നിയമലംഘനങ്ങൾ ഒഴിവാക്കി സംസ്ഥാനത്തെ റോഡ് യാത്രകൾ പരമാവധി സുരക്ഷിതമാക്കാനുള്ള പരിശ്രമങ്ങളിലെ പ്രധാന നടപടിയാണ് ഇന്നു പ്രാബല്യത്തിലാവുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ പ്രധാന റോഡുകളിലെ പല ഭാഗങ്ങളിലായി പ്രവർത്തിച്ചു തുടങ്ങുമ്പോൾ നിയമലംഘനങ്ങൾക്കു കനത്ത പിഴ തന്നെ വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർ നൽകേണ്ടിവരും. സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള അത്യാധുനിക നിരീക്ഷണ ക്യാമറകൾ എവിടെ നിയമലംഘനം പിടിച്ചാലും അതിന് അനുശാസിക്കുന്ന പിഴയൊടുക്കേണ്ടിവരും. ഒരു ദിവസം ഒരു തവണയേ പിഴ ഈടാക്കൂ എന്ന തെറ്റിദ്ധാരണ വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നുണ്ട്. എത്ര തവണ നിയമ ലംഘനം കണ്ടെത്തിയാലും അതിനൊക്കെ പിഴ അടയ്ക്കണം.
ഹെൽമറ്റില്ലാതെ യാത്ര ചെയ്താൽ 500 രൂപയാണു പിഴ. രണ്ടു ക്യാമറകൾ ഹെൽമറ്റില്ലാതെയുള്ള നിങ്ങളുടെ യാത്ര ഒരു ദിവസം പിടികൂടിയാൽ 1,000 രൂപ പിഴയായി നൽകാനുള്ള നിർദേശങ്ങളെത്തും. ഇതുപോലെ തന്നെയാണ് മറ്റു നിയമലംഘനങ്ങളും. നിയമം ലംഘിക്കുന്നത് പിടികൂടുന്ന ക്യാമറകളെല്ലാം പിഴ ഈടാക്കണമെന്ന സന്ദേശം കൺട്രോൾ റൂമിലേക്കു നൽകുകയാണു ചെയ്യുന്നത്. ഏതായാലും ഒരിടത്തു പിടിച്ചു, ഇനി ഇന്നു നിയമം നോക്കാതെ തന്നെ പോകാം എന്നു കരുതിയാൽ അത് പോക്കറ്റിനു ചോർച്ചയുണ്ടാക്കും. ഇത്തരത്തിലുള്ള കർശനമായ നിരീക്ഷണവും പിഴ ഈടാക്കൽ നടപടികളും കേരളത്തിലെ റോഡുകളിലെ അച്ചടക്കമില്ലായ്മയ്ക്ക് അന്ത്യം കുറിക്കുന്നുവെങ്കിൽ അത് ഗതാഗത വകുപ്പിന്റെ എടുത്തുപറയാവുന്ന നേട്ടമായി മാറും. കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിത വേഗത്തിൽ യാത്ര ചെയ്യുക, ട്രാഫിക് സിഗ്നൽ തെറ്റിക്കുക, മഞ്ഞവര മറികടക്കുക, അനധികൃതമായി പാർക്ക് ചെയ്യുക, അപകടകരമായി ഓവർടേക്ക് ചെയ്യുക തുടങ്ങി അനുവദനീയമല്ലാത്ത കാര്യങ്ങൾ ചെയ്യാനൊരുങ്ങുമ്പോഴെല്ലാം പിഴയെക്കുറിച്ച് ഓർമ വരുന്നത് റോഡിൽ അച്ചടക്കം പാലിക്കുന്നതിനു സഹായകരമാവും. അതു നമ്മുടെ തന്നെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. ആ നിലയ്ക്ക് നല്ല ലക്ഷ്യം മുൻനിർത്തിയുള്ള നടപടിയായി ഇതിനെ കാണാവുന്നതാണ്.
