നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആശ്രയമാണ് സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ. ചെറുതെങ്കിലും ഈയൊരു വരുമാനം ഉപയോഗിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന നിരവധിയാളുകൾ കേരളത്തിലുണ്ട്. തൊഴിലെടുത്തു ജീവിക്കാൻ വയ്യാത്ത പ്രായത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്കും ജീവിതം വഴിമുട്ടിനിൽക്കുന്നവർക്കും കൈത്താങ്ങായി മാറുന്നത് ഏതൊരു ജനാധിപത്യ സർക്കാരിന്റെയും പ്രാഥമിക കടമയായി കാണണം. അർഹരായ മുഴുവൻ ആളുകൾക്കും ക്ഷേമ പെൻഷൻ നൽകുന്നതിൽ ഒരു തരത്തിലുള്ള അലംഭാവവും കാണിക്കരുതാത്തതാണ്. അതുകൊണ്ടു തന്നെ ക്ഷേമ പെൻഷനുകൾ കൃത്യമായി നൽകുന്നത് സർക്കാരിന്റെ കാര്യക്ഷമതയുടെ മാനദണ്ഡവുമാണ്.
അതുപോലെ തന്നെ പ്രധാനമാണ് പാവങ്ങൾക്ക് അർഹതപ്പെട്ട ഈ സഹായം അവർക്കു തന്നെ കിട്ടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത്. സർക്കാരിന്റെ പണം ഏതു വിധത്തിലായാലും വാങ്ങിയെടുക്കാൻ കഴിയുമെങ്കിൽ അതിന് ഒരു മടിയുമില്ലാതെ തുനിഞ്ഞിറങ്ങുന്നവർ കണ്ടേക്കാം. സ്വാധീനം ചെലുത്തി വാങ്ങിച്ചെടുത്തെന്നോ സർക്കാരിനെ പറ്റിച്ചെന്നോ അഹങ്കരിക്കുന്നവരുമാകാം ഇവർ. പ്രലോഭനങ്ങളിൽപെട്ട് കിട്ടിയാൽ കിട്ടട്ടെ എന്നു കരുതി അപേക്ഷ കൊടുക്കുന്നവരും ഉണ്ടാകാം. അനർഹരെ വഴിവിട്ട് സഹായിക്കാനും പല തലങ്ങളിൽ ആളുകൾ കണ്ടേക്കാം. അങ്ങനെ അനർഹർ പണം കൈക്കലാക്കുമ്പോൾ നഷ്ടം സർക്കാർ ഖജനാവിനാണ്. സർക്കാരിന്റെ പണമല്ലേ ആരെങ്കിലും എടുത്തോട്ടെ എന്ന നയം നമുക്കു സ്വീകരിക്കാനാവില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണു സർക്കാർ ഓരോ ദിനവും തള്ളിനീക്കുന്നത്. ജനങ്ങളിൽ അമിത ഭാരം അടിച്ചേൽപ്പിച്ചാണു ചെലവുകൾ നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ ചെലവുകൾ അനാവശ്യമായിക്കൂടാ. ധൂർത്തും ധാരാളിത്തവും അനുവദിക്കാനാവില്ല. പണം വിനിയോഗത്തിൽ അശ്രദ്ധയും അലംഭാവവും കാണിച്ചാൽ പ്രതിസന്ധി കൂടുതൽ വഷളാവുകയേയുള്ളൂ. സർക്കാർ പണം ഏതു വിധത്തിൽ ആരൊക്കെ തട്ടിച്ചെടുക്കുന്നുവോ അതെല്ലാം കണ്ടെത്തി തടയേണ്ടതുണ്ട്. അടിയന്തരമായി ചെയ്യേണ്ടതാണത്.
