വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സ്വാധീനത്തിന് ഒരു കുറവും സംഭവിക്കുന്നില്ല എന്നു തെളിയിക്കുന്നതാണ് ത്രിപുര, നാഗാലാൻഡ്, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടിക്കും ആത്മവിശ്വാസം പകരുന്നതുമാണിത്. ത്രിപുരയിലെ വിജയം നിലനിർത്താൻ പാർട്ടിക്കു കഴിഞ്ഞത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒട്ടും ചെറിയ കാര്യമല്ല. മൂന്നു പ്രധാന ഘടകങ്ങൾ മുൻനിർത്തി വേണം ബിജെപിയുടെ വിജയത്തെ കാണാൻ.
ഒന്ന് അവരുടെ പാർട്ടിയിൽ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നതാണ്. ഭരണവിരുദ്ധ വികാരം ഉയരുന്ന തലത്തിലേക്കു പ്രശ്നങ്ങൾ വളർന്നപ്പോഴാണ് കഴിഞ്ഞവർഷം മേയിൽ ബിപ്ലവ് കുമാർ ദേബിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റി പ്രൊഫഷൻ കൊണ്ട് ദന്ത ഡോക്റ്ററായിരുന്ന സംസ്ഥാനത്തെ മുൻ ബിജെപി അധ്യക്ഷൻ മണിക് സാഹയെ ആ കസേരയിൽ കൊണ്ടുവന്നത്. കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക് അടക്കം പാർട്ടിയിലെ കരുത്തരായ പലരെയും മാറ്റിനിർത്തിയായിരുന്നു സാഹയെ ഭരണം ഏൽപ്പിച്ചത്. സാഹയുടെ ക്ലീൻ ഇമേജും പ്രവർത്തനങ്ങളും പാർട്ടിയെ തുണച്ചെന്നാണ് ഒടുവിൽ തെളിഞ്ഞത്. ബിപ്ലവ് കുമാർ ദേബിന്റെ കാലത്ത് പാർട്ടിയുടെ ജനപ്രീതി ഇടിയുന്നു എന്നു തിരിച്ചറിഞ്ഞ് ശരിയായ സമയത്ത് അദ്ദേഹത്തെ മാറ്റാൻ ആർഎസ്എസ് ഇടപെട്ടതാണ് നിർണായകമായത്.
മറ്റൊരു ഘടകം ഇടതുപക്ഷവും കോൺഗ്രസും ഇക്കുറി സഖ്യത്തിലാണു മത്സരിച്ചത് എന്നതാണ്. ശക്തമായ പ്രതിരോധം ഇവർക്കെതിരേ തീർക്കേണ്ടിവന്നു. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമെന്നാണ് തെരഞ്ഞെടുപ്പു റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ഓർമിപ്പിച്ചത്. വർഷങ്ങളായി ജനങ്ങളെ കൊള്ളയടിച്ചവർ വോട്ടിനു വേണ്ടി ഒന്നിച്ചിരിക്കുന്നുവെന്നായിരുന്നു മോദിയുടെയും ബിജെപിയുടെയും പ്രചാരണം. ത്രിപുരയ്ക്കു വേണ്ടി കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകൾ നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ചും മോദി ഓർമിപ്പിച്ചു. കേന്ദ്ര നേതാക്കളുടെ പിന്തുണ പ്രതിപക്ഷ പ്രതിരോധം മറികടക്കാൻ സംസ്ഥാന ബിജെപിക്കു തുണയായി. മൂന്നാമത്തെ ഘടകം തിപ്രമോത്തയുടെ സാന്നിധ്യമായിരുന്നു. ഈ പ്രാദേശിക കക്ഷി ഗോത്രവർഗ മേഖലകളിൽ ഭരണമുന്നണിയുടെ വോട്ടുകൾ വാരിക്കൂട്ടിയാൽ വലിയ തിരിച്ചടി പലരും പ്രതീക്ഷിച്ചതാണ്. തിപ്രമോത്ത അത്ര മോശമായില്ല എങ്കിൽപ്പോലും അത് തുടർ ഭരണത്തെ ബാധിക്കാതിരിക്കാനുള്ള സ്ട്രാറ്റജികൾ ബിജെപി ആസൂത്രണം ചെയ്തു. ഇതെല്ലാം കാണിക്കുന്നത് ബിജെപിയുടെ കൃത്യമായ നീക്കങ്ങളാണ്.
