ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഏറ്റവുമധികം മെഡലുകളുമായാണ് ഇന്ത്യൻ കായികതാരങ്ങളുടെ സംഘം ചൈനയിലെ ഹാങ്ചോ ഏഷ്യൻ ഗെയിംസ് വേദിയിൽ നിന്നു നാട്ടിലേക്കു മടങ്ങിയെത്തിയത്. നൂറിലേറെ മെഡലുകൾ ലക്ഷ്യം വച്ച്, അതു നേടുമെന്നു മുൻകൂട്ടി പ്രഖ്യാപിച്ച്, ദൃഢനിശ്ചയത്തോടെ പോയ നമ്മുടെ താരങ്ങൾ കായിക ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി പ്രതീക്ഷ കാത്തു. 28 സ്വർണം, 38 വെള്ളി, 41 വെങ്കലം എന്നിവയുമായി എത്തിയവരടക്കമുള്ള മുഴുവൻ ടീമംഗങ്ങളെയും പരിശീലകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂറും ഡൽഹിയിൽ വിളിച്ചുവരുത്തി അനുമോദിച്ചു. ഒട്ടുമിക്ക സംസ്ഥാനങ്ങളും അവർക്കു പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു. പല സംസ്ഥാനങ്ങളും അവരുടെ താരങ്ങൾക്കു വമ്പൻ സ്വീകരണമൊരുക്കി.
പക്ഷേ, ദൗർഭാഗ്യമെന്നു പറയട്ടെ, മെഡൽ നേടിയ ഒമ്പതു മലയാളി താരങ്ങളിൽ ആരെയും സംസ്ഥാന സർക്കാർ കണ്ടതായി നടിച്ചില്ല എന്ന ആരോപണം ഉയർന്നിരിക്കുന്നു. പരാതിയുടെ കെട്ടഴിക്കുന്നത് മെഡൽ നേടിയെത്തിയ പ്രമുഖ താരങ്ങൾ തന്നെയാണ് എന്നതാണു ശ്രദ്ധേയം. സ്വർണം നേടിയ ഹോക്കി ടീമിലെ പ്രമുഖൻ പി.ആർ. ശ്രീജേഷും 1,500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടിയ ജിന്സണ് ജോണ്‍സണും സർക്കാരിനെതിരേ നിശിതമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും അനുമോദിക്കാനെത്തിയില്ല എന്ന് ശ്രീജേഷ് പറഞ്ഞത് അദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയ മലയാളിയായ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്റെ സാന്നിധ്യത്തിലാണ്. ""ഞങ്ങളോടുള്ള ഈ അവഗണന നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. ഏഷ്യന്‍ ഗെയിംസില്‍ മെഡില്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി അവർക്കുണ്ടാകുമ്പോള്‍ കേരളത്തിന്റെ കായിക രംഗത്തേക്ക് ആളെ കിട്ടാതാകും. ഇതര സംസ്ഥാനങ്ങള്‍ കായികതാരങ്ങളെ മികച്ച രീതിയിലാണു പരിഗണിക്കുന്നത്'' എന്നാണ് ശ്രീജേഷ് ചൂണ്ടിക്കാട്ടിയത്. ആർക്കും ഇതു കേട്ടില്ലെന്നു നടിക്കാനാവില്ല.
കഷ്ടപ്പെട്ട് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി സ്വന്തം നാട്ടില്‍ എത്തിയാൽ തന്നെ കായിക മന്ത്രി പോലും ഫോണില്‍ വിളിച്ചില്ലെന്നായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കല മെഡല്‍ നേടിയ ജിൻസൻ ജോൺസന്റെ പരാതി. അതിനെയും കേവലമൊരു പരാതിയായോ ആരോപണമായോ തള്ളാനാവില്ലല്ലോ. മറ്റ് ഏഴു താരങ്ങൾക്കും സമാനമായ അനുഭവം തന്നെയായിരിക്കും എന്നുതന്നെ കരുതേണ്ടിവരും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നു സംസ്ഥാന സർക്കാരും ഇവിടത്തെ കായിക വകുപ്പും കായിക സംഘടനകളും മനസിരുത്തി ആലോചിക്കണം. സർക്കാരിന്റെ ഉന്നതസ്ഥാനത്തു നിന്നുള്ള കേവലമൊരു ഫോൺ കോളിൽ അവർക്കു കിട്ടുന്ന സന്തോഷവും പ്രചോദനവും എത്രയെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.
