വരകളിലെ സ്വന്തം ശൈലിയിലൂടെ ചിത്രകലാ രംഗത്ത് ഉന്നതമായ സ്ഥാനം അലങ്കരിച്ച ആർട്ടിസ്റ്റ് നമ്പൂതിരി, അനുപമമായ ലൈൻ സ്കെച്ചുകൾ വരാനിരിക്കുന്ന തലമുറകൾക്കും വിലപ്പെട്ട സമ്മാനമായി ബാക്കിവച്ചുകൊണ്ടാണ് ഈ ലോകത്തു നിന്ന് യാത്രയായത്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ സൃഷ്ടികൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ താരതമ്യങ്ങളില്ലാത്ത വിധം ജനപ്രിയമായിരുന്നു. മലയാള സാഹിത്യത്തറവാട്ടിലെ എക്കാലത്തെയും തലയെടുപ്പുള്ള എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, തകഴി ശിവശങ്കരപ്പിള്ള, എസ്.കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരുടെയെല്ലാം സാഹിത്യ രചനകൾക്കൊപ്പം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് അവയ്ക്കായി നമ്പൂതിരി വരച്ച ചിത്രങ്ങൾ.
സാഹിത്യ രചനകളുടെ ആസ്വാദനതലം ഉയർത്തുന്നതിന് അദ്ദേഹത്തിന്റെ വര വലിയ തോതിൽ സഹായിച്ചു. രണ്ടാമൂഴത്തിൽ തന്റെ ഭീമനെയല്ല, നമ്പൂതിരിയുടെ ഭീമനെയാണു വായനക്കാർ കണ്ടതെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് കേമമായിരുന്നു രണ്ടാമൂഴത്തിനു വേണ്ടി നമ്പൂതിരി വരച്ച ഓരോ ചിത്രങ്ങളും. ലൈൻ സ്കെച്ചുകളുടെ "പരമശിവൻ' എന്നാണ് വികെഎൻ നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. വികെഎന്നിന്റെ പിതാമഹൻ, പയ്യൻ കഥകൾ തുടങ്ങിയവയ്ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങൾ വളരെയേറെ ശ്രദ്ധയാകർഷിച്ചവയാണ്. പ്രശസ്തങ്ങളായ പല കഥാപാത്രങ്ങളെയും മലയാളി മനസിൽ കരുതുന്നത് സാധാരണയിൽ കവിഞ്ഞ ഉയരമുള്ള നമ്പൂതിരിയുടെ വരകളിലൂടെയാണ്. നമ്പൂതിരിയുടെ സ്കെച്ച് പോലെ മനോഹരമെന്ന് ഒരു ചൊല്ലുപോലുമുണ്ട്.
പൊന്നാനിയിലെ തറവാട്ടു ചുവരിൽ കുട്ടിക്കാലത്ത് കരിക്കട്ട കൊണ്ടു വരച്ചുവച്ച ചിത്രങ്ങളിൽ നിന്നാണ് ആർട്ടിസ്റ്റ് നമ്പൂതിരിയിലേക്കുള്ള കെ.എം. വാസുദേവൻ നമ്പൂതിരിയുടെ വളർച്ച. ക്ഷേത്ര ശിൽപ്പങ്ങളുടെ സ്വാധീനം കുട്ടിക്കാലത്ത് അദ്ദേഹത്തെ ചിത്ര-ശിൽപ്പ കലകളിലേക്ക് ആകർഷിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണന് നമ്പൂതിരി മദ്രാസ് ഫൈൻ ആർട്സ് കോളെജിലെത്തിച്ചതാണു വഴിത്തിരിവായത്. അവിടെ അതിപ്രഗത്ഭ ചിത്രകാരൻ കെ.സി.എസ്. പണിക്കരുടെ ശിഷ്യനായി അദ്ദേഹത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു വളർച്ച. പാശ്ചാത്യ സ്വാധീനത്തിന്റെ പിടിയിൽ നിന്ന് ചിത്രരചനയെ ഇന്ത്യൻ ശൈലിയിലേക്കു നയിച്ച കെസിഎസിന്റെ പുരോഗമന പാതയിലാണു നമ്പൂതിരിയും സഞ്ചരിച്ചത്. ഡി.പി. റോയ് ചൗധരി, എസ്. ധനപാൽ തുടങ്ങിയ പ്രഗത്ഭരിൽ നിന്നും നമ്പൂതിരി പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പഠനത്തിനു ശേഷം നാട്ടിലെത്തി മാതൃഭൂമിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലും ജോലി ചെയ്തു.
