്കളെ അപ്രന്‍റീസ് നഴ്സായും, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ കോഴ്സുകൾ പാസായ 100 യുവതീ-യുവാക്കളെ പാരാമെഡിക്കൽ അപ്രന്‍റീസായും നിയമിക്കുന്ന പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് തെരെഞ്ഞെടുത്തവർക്കാണ് നിയമന ഉത്തരവ് നൽകിയത്.
പട്ടികജാതി വികസന വകുപ്പ് അഡീ. ഡയറക്ടർ വി. സജീവ്, ചീഫ് പ്ലാനിംഗ് ഓഫീസർ ഹുസൈൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാറാണി എസ്, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, ജില്ലാ നഴ്സിംഗ് ഓഫീസർ ജയശ്രീ പി കുഞ്ഞച്ചൻ, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പി.കെ സാലമ്മ എന്നിവർ സന്നിഹിതരായിരുന്നു.