കേരളത്തിന്റെ കായികരംഗം തകര്‍ച്ചയുടെ വക്കിലാണെന്നും വൈകാതെ കേരളം വിടുമെന്നുമാണ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ട്രിപ്പിള്‍ ജംപ് താരം എൽദോസ് പോൾ കഴിഞ്ഞദിവസം പറഞ്ഞത്. കേരളത്തിന് സ്വന്തമായൊരു കായിക നയമില്ല. കേരളം വിടുമെന്ന് തുറന്നു പറഞ്ഞിട്ടുപോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായില്ലെന്ന അർജുന അവാർഡ് ജേതാവു കൂടിയായ എല്‍ദോസ് പോളിന്റെ തുറന്നുപറച്ചിൽ കേരളത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
ഏറ്റവുമധികം ഏഷ്യാഡ് മെഡൽ ജേതാക്കളുള്ള ഹരിയാനയിലെ സര്‍ക്കാർ മൂന്നു കോടി രൂപയാണ് സ്വര്‍ണ മെഡല്‍ നേടയവർക്കു കൊടുക്കുന്നത്. വെള്ളി മെഡലുകാര്‍ക്ക് 1.5 കോടിയും വെങ്കല മെഡലുകാര്‍ക്ക് 75 ലക്ഷവുമാണ് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പ്രഖ്യാപിച്ചത്. മെഡല്‍ നേടിയില്ലെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചവര്‍ക്കെല്ലാം 7.5 ലക്ഷം വീതവും കിട്ടും. ഹോക്കി ടീമിലെ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ സന്ദര്‍ശിച്ചപ്പോൾ ഒന്നരക്കോടി രൂപയുടെ ചെക്ക് അദ്ദേഹം അപ്പോള്‍ തന്നെ കൈയില്‍ കൊടുത്തു. തമിഴ്നാടും ഗുജറാത്തുമൊക്കെ സമാനമായ പ്രഖ്യാപനങ്ങൾ നടത്തിക്കഴിഞ്ഞു.
താരങ്ങള്‍ക്ക് ഉചിതമായ സമയത്ത് അര്‍ഹമായ രീതിയിൽ തന്നെ പരിഗണന നല്‍കാത്ത രീതിയിലാണ് കേരളത്തിന്റെ നയസമീപനമെങ്കിൽ ഇവിടെ താരങ്ങളുണ്ടാകില്ല. സ്വന്തമായി കായിക നയവും അതു നടപ്പാക്കാനുള്ള സംവിധാനങ്ങളും മറ്റു മിക്ക സംസ്ഥാനങ്ങൾക്കും ഉള്ളതു കൊണ്ടാണ് കായികരംഗത്ത് അവർ മികച്ച മുന്നേറ്റം നടത്തുന്നത്. അടുത്ത ഒളിംപിക്സ് മുന്നിൽക്കണ്ടാണു കേന്ദ്ര കായിക മന്ത്രാലയവും മറ്റു സംസ്ഥാനങ്ങളും കായിക താരങ്ങൾക്ക് വലിയ പിന്തുണയും മികവുറ്റ പരിശീലനവും നൽകുന്നത് എന്നോർക്കണം.
കായിക മേഖലയിൽ എല്ലാ സഹായവും ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിട്ടുണ്ട്. താരങ്ങൾക്ക് എല്ലാ ഘട്ടത്തിലും വിവിധ തരം സഹായം നൽകിയിട്ടുണ്ടെന്നും, എന്നാൽ വ്യാപകമായി സർക്കാരിനെതിരേ ഒരു പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം തുടരുന്നു. താരങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ നൽകിയ പാരിതോഷികങ്ങളുടെയും സർക്കാർ ജോലികളുടെയും കണക്കും അദ്ദേഹം വിശദീകരിച്ചു. അതൊക്കെ സത്യമാണെന്നു കരുതിയാൽ പോലും, ഒരാളെക്കൊണ്ടും ചെറിയൊരു പരാതിയോ ആരോപണമോ പോലും പറയിപ്പിക്കാതെ നോക്കേണ്ടത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കായിക മന്ത്രിയുടെയുമൊക്കെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനം നേടിത്തരുന്നവരുടെ കാര്യത്തിൽ അതീവ ശ്രദ്ധയും ജാഗ്രതയും തന്നെ വേണം.