തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികളുടെ കരിയർ വികസനവുമായി ബന്ധപ്പെട്ട് അവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പരിശീലനങ്ങളിലൂടെ അവരെ തൊഴിൽ യോഗ്യരാക്കുന്നതിനുമായി പട്ടികജാതി പട്ടികവർഗ ഉദ്യോഗാർഥികൾക്കായി പ്രതിദിനം 100 രൂപ സ്റ്റൈപ്പൻഡോടെ സൗജന്യ പിഎസ്‌സി പരിശീലന പരിപാടി സംഘടിപ്പിക്കും.
തൊഴിൽ വകുപ്പിന്‍റെ കീഴിൽ തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്‍റ് ഓഫിസിനോടൊപ്പം പ്രവർത്തിച്ചുവരുന്ന കോച്ചിങ് കം ഗൈഡൻസ് സെന്‍ററിലാണ് പരിശീലനം. നവംബറിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. പങ്കെടുക്കുവാൻ താത്പര്യമുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ നവംബർ 10നകം തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന്‍റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എപ്ലോയ്മെന്‍റ് ഓഫിസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.