1960കളിൽ തുടങ്ങി 2010 വരെ വളരെ ശ്രദ്ധേയമായ സാഹിത്യ രചനകൾക്ക് അദ്ദേഹം ഇല്ലസ്ട്രേഷനുകൾ ചെയ്തിട്ടുണ്ട്. ഇത്രയേറെ സുദീർഘമായ കാലത്ത് വേറിട്ട ശൈലിയുമായി നിറഞ്ഞു നിൽക്കാൻ കഴിയുക എന്നത് അസാധാരണ പ്രതിഭകൾക്കു മാത്രം കഴിയുന്നതാണ്. പരമ്പരാഗത ചിത്രകാരന്മാർ ആധിപത്യം പുലർത്തിയിരുന്ന സമയത്താണ് തന്റെ വേറിട്ട അതിസുന്ദരമായ സ്കെച്ചുകളിലൂടെ നമ്പൂതിരി മലയാളക്കരയിലെ ചിത്രകലയിലേക്കു കടന്നുവരുന്നത്. സമൂഹം ഒന്നാകെ അദ്ദേഹത്തിന്റെ വരകളെ കൈനീട്ടി സ്വീകരിച്ചു. രാജാ രവിവർമ പുരസ്കാരം അടക്കം ബഹുമതികൾ തേടിയെത്തി. കേരളത്തിന്റെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വശങ്ങളും ഉയർത്തിക്കാണിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.
കഥാപാത്രങ്ങളുടെ സവിശേഷതകൾ അറിഞ്ഞ്, അതിനൊത്ത ഭാവങ്ങൾ നിറച്ച് അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ചിത്രരചനാ രംഗത്തുള്ള എത്രയോ പേർ ഇന്ന് അദ്ദേഹത്തിന്റെ രീതിയുടെ ആരാധകരാണ്. ചിത്രരചനയിലെ ആചാര്യസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടാതെ ഇരിക്കാനായി അദ്ദേഹത്തിന്. ആനുകാലികങ്ങളിൽ ഇല്ലസ്ട്രേഷനുകൾക്ക് ഇത്രയേറെ പ്രാധാന്യം കൈവന്നതിനു പിന്നിലും ആർട്ടിസ്റ്റ് നമ്പൂതിരി തെളിച്ചിട്ട പാതയുണ്ട്. ലോഹത്തകിടിലും കളിമണ്ണിലുമൊക്കെയായി ശിൽപ്പങ്ങളും ചെയ്തിട്ടുണ്ട് ആർട്ടിസ്റ്റ് നമ്പൂതിരി. മോഹൻലാലിന്റെ ആഗ്രഹപ്രകാരം ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ്ങും പ്രശസ്തി നേടിയതാണ്. അരവിന്ദന്റെ ഉത്തരായനം, കാഞ്ചന സീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു. കേരള ലളിതകലാ അക്കാദമി അധ്യക്ഷനായിട്ടുണ്ട്. നേരിയ രേഖകളാൽ അത്ഭുതങ്ങൾ സൃഷ്ടിച്ച്, പല തലമുറകളിലുള്ള സാഹിത്യ വായനക്കാരുടെ മനസിൽ മായാത്ത ചിത്രകാരനായി മാറിയ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അമൂല്യമായ സംഭാവനകൾക്കു മുന്നിൽ ഈ നാട് എന്നും ശിരസ് നമിക്കും.