സാമൂഹിക സുരക്ഷാ പെൻഷനിലെ ക്രമക്കേടുകൾ സംബന്ധിച്ചുള്ള സിഎജിയുടെ റിപ്പോർട്ട് വളരെ ഗൗരവത്തിൽ തന്നെ കാണേണ്ടതാണ്. മരിച്ചവർക്കുപോലും പെൻഷൻ നൽകുന്നു എന്നാണു കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ച റിപ്പോർട്ടിലുള്ളത്. സർക്കാർ ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും ക്ഷേമ പെൻഷൻ കിട്ടുന്ന അവസ്ഥയുണ്ടത്രേ! മതിയായ രേഖകളില്ലാതെ തള്ളിക്കളഞ്ഞ ചിലരെ പുതിയ അപേക്ഷകരായി അംഗീകരിച്ചു പെൻഷൻ നൽകിയെന്നും പറയുന്നുണ്ട്. ഒരേ ഗുണഭോക്താവിന് രണ്ടു വ്യത്യസ്ത പെൻഷനുകൾ അനുവദിച്ച സംഭവങ്ങളുണ്ട്. അതേസമയം, അർഹതപ്പെട്ടവർക്കു പെൻഷൻ നിഷേധിക്കുന്നുമുണ്ട്. പല വിധത്തിലുള്ള ക്രമക്കേടുകളാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. അതെല്ലാം പരിശോധിക്കേണ്ടതുണ്ട്. എങ്ങനെ അനർഹർ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ കയറിക്കൂടിയെന്നത് അന്വേഷിച്ച് കർശനമായ നടപടികൾ സ്വീകരിക്കണം.
തദ്ദേശ സ്ഥാപനങ്ങളിൽ സുരക്ഷാ പെൻഷന് അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അശ്രദ്ധ തട്ടിപ്പുകൾക്കു കാരണമാവുന്നുണ്ട്. അപേക്ഷകൾ പരിശോധിക്കുന്നതിലും അംഗീകാരം നൽകുന്നതിലും അശ്രദ്ധയുണ്ടാവുന്നു. പെൻഷൻ വാങ്ങുന്നവരിൽ 20 ശതമാനം പേർ അനർഹർ എന്നാണു സിഎജി പറയുന്നത്. 2017-18 മുതൽ 2020-21 വരെയുള്ള കാലഘട്ടത്തിൽ 48 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് മുപ്പതിനായിരം കോടിയോളം രൂപയാണു സർക്കാർ നൽകിയത്. ഇതിൽ ഇരുപതു ശതമാനം അനർഹരാണ് എന്നു പറഞ്ഞാൽ സർക്കാരിന്റെ എത്ര കോടി രൂപയാണ് അർഹതയില്ലാത്തവർ തട്ടിച്ചെടുത്തതെന്നു കണക്കാക്കാവുന്നതേയുള്ളൂ. ഇക്കഴിഞ്ഞ ഓണക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെയാണ് രണ്ടു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ 1,550 കോടി രൂപ സർക്കാർ അനുവദിച്ചത്. ക്ഷേമനിധി പെൻഷന് 212 കോടിയും നൽകി. മൊത്തം 1,762 കോടി രൂപ 60 ലക്ഷത്തോളം പേർക്കു പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് ഓണത്തിനു വിതരണം ചെയ്തത്. അതിൽ മാത്രം എത്ര കോടി രൂപ അനർഹരുടെ കൈകളിൽ എത്തിക്കാണും.
അർഹരായവർ മാത്രമാണ് സുരക്ഷാ പെൻഷൻ വാങ്ങുന്നതെന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ ഇനിയും എല്ലാ മാസവും കോടികൾ സർക്കാർ ഖജനാവിനു പാഴായിക്കൊണ്ടിരിക്കും. പെൻഷൻ സ്കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് അക്കൗണ്ടുകൾ ശരിയായി പാലിക്കുന്നില്ലെന്നാണു സിഎജി കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥാപനത്തിന്റെ നടത്തിപ്പിൽ സുതാര്യതയില്ലെന്നു പറയുമ്പോൾ അതും പരിശോധിക്കപ്പെടേണ്ടതാണ്. പെൻഷൻ സോഫ്റ്റ് വെയറിന്റെ നവീകരണം എന്ന സിഎജി നിർദേശവും സർക്കാർ പരിഗണിക്കണം.