അസാധാരണമായ വേനൽച്ചൂടിൽ വെന്തുരുകുകയാണു കേരളം. പകൽ സമയത്തു പുറത്തിറങ്ങാൻ കഴിയാത്തത്ര ദുഷ്കരമായിരിക്കുന്നു ജനജീവിതം. അതു മാത്രമല്ല, രാത്രിയിലും പുലർച്ചെയുമൊക്കെ പതിവില്ലാത്ത വിധം കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഉറക്കമില്ലാത്ത രാത്രികളും ജോലിക്കു തടസം നേരിടുന്ന പകലുകളും ആയിരക്കണക്കിനു പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണു പ്രതിസന്ധിയിലാക്കുന്നത്. സാമ്പത്തികമായി ഇപ്പോൾ തന്നെ വിഷമിക്കുന്ന സംസ്ഥാനത്തിന് ഈ ചൂടുകാലം ഏൽപ്പിക്കുന്നത് അധിക ആഘാതമാണ്. വൈദ്യുതിയും വെള്ളവും മുഴുവൻ ആളുകൾക്കും ലഭ്യമാക്കുക എന്നതു തന്നെ വലിയ പ്രയാസമായിരിക്കുന്നു. സംസ്ഥാന സർക്കാർ നേരിടേണ്ടിവരുന്ന അധിക ബാധ്യത ജനങ്ങളിലേക്കു കൈമാറിയാൽ വരും ദിവസങ്ങളിൽ അതിന്‍റെ ഭാരവും സാധാരണക്കാരുടെ മുതുകിലാവും. ഇപ്പോഴത്തെ അവസ്ഥയിൽ അത് അവർക്കു താങ്ങാനാവില്ല. വൈദ്യുതിച്ചാർജും വെള്ളക്കരവുമൊക്കെ കൂട്ടാനുള്ള നീക്കങ്ങൾ നടത്തും മുൻപ് സർക്കാർ അത് ആലോചിക്കണം.
വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതകൾ കെഎസ്ഇബി തേടുന്നുണ്ടെന്നു ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വൈദ്യുതി ബോർഡ് വലിയ പ്രതിസന്ധിയിലാണെന്നത് ആർക്കും നിഷേധിക്കാനാവില്ല. വൈദ്യുതി ഉപയോഗം കുത്തനെ കൂടിയിരിക്കുന്ന ഈ അവസരത്തിൽ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ അളവും കുതിച്ചുകയറിയിട്ടുണ്ട്. ഇതിൽ ഏറിയ പങ്കും അധിക വില കൊടുത്ത് പുറത്തുനിന്നു വാങ്ങുകയാണ്. അങ്ങനെ വരുമ്പോൾ വില കൂട്ടാതെ തരമില്ല എന്നൊരു വാദം സ്വാഭാവികമായും ഉയരാം. എന്നാൽ, ഇപ്പോൾ തന്നെ താങ്ങാനാവുന്നതല്ല വൈദ്യുതിച്ചാർജ്. വൈദ്യുതി ബോർഡിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയും സർക്കാർ സഹായിച്ചും ബോർഡ് നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ കഴിയുമോ എന്നു നോക്കേണ്ടതാണ്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു തന്നെ വൈദ്യുതി ബോർഡിനു കോടിക്കണക്കിനു രൂപ കുടിശ്ശികയിനത്തിൽ പിരിഞ്ഞുകിട്ടാനുണ്ട്. ചില വൻകിട സ്വകാര്യ സ്ഥാപനങ്ങളും കോടികൾ കുടിശ്ശിക വരുത്തിയിട്ടുണ്ട്. അതെല്ലാം പിരിച്ചെടുക്കാനുള്ള മാർഗങ്ങൾ തേടണം. കേന്ദ്ര സർക്കാർ സഹായം ഏതു വിധത്തിലൊക്കെ ലഭ്യമാവുമെന്നു പരിശോധിച്ച് അതിനു സഹായകമായ നടപടികളും സ്വീകരിക്കേണ്ടതാണ്. വോട്ടെടുപ്പു കഴിഞ്ഞു, ഇനി ലോഡ് ഷെഡ്ഡിങ് ആവാം, ചാർജ് കൂട്ടാം, ആരും ചോദിക്കാനില്ല എന്ന മനോഭാവം ഉണ്ടാവാതിരിക്കട്ടെ.
സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡ്ഡിങ് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. നല്ല കാര്യം. എന്നാൽ, പലയിടത്തും ഇപ്പോൾ തന്നെ അപ്രഖ്യാപിത പവർ കട്ടുണ്ട്. വൈദ്യുതിയുടെ അമിത ഉപയോഗം മൂലമാണ് ഇതു സംഭവിക്കുന്നതെന്നാണു വിശദീകരണം. ഒഴിവാക്കാനാവാത്ത സാങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തലവേദനകൾ കുറയ്ക്കാൻ ജനങ്ങളുടെ സഹകരണമാണു ബോർഡ് തേടുന്നത്. ഉപയോഗം പരമാവധി നിയന്ത്രിക്കുന്നതിൽ ജനങ്ങൾ ശ്രദ്ധ നൽകേണ്ടതുണ്ട്. ഇതു സംബന്ധിച്ച് വൈദ്യുതി ബോർഡ് പലതവണ ബോധവത്കരണ അറിയിപ്പുകൾ നൽകുകയുണ്ടായി. എന്നാൽ, കൊടും ചൂട് ഉപയോഗം നിയന്ത്രിക്കുന്നതിന് പലർക്കും തടസമായി മാറുന്നുണ്ട്. എങ്കിലും ഉപയോഗം പരമാവധി നിയന്ത്രിക്കാനുള്ള ബോധവത്കരണം കൂടുതൽ ഊർജിതമായി നടത്തേണ്ടതുണ്ട്. തുടർച്ചയായി 100 ദശലക്ഷം യൂണിറ്റിനു മുകളിലാണ് ഇപ്പോൾ സംസ്ഥാനത്ത് ഒരു ദിവസത്തെ വൈദ്യുതി ഉപയോഗം. അത്111 ദശലക്ഷം യൂണിറ്റിനു മുകളിൽ എന്ന സർവകാല റെക്കോഡിൽ വരെ എത്തിയിരുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിയന്ത്രിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. ലോഡ് കൂടി ട്രാൻസ്ഫോർമറുകൾ ട്രിപ്പാകുന്നതടക്കം പ്രശ്നങ്ങൾ ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ പരിഹരിക്കാനാവൂ.
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക എന്നതാണ് എല്ലാ വേനൽക്കാലത്തും പതിവായി നേരിടുന്ന വൈദ്യുതി ക്ഷാമത്തിനു പരിഹാരമായിട്ടുള്ളത്. അത് എങ്ങനെയാണു പ്രായോഗികമാക്കുക എന്നതിൽ കൂട്ടായ ചർച്ചകളും ഉറച്ച തീരുമാനങ്ങളും ആവശ്യമാണ്. ഓരോ തവണയും താങ്ങാനാവാത്ത വിലയ്ക്ക് പുറത്തുനിന്നു വൈദ്യുതി വാങ്ങി അതിന്‍റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവച്ച് തലയൂരുന്നത് സർക്കാരിന് എളുപ്പമുള്ള കാര്യമാവും. എന്നാൽ, അതു നല്ല മാനെജ്മെന്‍റാണ് എന്നു പറയാനാവില്ല. പുരോഗതി കൈവരിക്കുന്ന ഏതു നാട്ടിലും അതിനനുസരിച്ച് വൈദ്യുതി ഉപയോഗവും വർധിക്കും. വൈദ്യുതിയില്ലാതെ വികസനമില്ല എന്നു പറയുന്നതും നൂറുശതമാനവും യാഥാർഥ്യമാണ്. 110 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമാവുന്ന ഒരു ദിവസത്തെ ആഭ്യന്തരോത്പാദനം 24 ദശലക്ഷം യൂണിറ്റിൽ താഴെ എന്നു പറയുമ്പോൾ കേരളം പുറത്തുനിന്നുള്ള വൈദ്യുതിയെ എന്തുമാത്രമാണ് ആശ്രയിക്കുന്നത് എന്നു വ്യക്തമാവും. സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കുന്നത് അടക്കം മാർഗങ്ങൾ വേനൽക്കാല വൈദ്യുതി ഉപയോഗം നേരിടാൻ ആലോചിക്കേണ്ടതാണ്. സൗരോർജ ഉത്പാദനത്തിൽ വലിയ സാധ്യതകളാണു കേരളത്തിനു മുന്നിലുള്ളത്. തങ്ങളുടെ മുഴുവൻ വൈദ്യുതി ആവശ്യവും സോളാർ പാനലുകളിലൂടെ നിറവേറ്റുന്ന കൊച്ചി അന്താരാഷ്ട വിമാനത്താവളം (സിയാൽ) മാതൃക നമ്മുടെ മുന്നിലുണ്ട്. വൈദ്യുതി ഉത്പാദനത്തിനു തയാറായി രംഗത്തുവരുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ സർക്കാർ സംവിധാനങ്ങൾ മുന്നിലുണ്ടാവേണ്ടിയിരിക്കുന്നു. സൗരോർജ ഉത്പാദനം വർധിപ്പിക്കുന്നതു പോലുള്ള ഫലം ഉറപ്പായ നടപടികളോട് കെഎസ്ഇബിയും താത്പര്യം കാണിക്കണം.