ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ, തട്ടിപ്പാണെന്നു തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള കൃത്രിമ വിഡിയോകളും ചിത്രങ്ങളും സംഭാഷണങ്ങളും ഒക്കെ സൃഷ്ടിച്ചെടുക്കുന്ന ""ഡീപ് ഫേക് സാങ്കേതിക വിദ്യ'' ലോകത്തിനു വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുകയും മാനഹാനിയും കഷ്ടനഷ്ടങ്ങളും വരുത്തിവയ്ക്കുകയും ചെയ്യുന്ന ഡീപ് ഫേക്ക് വിഡിയോകളും ഫോട്ടൊകളും വ്യാപകമായാൽ സമൂഹത്തിന്റെ സ്വസ്ഥതയാണു നഷ്ടപ്പെടുക. തട്ടിപ്പുകാർ ആരെയൊക്കെയാണ് മോർഫിങ്ങിന് ഇരയാക്കുകയെന്നു പറയാനാവില്ല. ഇപ്പോൾ കൂടുതലും സെലിബ്രിറ്റികളാണു കുടുങ്ങുന്നത്. ഭാവിയിൽ ഒരുപക്ഷേ, ഡീപ് ഫേക്കിന്റെ ഇരയായി നമ്മൾ ഓരോരുത്തരും മാറിക്കൂടായ്കയില്ല. സമൂഹത്തിൽ പരസ്പരമുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്താൻ ആധുനിക സാങ്കേതിക വിദ്യ കാരണമാവുമോ എന്നു ഭയപ്പെടുന്നവരുണ്ട്. അതുകൊണ്ടാണ് ഇത്തരം തട്ടിപ്പുകൾക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉയരുന്നതും.
ഡീപ് ഫേക് വിഡിയോകൾക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കേന്ദ്ര സർക്കാർ ഈ വിഷയം ഗൗരവത്തോടെ കാണുന്നുണ്ട് എന്നതിന്റെ സൂചനയാണ്. രാജ്യം നേരിടുന്ന വലിയ ഭീഷണിയാണ് ഡീപ് ഫേക്കുകൾ എന്നാണു മോദി പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരേ ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡീപ് ഫേക് വിഡിയോകളിൽ ഇരയാക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകണമെന്നും മാധ്യമങ്ങൾ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കണമെന്നും ഐടി നിയമങ്ങൾ പ്രകാരമുള്ള പരിഹാരം തേടണമെന്നും പ്രധാനമന്ത്രി നിർദേശിക്കുകയുണ്ടായി.
ഇത്തരം കൃത്രിമ വിഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ വൻ തുക പിഴയായി ഈടാക്കുമെന്ന് അടുത്തിടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഡീപ് ഫേക് വിഡിയോകൾ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരു ലക്ഷം രൂപ വരെ പിഴയും മൂന്നു വർഷം തടവും ലഭിക്കുമെന്നാണു കേന്ദ്ര സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുള്ളത്. ഡിജിറ്റൽ മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തുകയുണ്ടായി. നടി രശ്മിക മന്ദാനയുടെ ഇത്തരത്തിലുള്ള വ്യാജ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നായിരുന്നു ഇത്. യഥാർഥത്തിലുള്ള വിഡിയോയിലെ സ്ത്രീയുടെ മുഖത്തിന്റെ സ്ഥാനത്ത് രശ്മികയുടെ മുഖം ചേർത്തുവച്ചാണ് ഈ വ്യാജ വിഡിയോ സൃഷ്ടിച്ചിരുന്നത്. പല സെലിബ്രിറ്റികളുടെയും ഇതുപോലുള്ള വിഡിയോകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അതിൽ പലതും അവഹേളിക്കുന്നതും മാനഹാനി വരുത്തുന്നതുമാവാം. താരങ്ങളെ മാത്രമല്ല, രാഷ്ട്രീയ നേതാക്കളെയും മറ്റു പ്രമുഖ വ്യക്തികളെയും എല്ലാം ഇത്തരത്തിൽ മോർഫ് ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. അതൊരു തമാശയെന്ന മട്ടിൽ മാത്രമാവുന്നില്ല. പ്രത്യേക ലക്ഷ്യങ്ങളോടെ ആളുകളെ ഇകഴ്ത്തിക്കാണിക്കാനും വഴിതെറ്റിക്കാനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടാം. ലോകവ്യാപകമായി ഇതിന്റെ ഭീഷണി ചർച്ചാ വിഷയവുമാണ്.
രാജ്യത്ത് വ്യാജ വിവരങ്ങൾ പ്രചരിക്കുന്നതിനെതിരേ നടപടിയെടുക്കാനുള്ള ബാധ്യത സോഷ്യൽ മീഡിയ കമ്പനികൾക്കുണ്ടെന്ന് ഐടി മന്ത്രി ഓർമിപ്പിക്കുന്നുണ്ട്. ഡീപ് ഫേക്കുകളെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചാൽ 36 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യണമെന്നാണ് ഇൻസ്റ്റഗ്രാം, എക്സ്, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികളോടു നിർദേശിച്ചിരിക്കുന്നത്. അതിശക്തമായ നടപടികളുണ്ടായില്ലെങ്കിൽ ഇത്തരം വ്യാജ വിഡിയോകളുടെ പ്രചാരണം നിയന്ത്രിക്കപ്പെടില്ലെന്നുറപ്പാണ്. എന്തിന് പ്രധാനമന്ത്രിയുടെ പോലും ഡീപ് ഫേക്കുകൾ പ്രചരിക്കുന്ന കാലമാണിത്. താന് ഗർബ നൃത്തം ചെയ്യുന്നതായുള്ള ഒരു വിഡിയോ ശ്രദ്ധയില്പ്പെട്ടെന്നും എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അതെന്നും മോദി തന്നെ പറഞ്ഞല്ലോ.
അശ്ലീലം പ്രചരിപ്പിക്കുന്നവർക്കും പ്രതികാരം തീർക്കാനിറങ്ങുന്നവർക്കും സ്വാർഥ താത്പര്യങ്ങൾ നേടിയെടുക്കാൻ വളഞ്ഞ വഴികൾ തേടുന്നവർക്കും ഡീപ് ഫേക് ആയുധമാവുകയാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം ഉയരുന്ന ഇത്തരം ഭീഷണികളെ അതിജീവിച്ചേ കാലത്തിനു മുന്നോട്ടുപോകാനാവൂ. ദൈനംദിന ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവുണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്. ഒരുപാടു മേന്മകൾ അതിനു പറയാനുണ്ടാവും. അതേസമയം തന്നെയാണ് അതുയർത്താവുന്ന ഭീഷണികളെക്കുറിച്ചുള്ള ബോധവത്കരണവും ആവശ്യമായി വരുന്നത്. നിർമിതബുദ്ധി വഴിതെറ്റിപ്പോകുന്നതു നിയന്ത്രിക്കാൻ കർശനമായ നിയമങ്ങൾ തന്നെ വേണ്ടിവരും.