നിഷ്കളങ്കമായ ആ തമാശകൾ ഇനിയില്ല. ഇന്നസെന്റ് എന്ന അതുല്യ നടൻ ഈ ലോകത്തോടു യാത്ര പറഞ്ഞിരിക്കുന്നു. മലയാള സിനിമയിൽ എന്താണ് ഇന്നസെന്റിന്റെ സ്ഥാനം എന്നു പരിശോധിച്ചാൽ, എന്തു മഹത്തായ സ്ഥാനമാണ് അദ്ദേഹത്തിനു നൽകാനാവാത്തത് എന്ന മറുചോദ്യമാവും മനസിൽ തിരിച്ചുവരുക. ചെറിയ വേഷങ്ങളിലൂടെ സിനിമാ ലോകത്തെത്തിയ അദ്ദേഹം ഹാസ്യ നടനെന്ന നിലയിലും സ്വഭാവ നടനെന്ന നിലയിലും സ്വന്തമായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ആർക്കൊപ്പം അഭിനയിച്ചാലും എത്ര ചെറിയ വേഷമായാലും ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ വേറിട്ടു തന്നെ നിൽക്കും. ഓരോ കഥാപാത്രത്തെയും ഏറ്റവും മിഴിവുറ്റ രീതിയിൽ അവതരിപ്പിച്ച് ആസ്വാദകന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നതിൽ ഇന്നസെന്റിന് അസാമാന്യ പ്രതിഭ തന്നെയുണ്ടായിരുന്നു. അഞ്ചു പതിറ്റാണ്ടു നീണ്ട ആ സിനിമാ ജീവിതത്തിൽ എഴുനൂറിലധികം ചലച്ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. സുദീർഘമായൊരു കാലം വെള്ളിത്തിരയിൽ സജീവമായി തുടരാൻ കഴിയുകയെന്നാൽ അതു തെളിയിക്കുന്നത് ആ നടന്റെ പ്രതിഭാവിലാസമാണ്.
സവിശേഷമായ ശരീരഭാഷയും നാട്ടുശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ പ്രത്യേകതകളാണ്. മലയാളികൾ ഓർത്തോർത്തു ചിരിക്കുന്ന എത്രയെത്ര സിനിമാരംഗങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കിലുക്കത്തിലെ കിട്ടുണ്ണിയും മണിച്ചിത്രത്താഴിലെ ഉണ്ണിത്താനും ഗോഡ്ഫാദറിലെ സ്വാമിനാഥനും റാംജിറാവു സ്പീക്കിങ്ങിലെ മാന്നാർ മത്തായിയും കല്യാണരാമനിലെ മിസ്റ്റർ പോഞ്ഞിക്കരയും വിയറ്റ്നാം കോളനിയിലെ കെ.കെ. ജോസഫും തുടങ്ങി മലയാളികളുടെ മനസിൽ നിന്നു മായാത്ത നിരവധി വേഷങ്ങൾ. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച താരജോടികളായിരുന്നു ഇന്നസെന്റും കെപിഎസി ലളിതയും. ഇവർ ഒന്നിച്ച് അഭിനയിച്ച അവിസ്മരണീയമായ ഹാസ്യരംഗങ്ങൾ ഒന്നിനൊന്നു മികച്ചവയാണ്. കേളിയിലെ ലാസർ മുതലാളി, അദ്വൈതത്തിലെ ശേഷാദ്രി അയ്യർ, തസ്കര വീരനിലെ ഈപ്പച്ചൻ, മഴവിൽകാവടിയിലെ കളരിക്കൽ ശങ്കരൻകുട്ടി മേനോൻ, പൊൻമുട്ടയിടുന്ന താറാവിലെ പണിക്കർ തുടങ്ങി ഇന്നസെന്റിന്റെ വില്ലൻ വേഷങ്ങളും ഏറെ ശ്രദ്ധേയം. അതേസമയം തന്നെ കാബൂളിവാലയിലെ "കന്നാസ്', ജഗതിയുടെ "കടലാസി'നൊപ്പം മലയാളികളെയാകെ കരയിപ്പിക്കുകയും ചെയ്തു.
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഏതൊരു വിഷയത്തെയും നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ ഇന്നസെന്റിനോളം കഴിവുള്ളവർ അപൂർവം. സ്വന്തം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചു വിവരിക്കുന്നതുപോലും മറ്റുള്ളവരിൽ ചിരി പടർത്താൻ ഇടവരുത്തുന്ന രീതിയിലായിരുന്നു. പരാജയപ്പെട്ട ബാല്യകൗമാരങ്ങളും പല വേഷങ്ങൾ കെട്ടിയുള്ള അലച്ചിലും രാഷ്ട്രീയവും കച്ചവടവും നാടുവിടലും പട്ടിണിയും അതിനെല്ലാമിടയിൽ കണ്ടുമുട്ടിയവരുടെ ജീവിതങ്ങളും എല്ലാം ഹാസ്യത്തിൽ പൊതിഞ്ഞ് ഇന്നസെന്റ് അവതരിപ്പിക്കുന്നത് കേരളം കേട്ടു ശീലിച്ചുപോയതാണ്. "ചിരിക്കു പിന്നിൽ' എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ ഇന്നസെന്റിന്റെ ചിരിക്കു പിന്നിലുള്ള യഥാർഥ മുഖവും സങ്കടങ്ങളും നിറയുന്നുണ്ട്. ഒരിക്കലും ആരെയും ബോറടിപ്പിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയെ ദീർഘകാലം നയിച്ച ഇന്നസെന്റ് സംഘടനാ നേതൃത്വത്തിൽ കാഴ്ചവച്ച പാടവം എടുത്തുപറയേണ്ടതാണ്.
കാൻസർ പോലൊരു രോഗത്തോടു പൊരുതുമ്പോഴും അദ്ദേഹം പ്രകടിപ്പിച്ച തികഞ്ഞ ആത്മവിശ്വാസം മഹാരോഗം ബാധിച്ച എത്രയോ ആളുകൾക്ക് ജീവിക്കാനുള്ള പ്രത്യാശ പകർന്നു നൽകി. പത്തുവർഷം മുൻപ് കാൻസർ രോഗം തിരിച്ചറിഞ്ഞ അദ്ദേഹം കൃത്യമായ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്കു തിരിച്ചുവന്നത്. രോഗത്തെ മറികടക്കാനുള്ള ആത്മധൈര്യം അസാധാരണമായ തോതിൽ സംഭരിക്കാൻ കഴിഞ്ഞു അദ്ദേഹത്തിന്. കാൻസർകാലത്തെ അനുഭവങ്ങളെക്കുറിച്ചുള്ള "കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകവും ഇന്നസെന്റിന്റേതായിട്ടുണ്ട്. രോഗകാലം താണ്ടിയ കഥകളും കാര്യങ്ങളും നർമ്മത്തിൽ ചാലിച്ചു തന്നെ അദ്ദേഹം പറഞ്ഞു. ആൽഫ പെയ്ൻ ആൻഡ് പാലിയേറ്റിവ് എന്ന സംഘടനയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
2014ൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ഇന്നസെന്റ് 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമയുടെ മാന്ത്രിക ലോകത്ത് ഒതുങ്ങാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനങ്ങളിലും ഇങ്ങനെ പങ്കാളിയായി. ദേഹവിയോഗം കൊണ്ട് ഇല്ലാതാവുന്നതല്ല അതുല്യനായ ഈ കലാകാരന്റെ സംഭാവനകളും ഓർമകളും.