പ്രവചനങ്ങൾ പാളിപ്പോയ തെരഞ്ഞെടുപ്പു ഫലം | മുഖപ്രസംഗം 
Editorial

പ്രവചനങ്ങൾ പാളിപ്പോയ തെരഞ്ഞെടുപ്പു ഫലം | മുഖപ്രസംഗം

എക്സിറ്റ് പോൾ, ഒപ്പീനിയൻ പോൾ പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തുന്നതായി ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ യഥാർഥ ജനവിധി. കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്നു പ്രവചിക്കപ്പെട്ട ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത വൻ വിജയമാണ് അവിടെ ബിജെപിക്കുണ്ടായിരിക്കുന്നത്. അത് സംസ്ഥാനത്ത് പാർട്ടിയുടെ ഏറ്റവും മികച്ച വിജയവുമാണ്. 2014ൽ ഒറ്റയ്ക്ക് അധികാരത്തിലേറിയപ്പോൾ 90 അംഗ നിയമസഭയിൽ 47 സീറ്റുകൾ ബിജെപിക്കു ലഭിച്ചിരുന്നു. 2019ൽ അത് 40 സീറ്റുകളായി കുറഞ്ഞു. ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനതാ പാർട്ടിയുടെ പിന്തുണയോടെയാണ് അവർ ഭൂരിപക്ഷം ഉറപ്പിച്ചത്. ഇത്തവണ വീണ്ടും ഒറ്റയ്ക്കു ഭൂരിപക്ഷത്തിലെത്തി എന്നു മാത്രമല്ല നില മെച്ചപ്പെടുത്തുകയും ചെയ്തു.

അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തു ബിജെപിക്കെതിരേയുണ്ട് എന്നതായിരുന്നു പല നിരീക്ഷകരും കണക്കുകൂട്ടിയിരുന്നത്. കോൺഗ്രസിന്‍റെ പ്രതീക്ഷയും അതായിരുന്നു. ഇന്നലെ വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ 60ൽ ഏറെ മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നിൽ നിൽക്കുന്നു എന്നുവരെ റിപ്പോർട്ടുകളുണ്ടായിരുന്നതാണ്. കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഘോഷ പ്രകടനങ്ങളും ആരംഭിച്ചു. എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ ബിജെപി തിരിച്ചുക‍യറുകയായിരുന്നു. തുടർച്ചയായി 10 വർഷം ഭരിച്ച ശേഷം ജനവിധി നേടി മൂന്നാംവട്ടവും ഒരു പാർട്ടി ഹരിയാനയിൽ അ‍ധികാരത്തിലെത്തുന്നതു ചരിത്രത്തിൽ ആദ്യമാണ്. അങ്ങനെയൊരു റെക്കോഡ് തിളക്കത്തിലേക്ക് പാർട്ടിയെ നയിച്ച ഇപ്പോഴത്തെ മുഖ്യമന്ത്രി നയാബ് സിങ് സെയ്നി അടക്കം നേതാക്കൾക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണിത്. ഒമ്പതു വർഷത്തിലേറെ കാലവും മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടറിന്‍റെ സർക്കാരിനെതിരേ ജനവികാരം ഉയരുന്നു എന്ന ആശങ്കയിലാണ് തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം മുൻപ് ഭരണത്തിൽ പാർട്ടി പൊളിച്ചെഴുത്തു നടത്തിയത്. കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി പല വിഷയങ്ങളും ബിജെപിക്ക് എതിരാവുമെന്നു വിലയിരുത്തലുകളുണ്ടായി. എന്നാൽ, ഖട്ടറിനു പകരം മുഖ്യമന്ത്രിസ്ഥാനത്തെത്തിയ സെയ്നിക്ക് തകർപ്പൻ വിജയത്തിലേക്കു പാർട്ടിയെ നയിക്കാൻ കഴിഞ്ഞിരിക്കുകയാണ്.

