ഈ വർഷം മൂന്നു തവണയായി അഞ്ചു പേർക്ക് ഭാരത രത്ന പ്രഖ്യാപിച്ച് റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണു കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന എല്ലാ വർഷവും പ്രഖ്യാപിക്കണമെന്നു നിർബന്ധമില്ല, പ്രഖ്യാപിക്കാറുമില്ല. ഇതിനു മുൻപ് 2015ലും 2019ലുമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭാരത രത്ന പ്രഖ്യാപിച്ചിട്ടുള്ളത്. അപ്പോഴോ അതിനു മുൻപോ ഒരു വർഷം അഞ്ചു പേർക്ക് ഈ ബഹുമതി സമ്മാനിച്ച ചരിത്രമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടടുത്തു നിൽക്കെയുള്ള ഇപ്പോഴത്തെ ഈ ഭാരത രത്ന പ്രഖ്യാപനം രാഷ്ട്രീയമായി കൂടി ഏറെ ശ്രദ്ധേയമാവുന്നുണ്ട്. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹ റാവു, ചൗധരി ചരൺ സിങ്, മലയാളിയായ പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥൻ എന്നിവർക്കാണ് ഇന്നലെ മരണാനന്തര ബഹുമതിയായി ഭാരത രത്ന പ്രഖ്യാപിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായിരുന്ന കർപ്പൂരി ഠാക്കൂറിനും (മരണാനന്തര ബഹുമതി) പിന്നീട് ബിജെപി നേതാവ് എൽ.കെ. അഡ്വാനിക്കും നേരത്തേ ഭാരത രത്ന പ്രഖ്യാപിച്ചിരുന്നു. ഈ ബഹുമതി ലഭിച്ച എല്ലാവരും അതിന് അർഹരായിട്ടുള്ളവർ തന്നെയാണ്. രാജ്യം അവർക്ക് അർഹിക്കുന്ന അംഗീകാരം നൽകുന്നതു സന്തോഷകരവുമാണ്. ഇവരെ ആദരിക്കുന്നതിലൂടെ വോട്ടു രാഷ്ട്രീയത്തിന്റെ സാധ്യതകളും കേന്ദ്ര സർക്കാർ പരീക്ഷിക്കുന്നു എന്നതാണ് ഇതിനൊപ്പം ചർച്ചയാവുന്നത്.
കർപ്പൂരി ഠാക്കൂറിനു ഭാരത രത്ന പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു വിശാല സഖ്യം വിട്ട് ബിജെപിയോടു ചേർന്നത്. ജെഡിയു- ആർജെഡി- കോൺഗ്രസ് സർക്കാരിന് അന്ത്യം കുറിച്ചുള്ള നിതീഷ് കുമാറിന്റെ കാലുമാറ്റം ഏതാണ്ട് ഉറപ്പിച്ചിരിക്കുമ്പോഴായിരുന്നു ഠാക്കൂറിന് പരമോന്നത ബഹുമതി പ്രഖ്യാപിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ ഠാക്കൂറിന് ഈ ബഹുമതി നൽകണമെന്ന് ജെഡിയു നേരത്തേ തന്നെ ആവശ്യപ്പെടുന്നതാണ്. ഇന്നലെ ചൗധരി ചരൺ സിങ്ങിന് ഭാരത രത്ന പ്രഖ്യാപിക്കുമ്പോൾ ഉത്തർപ്രദേശിലെ ആർഎൽഡി ബിജെപിയുടെ സഖ്യത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ചരൺ സിങ്ങിന്റെ പുത്രൻ അജിത് സിങ് രൂപവത്കരിച്ചതാണ് ജാട്ട് വോട്ടുകളിൽ സ്വാധീനമുള്ള ആർഎൽഡി. 2021ൽ കൊവിഡ് ബാധിച്ച് അജിത് സിങ് മരിച്ചതിനു ശേഷം പുത്രൻ ജയന്ത് ചൗധരിയാണ് പാർട്ടിയെ നയിക്കുന്നത്. ചരൺ സിങ്ങിന് ഭാരത രത്ന സമ്മാനിച്ച മോദിയോടൊപ്പം പോകുന്നതിൽ ഇനി പാർട്ടിക്കു ന്യായീകരണമുണ്ട്. സമാജ് വാദി പാർട്ടിയുമായുള്ള സഖ്യമാണ് ഇതോടെ ആർഎൽഡി മുറിക്കുന്നത്. "ഇന്ത്യ' പ്രതിപക്ഷ മുന്നണിക്കു മറ്റൊരു പ്രഹരം.