ക്യാമറയുള്ള സ്ഥലങ്ങളിൽ മാത്രമല്ല ഏതു റോഡിലും നിയമലംഘനത്തിനു തുനിയാതിരിക്കാനാണ് ഓരോ ഡ്രൈവറും ശ്രദ്ധിക്കേണ്ടത്. ക്യാമറയില്ലാത്തിടത്ത് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ശീലിക്കാതിരുന്നാൽ ക്യാമറയുള്ളിടത്തു വരുമ്പോഴും അതിന്റെ കണ്ണുകളിൽ പെട്ടുപോകാനുള്ള സാധ്യതയുണ്ട്. അതായത് റോഡിൽ ഇറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് ഓർമിപ്പിക്കുകയാണ് ഇത്തരം ക്യാമറകൾ. റോഡിലിറങ്ങിയാൽ പിഴയടച്ച് മുടിയുമോ എന്ന് ആശങ്കപ്പെടുകയല്ല, നിയമം ലംഘിക്കില്ലെന്നു സ്വയം തീരുമാനിക്കുകയാണു വേണ്ടത്. അങ്ങനെയാവുമ്പോൾ മോട്ടോർ വാഹന വകുപ്പിനെയും അവരുടെ അത്യാധുനിക ഉപകരണങ്ങളെയും ഭയപ്പെടേണ്ടതില്ല. സ്ഥിരമായി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികളുണ്ടാവുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. പിഴയിനത്തിൽ പണം പോവുമെന്നതു മാത്രമല്ല നിയമലംഘനങ്ങളുടെ ഫലമെന്നു സാരം. തുടർച്ചയായി പിഴയൊടുക്കാതെ മുങ്ങിനടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പുതിയ ക്യാമറകൾ പ്രവർത്തനക്ഷമമാവുന്നതോടെ വാഹനം തടഞ്ഞുള്ള പരിശോധനകളാണ് ഒഴിവാകുന്നത്. ക്യാമറകൾ പിഴവുകൾ കണ്ടെത്തുമ്പോൾ അതു യാത്രകളെ തടസപ്പെടുത്തുന്നില്ല. എന്നാൽ, വാഹനം തടഞ്ഞുള്ള പരിശോധനകൾ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇത്തരം പരിശോധനകളിൽ നിന്നു രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായി അമിത വേഗത്തിൽ പാഞ്ഞും മറ്റും അപകടങ്ങളുണ്ടാകുന്നതും പതിവാണ്. ചില ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നുവെന്നു പരാതിയും ഉയരാറുണ്ട്. വാഹനങ്ങൾ നിർത്തിയിടുന്നതു മൂലം ഗതാഗത തടസവും ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാമുള്ള മോചനമാണ് ക്യാമറകൾ വഴിയുള്ള നിരീക്ഷണം. അതിനായി സർക്കാർ ചെലവഴിക്കുന്നതു കോടിക്കണക്കിനു രൂപയാണ്. അതിനു നല്ല ഫലം ഉണ്ടാവണമെങ്കിൽ ക്യാമറകളുടെയും ബന്ധപ്പെട്ട ഓഫിസുകളുടെയും ഉദ്യോഗസ്ഥരുടെയും എല്ലാം പ്രവർത്തനം ഫലപ്രദമായിരിക്കണം. ആരംഭശൂരത്വം മാത്രമല്ല ഇക്കാര്യത്തിലുണ്ടാവേണ്ടത്. അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടികൂടാൻ അടക്കം ഇതിനു മുൻപും നിരവധി ക്യാമറകൾ ദേശീയ, സംസ്ഥാന പാതകളിൽ വച്ചിട്ടുണ്ടെങ്കിലും അവയിൽ പലതും പലപ്പോഴും പ്രവർത്തിക്കാറില്ലെന്നു പരാതി ഉയരാറുള്ളതാണ്.
സംസ്ഥാന സർക്കാർ 2014ൽ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള വേഗപരിധി വച്ചാണ് എഐ ക്യാമറകൾ പിഴ ഈടാക്കുകയെന്നാണു പറയുന്നത്. എന്നാൽ, ദേശീയപാതകളിൽ അടക്കം വേഗപരിധി വർധിപ്പിച്ചുകൊണ്ട് 2018ൽ കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ വർധിച്ച വേഗപരിധി ക്യാമറകൾക്കു ബാധകമാവുന്നില്ലെന്നത് സാങ്കേതിക പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. എത്രയും വേഗം പുതുക്കിയ വിജ്ഞാപനം ഇറക്കി ഇതുസംബന്ധിച്ച ആശയക്കുഴപ്പം മാറ്റാൻ സംസ്ഥാന സർക്കാരിനു കഴിയേണ്ടതാണ്. കേന്ദ്ര വിജ്ഞാപനം അനുസരിച്ചുള്ള വേഗപരിധി പാലിക്കുന്നവർ സംസ്ഥാനത്തിന്റെ പഴയ വേഗപരിധി നിർദേശം ലംഘിച്ചു എന്ന പേരിൽ പിഴ നൽകേണ്ടിവരുന്നതിൽ അന്യായം ആരോപിക്കപ്പെടാവുന്നതാണ്.