ഗ്രൂപ്പ് വഴക്കുകൾ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രശ്നമായിരുന്നു ഹരിയാനയിൽ. അതൊക്കെ അതിജീവിക്കാൻ ബിജെപിക്കു കഴിഞ്ഞപ്പോൾ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ എന്തുമാത്രം ബാധിച്ചുവെന്ന് കോൺഗ്രസിനു പരിശോധിക്കേണ്ടിവരും. മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയുടെ രാഷ്‌ട്രീയ ഭാവിയും ഇതോടെ ഇരുളിലാവുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും 5 സീറ്റ് വീതം പങ്കിട്ട സംസ്ഥാനമാണു ഹരിയാന. വോട്ട് വിഹിതത്തിൽ നേരിയ മുൻതൂക്കവും കോൺഗ്രസിനുണ്ടായിരുന്നു. ഈ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു കോൺഗ്രസിന്. അതു ചോർന്നത് ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന്‍റെ ആത്മവിശ്വാസം ഇടിച്ചേക്കാം. വരാനിരിക്കുന്ന മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിയെ മൊത്തത്തിൽ ഇതു ബാധിച്ചെന്നുവരാം. ഹരിയാനയിൽ സഖ്യസാധ്യതകൾ പൊളിച്ചതിന്‍റെ പഴിയും കോൺഗ്രസിനു കേൾക്കേണ്ടിവന്നേക്കാം. ഹൂഡയുടെ അമിതമായ ആത്മവിശ്വാസം തിരിച്ചടിയായിട്ടുണ്ടെന്നു കരുതുന്നവരുണ്ട്. എഎപിക്കോ പ്രാദേശിക കക്ഷികൾക്കോ കാര്യമായ സ്വാധീനം ഈ തെരഞ്ഞെടുപ്പിൽ ചെലുത്താനായിട്ടില്ല. പക്ഷേ, ബിജെപിക്കും കോൺഗ്രസിനും ഏതാണ്ടു തുല്യമായ വോട്ട് വിഹിതം ലഭിച്ച സംസ്ഥാനത്ത് മറ്റു കക്ഷികൾ പിടിച്ച ഓരോ വോട്ടും നിർണായകമായിട്ടുണ്ടാവാം. അന്തിമ വിശകലനത്തിലേ അതു വ്യക്തമാവൂ. കോൺഗ്രസ്-എഎപി സഖ്യത്തിനുള്ള ചർച്ചകൾ സീറ്റ് പങ്കിടുന്നതിലെ അഭിപ്രായ വ്യത്യാസത്തിലാണു പരാജയപ്പെട്ടത്.

ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് കൂട്ടുകെട്ടിന്‍റെ വിജയമാണ് ഈ അവസരത്തിൽ ഇന്ത്യ സഖ്യത്തിന് ആശ്വാസം നൽകുന്നത്. തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചവരെയെല്ലാം അമ്പരപ്പിക്കുന്ന ഗംഭീര പ്രകടനമാണ് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് അവിടെ കാഴ്ചവച്ചിരിക്കുന്നത്. തൊണ്ണൂറംഗ സഭയിലെ നാൽപ്പതിലേറെ സീറ്റുകളിൽ അവർ വിജയം നേടിയിരിക്കുകയാണ്. ഒമർ അബ്ദുള്ള മുഖ്യമന്ത്രി സ്ഥാനത്തു തിരിച്ചുവരുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. സഖ്യത്തിലെ ജൂണിയർ പങ്കാളി എന്ന നിലയിൽ കോൺഗ്രസിനും ഭരണത്തിൽ പങ്കു ലഭിച്ചേക്കും. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ജമ്മു കശ്മീരിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല രീതിയിലുള്ള ജനപങ്കാളിത്തമാണുണ്ടായത്. ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാരിനെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിനു സംസ്ഥാന പദവിയും തിരിച്ചുകിട്ടുമെന്നാണു കരുതേണ്ടത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് ജമ്മു കശ്മീരിനെ പുരോഗതിയിലേക്കു നയിക്കുന്നതിന് രാഷ്‌ട്രീയം തടസമാവാതിരിക്കണം.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video

ബിജെപി - എൻസിപി ചർച്ചയ്ക്ക് ആതിഥ്യം വഹിച്ചത് അദാനി തന്നെ: പവാർ