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ പക്ഷക്കാരും അവഗണിച്ച നേതാവാണ് നരസിംഹ റാവു എന്നാണു അവരുടെ വിമർശകർ ചൂണ്ടിക്കാണിക്കാറുള്ളത്. റാവുവിനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും കോൺഗ്രസ് അവഗണിക്കുന്നുവെന്ന് നേരത്തേ മുതൽ ബിജെപി ആരോപിക്കുന്നുണ്ട്. റാവുവിന് അർഹിക്കുന്ന ബഹുമതി നൽകിയത് തങ്ങളാണെന്ന വാദം സോണിയാ പക്ഷത്തിനെതിരായ ആയുധമായി തെരഞ്ഞെടുപ്പു കാലത്തു മാറിയേക്കാം. റാവുവിനെ ആദരിക്കുന്നത് ആന്ധ്രയിലും തെലങ്കാനയിലും വോട്ടു നേടാൻ ഉപകരിക്കുമെന്നും ബിജെപി കരുതുന്നുണ്ടാവും. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾ ബിജെപി നടത്തുന്നതിനിടെയാണു ഭാരത രത്ന പ്രഖ്യാപനം. സുദീർഘമായ രാഷ്ട്രീയ ജീവിതത്തിനിടെ വിവിധ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള കേന്ദ്ര മന്ത്രിയായിരുന്ന നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സാമ്പത്തിക ഉദാരവത്കരണം നടപ്പാക്കിയത്; മൻമോഹൻ സിങ്ങിനെ ധനമന്ത്രിയായി കൊണ്ടുവന്ന്. നരേന്ദ്ര മോദി സർക്കാരിന്റെ തന്നെ കാലത്താണ് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രപതിയുമായിരുന്ന പ്രണബ് മുഖർജിക്ക് 2019ൽ ഭാരത രത്ന സമ്മാനിച്ചത് എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ പ്രമുഖ കാർഷിക ശാസ്ത്രജ്ഞനായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ച എം.എസ്. സ്വാമിനാഥൻ. ഹരിത വിപ്ലവത്തിന്റെ പിതാവ് ഭാരത രത്നയാവുമ്പോൾ കർഷകരുടെ ക്ഷേമത്തിനു വേണ്ടി അദ്ദേഹം ചെയ്ത സംഭാവനകൾ കൂടിയാണു സ്മരിക്കപ്പെടുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നേട്ടങ്ങൾ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളാണ് എന്നതു കൂടി ഇതോടൊപ്പം ഓർക്കണം. ""സ്വാമിനാഥനു പരമോന്നത ബഹുമതി നൽകുന്നതു സ്വാഗതാർഹം തന്നെ. പക്ഷേ, അദ്ദേഹം ശുപാർശ ചെയ്ത താങ്ങുവിലയ്ക്ക് സർക്കാർ ഇതുവരെ നിയമ പരിരക്ഷ നൽകിയിട്ടില്ല'' എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഓർമപ്പെടുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. രാഷ്ട്രീയ ചർച്ചകൾ എന്തായാലും ആലപ്പുഴ മങ്കൊമ്പിൽ കുടുംബവേരുള്ള സ്വാമിനാഥൻ പരമോന്നത പുരസ്കാരത്താൽ ആദരിക്കപ്പെടുന്നതു മലയാളികൾക്ക് ഏറെ അഭിമാനകരമാണ്. സൈലന്റ് വാലിയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും കുട്ടനാട് പാക്കെജും കേരളത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രത്യേക സംഭാവനകളാണ്. ഭക്ഷ്യോത്പാദനത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പരിശ്രമങ്ങളിൽ സ്വാമിനാഥൻ വഹിച്ച പങ്ക് എക്കാലത്തും ഓർമിക്കപ്പെടും.