നാഗാലാൻഡിൽ തകർപ്പൻ മുന്നേറ്റമാണ് എന്ഡിപിപി- ബിജെപി സഖ്യത്തിന്. അമ്പതു ശതമാനത്തിലേറെ വോട്ട് ഭരണസഖ്യത്തിനുണ്ട്. ഭരണവിരുദ്ധ വികാരമില്ലാതെ നെയ്ഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുന്നു. തൂക്കു സഭയാണ് മേഘാലയയിലെങ്കിലും മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ എന്പിപി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അദ്ദേഹം വീണ്ടും സർക്കാരുണ്ടാക്കുന്നതോടെ തെരഞ്ഞെടുപ്പിനു മുൻപുള്ള മൂന്നു മുഖ്യമന്ത്രിമാരും തുടരുന്ന അവസ്ഥയുണ്ടാവും. കോൺഗ്രസിനോ ഇടതുപക്ഷത്തിനോ മൂന്നിടത്തും ഒരു സാധ്യതകളുമില്ലാതായിരിക്കുന്നു. പശ്ചിമ ബംഗാളിനു പുറമേ ത്രിപുരയിലും തോൽവി ആവർത്തിച്ചത് ഇടതുപക്ഷത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
എങ്ങനെ തെരഞ്ഞെടുപ്പു ജയിക്കണമെന്ന് ബിജെപിക്ക് അറിയാമെന്നും കോൺഗ്രസ് അതിൽ തുടർച്ചയായി പരാജയപ്പെടുന്നുവെന്നും മുൻപു പലപ്പോഴും നിരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വടക്കു കിഴക്കൻ മേഖലയിൽ ആവർത്തിക്കുകയാണ്. ഈ മേഖലയിൽ ബിജെപിയുടെ നേതൃത്വം വഹിക്കുന്ന പല നേതാക്കളും മുൻപ് കോൺഗ്രസുകാരായിരുന്നു. അവർ വിട്ടുപോയതാണ് മേഖലയിലെ സ്വാധീനം ഏതാണ്ട് പൂർണമായി ഇല്ലാതാക്കിയത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മേഘാലയയിൽ ഇക്കുറി ഒറ്റയക്കത്തിലേക്ക് ഒതുങ്ങിയിരിക്കുകയാണു കോൺഗ്രസ്. ത്രിപുരയിൽ ഇടതിനോടു ചേർന്നു മത്സരിച്ച് മൂന്നു സീറ്റ് നേടാൻ കഴിഞ്ഞതു തന്നെ ആശ്വാസകരമാണ്. കഴിഞ്ഞ വർഷം അസമിൽ പ്രതിപക്ഷ കക്ഷികളുടെ വിശാല സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ബിജെപിയിൽ നിന്നു ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തിദുർഗമായിരുന്നു വടക്കു കിഴക്കൻ മേഖല. കേന്ദ്ര ഭരണം നഷ്ടപ്പെട്ടതിനു ശേഷം അതിലുണ്ടായ തകർച്ച തുടർന്നുകൊണ്ടേയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മേഖലയിലെ സീറ്റുകൾ നിർണായകമാവുമെന്നതിനാൽ കോൺഗ്രസും തകർച്ചയുടെ കാരണങ്ങളിലേക്ക് ആഴത്തിൽ കടക്കേണ്ടിയിരിക്കുന്നു.
മൂന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഏതാനും വിജയങ്ങൾ ഈ തിരിച്ചടിയിലും കോൺഗ്രസിന് ആവേശം പകരാൻ സഹായിക്കുന്നതാണ്. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും മഹാരാഷ്ട്രയിലെ കസ്ബയിലും പശ്ചിമ ബംഗാളിലെ സാഗർദിഗിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഗംഭീര വിജയം തന്നെയാണു പാർട്ടിയുടേത്. പുതിയ പാർട്ടി അധ്യക്ഷൻ വന്നതിനും ഭാരത് ജോഡോ യാത്രയ്ക്കും ശേഷമുള്ള ഈ വിജയങ്ങൾ നൽകാവുന്ന ആത്മവിശ്വാസത്തിന്റെ കടയ്ക്കലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കനത്ത പരാജയം കത്തിവയ്ക്കുന്നത്.