സൈബർ കുറ്റവാളികൾക്കെതിരായ കേന്ദ്ര നീക്കം വിജയിക്കട്ടെ | മുഖപ്രസംഗം 
Editorial

സൈബർ കുറ്റവാളികൾക്കെതിരായ കേന്ദ്ര നീക്കം വിജയിക്കട്ടെ | മുഖപ്രസംഗം

മേയ് മാസത്തിൽ ദിവസം ശരാശരി ഏഴായിരം പരാതികൾ വീതം രജിസ്റ്റർ ചെയ്തു.

സൈബർ കുറ്റകൃത്യങ്ങൾ വൻ തോതിൽ വർധിക്കുകയാണു രാജ്യത്ത്. 2024ന്‍റെ ആദ്യ നാലു മാസങ്ങൾക്കുള്ളിൽ തന്നെ 1,750 കോടി രൂപയാണ് സൈബർ കുറ്റകൃത്യങ്ങളിൽ ഇന്ത്യക്കാർക്കു നഷ്ടപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മാത്രം ഏഴു ലക്ഷത്തി നാൽപ്പതിനായിരത്തിലേറെ സൈബർ കുറ്റകൃത്യങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യുകയുണ്ടായി. ദേശീയ സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍ററിന്‍റെ കണക്കനുസരിച്ച് മേയ് മാസത്തിൽ ദിവസം ശരാശരി ഏഴായിരം പരാതികൾ വീതം രജിസ്റ്റർ ചെയ്തു. ഇത്തരം പരാതികളിൽ 85 ശതമാനവും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ചാണ്. തട്ടിപ്പുകളുടെ വ്യാപ്തിയുമായി താരതമ്യം ചെയ്യുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിൽ ഇനിയും വളരെയേറെ രാജ്യത്തിനു മുന്നോട്ടുപോകാനുണ്ട്. ഈ സാഹചര്യത്തിലാണ് സൈബർ കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും നേരിടാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ഒരുക്കുന്ന ഏകോപിത സംവിധാനം ശ്രദ്ധേയമാകുന്നത്.

ഏതാനും ദിവസം മുൻപ് ന്യൂഡൽഹിയിൽ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍ററിന്‍റെ സ്ഥാപകദിന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രധാന സംരംഭങ്ങൾക്കു തുടക്കം കുറിച്ചിട്ടുള്ളത്. സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്‍റർ (സിഎഫ്എംസി) രാഷ്ട്രത്തിനു സമർപ്പിച്ച ആഭ്യന്തര മന്ത്രി, സൈബർ ക്രൈം അന്വേഷണങ്ങൾക്കുള്ള സംയുക്ത സംവിധാനമായ സമന്വയ് പ്ലാറ്റ്ഫോം ആരംഭിക്കുകയും ചെയ്തു. "സൈബർ കമാൻഡോസ്' പ്രോഗ്രാമും സസ്‌പെക്റ്റ് രജിസ്‌ട്രിയും അമിത് ഷാ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്കു തടയിടുന്നതിന്‍റെ ഭാഗമാണ് ഈ പറഞ്ഞതെല്ലാം. സുരക്ഷിത സൈബറിടം ലക്ഷ്യമാക്കി 2015ലാണ് ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍റർ സ്ഥാപിച്ചത്. അതിന്‍റെ നാലു പ്രധാന സൈബർ പ്ലാറ്റ്‌ഫോമുകളാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന സിഎഫ്എംസിയും സമന്വയും സൈബർ കമാൻഡോസും സസ്‌പെക്റ്റ് രജിസ്‌ട്രിയും. ഇവ ഊർജസ്വലമായി പ്രവർത്തിക്കുകയാണെങ്കിൽ സൈബർ കുറ്റവാളികളെ ഫലപ്രദമായി പൂട്ടാനാവുമെന്നാണു പ്രതീക്ഷിക്കുന്നത്. പുതിയ കാലം ഭരണാധികാരികളിൽ ഏൽപ്പിക്കുന്ന പ്രധാന ഉത്തരവാദിത്വമാണ് സൈബർ ക്രൈമുകൾ തടയുകയെന്നത്.

ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ടെലികോം കമ്പനികൾ, ഇന്‍റർനെറ്റ് സേവനദാതാക്കൾ, പൊലീസ് എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരിക എന്ന ആശയത്തോടെയാണ് സിഎഫ്എംസി രൂപീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രധാന വേദിയായി ഇതു മാറുമെന്ന് കേന്ദ്ര ‍ആഭ്യന്തര മന്ത്രി അവകാശപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങൾ സഹകരിച്ചുള്ള പ്രവർത്തനം സൈബർ കുറ്റവാളികളെ എളുപ്പം പിടികൂടാൻ സഹായിക്കും. വിവിധ ഏജൻസികളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വച്ച് സൈബർ കുറ്റവാളികളുടെ പ്രവർത്തന രീതി കണ്ടെത്തുന്നതിനും സിഎഫ്എംസിക്കു കഴിയും. കേന്ദ്രതലത്തിലുള്ള ഡാറ്റാ ബേസ് ആയാണ് സസ്‌പെക്റ്റ് രജിസ്‌ട്രി പ്രവർത്തിക്കുക. സൈബർ ക്രൈം നടത്തുന്നുവെന്നു സംശയിക്കുന്നവരുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഴുവൻ ഭാഗങ്ങളിൽ നിന്നുള്ള ഡാറ്റകളും ഇതിലുണ്ടാവും. ഓരോ സംസ്ഥാനങ്ങൾക്കും രജിസ്ട്രി സൂക്ഷിക്കുന്നതിന് അവരവരുടെ അതിർത്തിയുടെ പരിധിയുണ്ട്. സൈബർ കുറ്റവാളികളാണെങ്കിൽ സംസ്ഥാന അതിർത്തി പരിഗണിക്കുന്നവരുമല്ല. അതിനാൽ എല്ലാ സംസ്ഥാനങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ട് പൊതുവായ കേന്ദ്ര രജിസ്ട്രി സൂക്ഷിക്കുന്നത് വളരെയേറെ പ്രയോജനം ചെയ്യും. സസ്‌പെക്റ്റ് രജിസ്‌ട്രി സ്ഥാപിക്കുന്നതിന്‍റെ ചുമതല നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിനാണ്.

രാജ്യത്തുടനീളമുള്ള നിയമ നിർവഹണ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിന് സമന്വയ പ്ലാറ്റ്ഫോം ഉപകരിക്കും. സൈബർ ക്രൈം മാപ്പിങ്, ഡാറ്റാ ഷെയറിങ്, ഡാറ്റാ അനലിറ്റിക്സ് എന്നിവയെ സമന്വയ സഹായിക്കും. ജോയിന്‍റ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഫെസിലിറ്റേഷൻ സിസ്റ്റം എന്നാണ് ഇതിനെ പറയുന്നത്. സൈബർ സുരക്ഷാ ഭീഷണികൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിക്കുന്നവരാകും സൈബർ കമാൻഡോകൾ. അഞ്ചുവർഷത്തിനകം അയ്യായിരം സൈബർ കമാൻഡോകളെ പരിശീലിപ്പിച്ച് രംഗത്തിറക്കാനാണു സർക്കാർ പദ്ധതിയിടുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും സൈബർ കുറ്റവാളികളെ നേരിടുന്നതിൽ പ്രധാനമാണ്. വിവിധ ഏജൻസികളെ കൂട്ടിയിണക്കി അന്വേഷണം ഏറ്റവും ഫലപ്രദമാക്കേണ്ടതുമുണ്ട്. കേന്ദ്ര സർക്കാരിന്‍റെ പൊതുവായ പ്ലാറ്റ്ഫോമുകൾ ഇതിനു വളരെയേറെ സഹായകരമാവും.

കേന്ദ്ര സർക്കാരിന്‍റെ പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിച്ച അതേ ചടങ്ങിൽ വച്ചു തന്നെയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുരസ്കാരം കേരള പൊലീസിനു ലഭിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും കേരള പൊലീസ് നിരവധി നടപടികൾ സമീപകാലത്തു സ്വീകരിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച 27,680 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പൂട്ടിച്ചു. 11,999 സിം കാർഡുകളും 17,734 വെബ് സൈറ്റുകളും സൈബർ ഡിവിഷന്‍റെ കീഴിലുള്ള സൈബർ ഫ്രോഡ് ആൻഡ് സോഷ്യൽ മീഡിയ വിങ് പ്രവർത്തനരഹിതമാക്കി. 8,369 സാമൂഹ്യ മാധ്യമ പ്രൊഫൈലുകളും 537 വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും കണ്ടെത്തി നിയമ നടപടി സ്വീകരിച്ചു. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് ആളുകളെ നിയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും ഏജന്‍റുമാരെ അറസ്റ്റു ചെയ്യുകയും ഉണ്ടായി. ഇത്തരം പ്രവർത്തനങ്ങൾ ഊർജിതമായി തുടരാൻ കേരള പൊലീസിനു കഴിയട്ടെ. കേന്ദ്രത്തിന്‍റെ പുതിയ പ്ലാറ്റ്ഫോമുകൾ അതിനു സഹായകരമാവുകയും ചെയ്യട്ടെ.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