അവസരവാദ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള നേതാവാണു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചുവടുമാറ്റവും അത്ഭുതപ്പെടുത്തുന്നതല്ല. തനിക്ക് അധികാരത്തിൽ ഒരു കുറവും ഉണ്ടാവരുത്. അതു മാത്രമാണ് നിതീഷിന്റെ ലക്ഷ്യം. തന്റെ സൗകര്യത്തിനനുസരിച്ച് ഓരോ സമയത്തും ഓരോ പക്ഷത്തു നിൽക്കുക എന്നതാണ്. രാഷ്ട്രീയ അടിയൊഴുക്കുകളും പിന്നാമ്പുറ നീക്കങ്ങളും മുൻകൂട്ടിക്കണ്ട് സുരക്ഷിതമായി അങ്ങോട്ടും ഇങ്ങോട്ടും മാറി സ്വന്തം നില ഭദ്രമാക്കുന്നതിൽ അസാമാന്യ വഴക്കം തന്നെയുണ്ട് അദ്ദേഹത്തിന്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ചെറിയ ഇടവേളയൊഴികെ രണ്ടു പതിറ്റാണ്ടായി നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നതും ഇങ്ങനെ മുന്നണി മാറിക്കളിച്ചാണ്.
അതിനെക്കാൾ ശ്രദ്ധേയമായിട്ടുള്ളത് ആർജെഡിയും കോൺഗ്രസും ബിജെപിയും നിതീഷിന്റെ അവസരവാദ രാഷ്ട്രീയത്തോടു സഹകരിക്കുന്നുണ്ട് എന്നതാണ്. ബിജെപിയെ വിട്ടുവരുമ്പോൾ ആർജെഡിയും കോൺഗ്രസും ഒരു മടിയുമില്ലാതെ സ്വീകരിക്കും. തിരിച്ചു ചെല്ലുമ്പോൾ ബിജെപി ഇരുകൈയും നീട്ടി എതിരേൽക്കും. ഒപ്പം ആരു നിന്നാലും മുഖ്യമന്ത്രിക്കസേര നിതീഷിന്! ഇപ്പോഴത്തെ ബിഹാർ നിയമസഭയിൽ 44 അംഗങ്ങൾ മാത്രമാണു നിതീഷിന്റെ ഐക്യ ജനതാദളിന് (ജെഡിയു) ഉള്ളത്. 243 അംഗ സഭയിൽ ആർജെഡിക്ക് 79 പേരുണ്ട്. 78 എംഎൽഎമാരാണു ബിജെപിക്കുള്ളത്. എന്നാൽ, മുഖ്യമന്ത്രിസ്ഥാനം നിതീഷ് കുമാറിനു നൽകി അധികാരം പങ്കിടാൻ രണ്ടു കക്ഷികളും മടി കാണിച്ചിട്ടില്ല. തലേദിവസം വരെ തള്ളിപ്പറഞ്ഞ നേതാവിനെ അടുത്ത സുപ്രഭാതത്തിൽ മുഖ്യമന്ത്രിക്കസേരയിലേക്ക് ആനയിക്കുകയാണ്!
ഒന്നര വർഷം മുൻപാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച് ആർജെഡി- കോൺഗ്രസ് സഖ്യത്തിലേക്കു വന്നത്. അന്നു മുതലുള്ള പരിശ്രമം കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിനു ഭരണത്തുടർച്ച നൽകാതിരിക്കാനായിരുന്നു. അതിനു വേണ്ടി നിതീഷ് തന്നെ മുൻകൈയെടുത്തു രൂപവത്കരിച്ചതാണ് "ഇന്ത്യ' സഖ്യം. ഈ സഖ്യം വിട്ടാണ് ഇപ്പോൾ വീണ്ടും ബിജെപിയോടു ചേർന്നിരിക്കുന്നത്. "ഇന്ത്യ' സഖ്യത്തിന്റെ മുഖ്യസൂത്രധാരൻ തന്നെ ബിജെപി പക്ഷത്തെത്തി എന്നതാണു വിരോധാഭാസം. കോൺഗ്രസിനെയും മറ്റു ബിജെപി ഇതര കക്ഷികളെയും ഒരുമിപ്പിച്ചു നിർത്താൻ തനിക്കു കഴിയുമെന്ന പ്രതീക്ഷ വളർത്തിയ നേതാവായിരുന്നു നിതീഷ്. ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാനുള്ള ആദ്യ യോഗം കഴിഞ്ഞവർഷം ജൂണിൽ നിതീഷിന്റെ നേതൃത്വത്തിൽ പാറ്റ്നയിലാണു നടന്നത്. കോൺഗ്രസിന്റെയും ഇടതു കക്ഷികളുടെയും നേതാക്കൾ അടക്കം 17 പാർട്ടികളുടെ പ്രതിനിധികളാണ് അന്നത്തെ യോഗത്തിൽ പങ്കെടുത്തത്. ബിജെപിയെ തോൽപ്പിക്കാനുള്ള മുന്നണിയെക്കുറിച്ച് അന്ന് ഏറെ വാചാലനായി നിതീഷ് കുമാർ.
പിന്നീടും എത്രയോ വട്ടം "ഇന്ത്യ' മുന്നണിയുടെ പ്രധാന നേതാവെന്ന നിലയിൽ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹം. പക്ഷേ, തനിക്കു പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ആവില്ലെന്നു ബോധ്യമായതോടെ വീണ്ടും ബിജെപിയുടെ താവളം തേടി. മുഖ്യമന്ത്രിക്കസേരയിൽ ആർജെഡി ലക്ഷ്യമിട്ടിട്ടുണ്ടെന്ന ആശങ്കയും കളം മാറിച്ചവിട്ടാൻ നിതീഷിനെ പ്രേരിപ്പിച്ചുകാണും. "ഇന്ത്യ' സഖ്യം വേണ്ടവിധത്തിൽ കരുത്താർജിച്ചിട്ടില്ല. കോൺഗ്രസും പ്രാദേശിക കക്ഷികളും തമ്മിലുള്ള വടംവലി മുന്നണിയെ തളർത്തുകയാണ്. ഇതിനിടയിൽ നിതീഷിന്റെ ചുവടുമാറ്റം പ്രതിപക്ഷ മുന്നണിക്കു കനത്ത പ്രഹരം തന്നെയാവും. 40 ലോക്സഭാ സീറ്റുകളാണ് ബിഹാറിലുള്ളത്. ഇതിൽ 39 സീറ്റും കഴിഞ്ഞ തവണ ജെഡിയു- ബിജെപി- എൽജെപി സഖ്യം തൂത്തുവാരിയതാണ്. ജെഡിയുവിന്റെ തിരിച്ചുവരവോടെ ബിഹാറിൽ ബിജെപിയുടെ പ്രതീക്ഷകൾ വീണ്ടും സജീവമാകുകയാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ സാധ്യതകൾ മുതലെടുക്കുകയാണു ബിജെപിയുടെ ലക്ഷ്യം. കാലുമാറി വരുന്നവരെ സ്വീകരിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും കൈക്കൊള്ളുന്ന സമീപനം ഇതു തന്നെയാണ്.