നിരവധിയാളുകൾ ചേർന്ന് ഒരാളെ മർദിച്ചു കൊലപ്പെടുത്തുക- എത്ര ഭീകരമായ അവസ്ഥയാണത്. ഒരാൾ കള്ളനാണ്, അല്ലെങ്കിൽ തങ്ങൾക്കു പിടിക്കാത്തതു ചെയ്യുന്നയാളാണ് എന്നു തോന്നിയാൽ നടുറോഡിലിട്ട് തല്ലിക്കൊല്ലുന്നതാണോ നമ്മുടെ രീതിയാവേണ്ടത്. ഏതെങ്കിലും സാഹചര്യത്തിൽ ആരുടെയെങ്കിലുമൊക്കെ സംശയത്തിന് ഇരകളായി മാറിയാൽ തങ്ങളെയും തല്ലിക്കൊല്ലുന്നത് ഇങ്ങനെ മർദിച്ചു കൊല്ലുന്നവർ സ്വയം ആലോചിച്ചു നോക്കണം. നാളെ ഞാനും ഈ നിലയിൽ മർദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യാം എന്നു തോന്നിയാൽ പിന്നെ ആൾക്കൂട്ട മർദനങ്ങളും കൊലപാതകങ്ങളും ഉണ്ടാവില്ല. തല്ലിച്ചതയ്ക്കുന്നവരെപ്പോലെ തല്ലുകൊള്ളുന്നവനും മനുഷ്യനാണെന്നു ചിന്തിക്കാൻ കഴിയാത്തവർ എങ്ങനെ മനുഷ്യത്വമുള്ളവരാകും. മനുഷ്യത്വമില്ലാത്ത സമൂഹമാണ് ഉണ്ടായിവരുന്നതെങ്കിൽ എന്താവും നാടിന്റെ സ്ഥിതി. ഒരു തരത്തിലും വച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ് ഈ പ്രവണത.
ആദ്യം മധുവായിരുന്നു; അട്ടപ്പാടിയിലെ പാവം ആദിവാസി യുവാവ്. കടുകുമണ്ണ ആദിവാസി ഊരിലെ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധുവിനെ കൈകൾ കൂട്ടിക്കെട്ടി നിർത്തിയാണു ജനക്കൂട്ടം അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. പിന്നീട് മറ്റൊരു ആദിവാസി യുവാവ് വിശ്വനാഥനെയും മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിചാരണ ചെയ്ത സംഭവമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളെജിലായിരുന്നു അത്. സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവരുടെ വിചാരണക്കു ശേഷം വിശ്വനാഥനെ പരിസരത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുടെ പ്രസവത്തിന് ഒപ്പം വന്ന വിശ്വനാഥൻ രോഗിയുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുമ്പോഴാണ് മറ്റൊരാളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് എടുത്തുവെന്ന് ആരോപിച്ച് ആൾക്കൂട്ടം കൈകാര്യം ചെയ്തത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിൽ മനംനൊന്ത് അയാൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞപ്പോഴും തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണെന്നു കുടുംബം ആരോപിച്ചിരുന്നു. എന്തായാലും വിശ്വനാഥന്റെ മരണത്തിന് ആൾക്കൂട്ട വിചാരണ കാരണമായിട്ടുണ്ടെന്നു കരുതണം.
ഇപ്പോഴിതാ മറ്റൊരാളെക്കൂടി മലയാളികൾ തല്ലിക്കൊന്നിരിക്കുന്നു. അതും മോഷണക്കുറ്റം ആരോപിച്ച്. ഏതാനും ദിവസം മുൻപ് കൊണ്ടോട്ടി കിഴിശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ആൾക്കൂട്ട ആക്രമണത്തിലെന്നു തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായിട്ടുമുണ്ട്. ബിഹാർ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മാധവ്പുര് കേഷോ സ്വദേശി രാജേഷ് മാഞ്ചി (36)യെയാണ് സംഘം ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയത്. ഈ സംഘത്തിൽപെട്ട ഒരാളുടെ വീട്ടുപരിസരത്ത് രാത്രി വൈകി സംശയാസ്പദ സാഹചര്യത്തിൽ കണ്ട രാജേഷിനെ മോഷണക്കുറ്റം ആരോപിച്ച് മാവിൻ കമ്പുകളും പൈപ്പും വടിയും എല്ലാം ഉപയോഗിച്ച് രണ്ടു മണിക്കൂറോളം തുടർച്ചയായി മർദിക്കുകയായിരുന്നു. കൈകൾ പുറകോട്ടു കെട്ടിയിരുന്നു. മോഷണ ശ്രമത്തിനിടെ വീടിന്റെ ടെറസില് നിന്നു വീണ് പരുക്കേറ്റാണു രാജേഷിന്റെ മരണമെന്നായിരുന്നു ഇവർ ആദ്യം പ്രചരിപ്പിച്ചത്. ദേഹമാസകലം മർദനമേറ്റാണ് രാജേഷ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. താൻ മോഷ്ടാവല്ലെന്ന് ഇയാൾ കരഞ്ഞു പറഞ്ഞിട്ടും ആൾക്കൂട്ടം മർദനം അവസാനിപ്പിച്ചില്ല. ഒടുവിൽ അനക്കമില്ലാതായപ്പോൾ ഇയാളെ വലിച്ചുകൊണ്ടുപോയി കുറച്ചകലെ റോഡിൽ കൊണ്ടുപോയിരുത്തി. പൊലീസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസം മുൻപാണ് തൃശൂർ കിള്ളിമംഗലത്ത് അടയ്ക്ക മോഷണം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവമുണ്ടായത്. മോഷണത്തിനു ശ്രമിച്ചയാളെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കെട്ടിയിട്ടു മർദിക്കുകയായിരുന്നു. ആൾക്കൂട്ടം നിയമം കൈയിലെടുത്ത് മർദിച്ച് അവശരാക്കുകയും കൊല്ലുകയും ചെയ്യുന്ന പ്രവണത തടയേണ്ടതുണ്ട്. അതിന് ഇത്തരക്കാർക്കെതിരേ പൊലീസ് കർശന നടപടിയെടുക്കണം. പൊലീസും നിയമവും ഒന്നും വേണ്ട, ഞങ്ങൾ കൈകാര്യം ചെയ്തോളാം എന്ന് ആൾക്കൂട്ടങ്ങൾ തീരുമാനിച്ചാൽ എന്താവും ഈ നാട്ടിലെ ക്രമസമാധാനപാലനം. ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും ഉത്തരേന്ത്യയിൽ മാത്രം കാണുന്നതാണ് എന്നു കരുതിയിരുന്നവർക്ക് അതല്ല കേരളവും അങ്ങനെയാവുകയാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതാണ്. മോഷണത്തിന്റെ പേരിൽ മാത്രമല്ല സദാചാരത്തിന്റെ പേരിലും ഗൂണ്ടകൾ മർദനം അഴിച്ചുവിടുന്നത് സമീപകാലത്തു കണ്ടിട്ടുണ്ട്. നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്ന് എല്ലാവരും മനസിലാക്കുക എന്നതാണ് ആവശ്യമായിട്ടുള്ളത്. അതല്ല, പൊലീസും കോടതിയും എല്ലാം ഞങ്ങൾ തന്നെ എന്നു കരുതുന്നവരുണ്ടെങ്കിൽ അവരെ നിയമപരമായി തന്നെ നിയമം പഠിപ്പിക്കേണ്ടതുണ്ട്.