കേന്ദ്ര സർക്കാരിന്റെ നയതന്ത്ര വിജയത്തിലൂടെ വലിയൊരാശ്വാസം രാജ്യത്തിനുണ്ടായിരിക്കുന്നു. ചാരവൃത്തിക്കേസിൽ അറസ്റ്റിലായി ഒന്നര വർഷത്തോളം ഖത്തറിലെ ജയിലിൽ തടവിൽ കഴിഞ്ഞ മലയാളി അടക്കം എട്ട് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ മോചിപ്പിച്ചിരിക്കുന്നു. അവരിൽ ഏഴു പേർ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുമുണ്ട്. വധശിക്ഷ വിധിക്കപ്പെട്ട കേസിൽ കേന്ദ്ര സർക്കാർ ഇടപെടൽ മൂലം പിന്നീട് ഇളവു ലഭിക്കുകയും ഇപ്പോൾ മോചനം സാധ്യമാവുകയുമാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപെടൽ കൊണ്ടാണ് തങ്ങൾക്കു ജീവനും ജീവിതവും തിരിച്ചുകിട്ടിയതെന്ന് രാജ്യത്തു തിരിച്ചെത്തിയ ഇവർ വ്യക്തമാക്കുകയുണ്ടായി. എട്ടു കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം വലിയ സന്തോഷമാണ് ഈ അവസരത്തിൽ നാം കാണുന്നത്. തടവിലാവുകയും വധശിക്ഷ വിധിക്കുകയും ചെയ്തപ്പോൾ ഇന്ത്യയിലെ ഇവരുടെ കുടുംബാംഗങ്ങൾ അനുഭവിച്ച മാനസിക സംഘർഷം പൂർണമായി ഇല്ലാതാവുന്നത് ഇപ്പോഴാണ്.
കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് ഖത്തറിലെ ഒരു കോടതി ഇവർക്കു വധശിക്ഷ വിധിച്ചത്. അതിനുശേഷം ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ ഡിസംബർ ഒന്നിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച വധശിക്ഷ റദ്ദാക്കുന്നതിൽ നിർണായകമായി. വിദേശകാര്യ മന്ത്രാലയത്തിന്റെ അപ്പീൽ കണക്കിലെടുത്ത് അപ്പീൽ കോടതി വധശിക്ഷ തടവുശിക്ഷയായി കുറച്ചത് ഡിസംബറിൽ തന്നെയായിരുന്നു. പിന്നീടും ഇവരുടെ മോചനത്തിനുള്ള പരിശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർന്നുവന്നു. അതാണിപ്പോൾ വിജയത്തിലെത്തിയിരിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധങ്ങളിൽ ഒരു തരത്തിലുള്ള വിള്ളലും ഉണ്ടാവരുതെന്ന് ഖത്തർ ആഗ്രഹിക്കുന്നുണ്ടാവും. ഇരു രാജ്യങ്ങളും തമ്മിലുള്ള വളരെയടുത്ത ഉഭയകക്ഷി ബന്ധം അതുപോലെ തുടരണമെന്ന് സ്വാഭാവികമായി ഇന്ത്യയും ആഗ്രഹിക്കും.
ഇന്ന് ആരംഭിക്കുന്ന യുഎഇ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറും സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനത്തിൽ അമീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണു റിപ്പോർട്ടുകൾ. അതിനു തൊട്ടുമുൻപാണ് മുൻ നാവികരുടെ മോചനം ഉണ്ടായിരിക്കുന്നത്. അമീറിന്റെ കാരുണ്യത്തിന് പ്രധാനമന്ത്രി അദ്ദേഹത്തോടു നന്ദി പറയുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കമാൻഡർമാരടക്കമുള്ള നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരെയാണ് മറ്റൊരു രാജ്യത്തുവച്ച് ചാരവൃത്തിക്കേസിൽ അറസ്റ്റു ചെയ്തത്. വളരെ ഗൗരവമുള്ള ആരോപണത്തെ ആ അർഥത്തിൽ തന്നെ കാണാനും നടപടികൾ സ്വീകരിക്കാനും നയതന്ത്ര വിജയം നേടാനും നമുക്കായി.
നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ദോഹയിലെ ഒരു സൈനിക പരിശീലന കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ് കുറ്റക്കാരെന്ന് ആരോപിച്ച് ഖത്തർ അറസ്റ്റു ചെയ്ത എട്ടു പേരും. 2022 ഓഗസ്റ്റിൽ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത ഇവർക്ക് അവിടുത്തെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണു വധശിക്ഷ വിധിച്ചത്. ഖത്തർ നാവിക സേനയ്ക്കു വേണ്ടി ഇറ്റാലിയൻ കമ്പനി നിർമിക്കുന്ന അന്തർവാഹിനിയുടെ വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നായിരുന്നു ആരോപണം. അറസ്റ്റിലായതിനു പിന്നാലെ തന്നെ ഇവരുടെ മോചനത്തിന് കേന്ദ്ര സർക്കാർ ശ്രമം ആരംഭിക്കുകയും ചെയ്തു. മോദി സർക്കാരിനു മുന്നിലുള്ള പ്രധാന നയതന്ത്ര വെല്ലുവിളിയാണ് ഇതെന്നു പലരും ചൂണ്ടിക്കാണിച്ചിരുന്നതാണ്.
സർക്കാർ തലത്തിൽ ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുള്ള ബന്ധമാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ളത്. നരേന്ദ്ര മോദിയുടെ 2016ലെ ഖത്തർ സന്ദർശനം ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വർധിപ്പിക്കുന്നതിനു പല കരാറുകളും ആ സന്ദർശനത്തിൽ ഒപ്പുവയ്ക്കുകയുണ്ടായി. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, നൈപുണ്യ വികസനം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഈ കരാറുകൾ ഊർജം പകരുന്നുണ്ട്. ശക്തമായ വാണിജ്യ ബന്ധങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ഏറ്റവുമധികം ഇന്ത്യക്കാർ പ്രവാസികളായി എത്തിയിട്ടുള്ള രാജ്യങ്ങളിലൊന്നുമാണു ഖത്തർ. എട്ടു ലക്ഷത്തോളം ഇന്ത്യക്കാരാണ് അവിടെയുള്ളത്. അതിൽ തന്നെ അര ലക്ഷത്തോളം മലയാളികളുണ്ട്. ഖത്തർ അടക്കം ഗൾഫ് രാജ്യങ്ങളുമായുള്ള സൗഹൃദത്തിന് യാതൊരു കോട്ടവും വരാതിരിക്കേണ്ടത് മലയാളികൾ അടക്കം ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.