കുട്ടി സീറ്റും ഡ്രൈവിങ് ലൈസൻസും 
Editorial

കുട്ടി സീറ്റും ഡ്രൈവിങ് ലൈസൻസും| മുഖപ്രസംഗം

നിയമത്തിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ നടപ്പാക്കാൻ നിന്നാൽ കേരളത്തിൽ വണ്ടിയോടിക്കാൻ പറ്റില്ലെന്നു മന്ത്രി തന്നെ പറയുന്നുണ്ട്

ആയിരക്കണക്കിനു കാർ യാത്രക്കാരുടെ വലിയൊരാശങ്കയാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇല്ലാതാക്കിയിരിക്കുന്നത്. കുട്ടികൾക്കു കാറിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കാനുള്ള ഗതാഗത കമ്മിഷണറുടെ തീരുമാനം തത്കാലം നടപ്പാക്കില്ലെന്നു മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. സർക്കാർ ഇതു സംബന്ധിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്ര ഗതാഗത നിയമത്തിൽ പറയുന്ന കാര്യം പറഞ്ഞെന്നേയുള്ളൂ, ബലം പ്രയോഗിച്ച് ഇതു നടപ്പാക്കില്ല എന്നത്രേ മന്ത്രിയുടെ പ്രഖ്യാപനം. ഈ നിയമം നടപ്പാക്കണമെന്ന് കേന്ദ്രം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെടുമ്പോൾ പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. എന്തായാലും കുട്ടികൾക്കു കുട്ടിസീറ്റില്ലെങ്കിൽ ഡിസംബർ മുതൽ പിഴ ചുമത്തുമെന്ന ഗതാഗത കമ്മിഷണറുടെ പ്രഖ്യാപനം നടപ്പാവില്ല. കാറുള്ളവരൊക്കെ കുട്ടിസീറ്റിനു വേണ്ടി പരക്കം പായേണ്ട അവസ്ഥ ഒഴിവാകുകയാണ്. നിയമങ്ങൾ പാലിക്കാനുള്ളതു തന്നെയാണ്. പക്ഷേ, അതിന്‍റെ പേരിൽ പെട്ടെന്നുള്ള ചില അടിച്ചേൽപ്പിക്കലുകൾ ജനങ്ങൾക്കു ബുദ്ധിമുട്ടായി മാറും.

നിയമത്തിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ നടപ്പാക്കാൻ നിന്നാൽ കേരളത്തിൽ വണ്ടിയോടിക്കാൻ പറ്റില്ലെന്നു മന്ത്രി തന്നെ പറയുന്നുണ്ട്. അതിനു കാരണം നിയമം ഉദ്ദേശിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഇവിടെയില്ല എന്നതാണ്. നമ്മുടെ റോഡുകളുടെ അവസ്ഥ തന്നെ നോക്കുക. പല സ്ഥലത്തും പൊട്ടിപ്പൊളിഞ്ഞ് പരിതാപകരമായ അവസ്ഥയിലാണു റോഡുകളുള്ളത്. അപകടങ്ങളുണ്ടാവാനുള്ള ഒരു പ്രധാന കാരണം ഈ റോഡുകളാണ്. സർക്കാർ ഡിപ്പാർട്ട്മെന്‍റുകൾ കുത്തിപ്പൊളിച്ചിട്ട റോഡുകൾ യാത്രക്കാരെ അപകടത്തിലാക്കുന്നതും പതിവ്. അതുപോലെ തന്നെയാണ് തുറന്നു കിടക്കുന്ന ഡ്രൈനേജുകൾ. നഗരങ്ങളിൽ പോലും പാർക്കിങ് സൗകര്യം കുറവാണ്. അതിനൊന്നും ഒരു പരിഹാരം കാണാൻ സർക്കാരിനു കഴിയാറില്ല. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിക്കണമെന്നാണു കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ, 15 വർഷ കാലാവധി കഴിഞ്ഞ ആയിരത്തിലേറെ കെഎസ്ആർടിസി ബസുകളുടെ കാലാവധി രണ്ടു വർഷം കൂടി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് അടുത്തിടെയാണ്. കഴിഞ്ഞ വർഷം ബസുകളുടെ കാലാവധി ഒരു വർഷം കൂടി വർധിപ്പിച്ചു നൽകിയതിനു പിന്നാലെയാണ് വീണ്ടും ഇതേ നയം തുടരുന്നത്. ഇത്രയേറെ ബസുകൾ ഒന്നിച്ചു പിൻവലിക്കേണ്ടിവന്നാൽ പകരം പുതിയ ബസുകൾ വാങ്ങി യാത്രാക്ലേശം പരിഹരിക്കാൻ സർക്കാരിനു കഴിയില്ല എന്നതു കൊണ്ടാണ് പഴയ ബസുകളുടെ കാലാവധി നീട്ടേണ്ടിവരുന്നത്.

ആ ന്യായീകരണം ജനങ്ങൾക്കു മനസിലാവും. പക്ഷേ, ജനങ്ങളുടെ മേൽ തട്ടിക്കയറാൻ എന്തൊക്കെ ഉപയോഗിക്കാം എന്നു ഗവേഷണം നടത്തി കണ്ടെത്തുകയാണു ചിലരുടെ ജോലി. കുട്ടിസീറ്റുകൾ ആവശ്യത്തിനു കിട്ടാൻ പോലുമില്ല എന്ന ബോധ്യം മന്ത്രിക്കെങ്കിലുമുണ്ടായി. അത്രയും നല്ലത്. യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ് എന്നതിൽ തർക്കമൊന്നുമില്ല. കുട്ടികളെ പിൻസീറ്റിൽ ഇരുത്താൻ ശ്രദ്ധിക്കുക, ബൈക്കിൽ പോകുമ്പോൾ കുട്ടികൾക്കും ഹെൽമറ്റ് വയ്ക്കുക എന്നതൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഇക്കാര്യങ്ങളിലൊക്കെ ബോധവത്കര‍ണ പ്രവർത്തനങ്ങൾ തുടരുകയും വേണം. ഇതിനൊപ്പം കുട്ടികൾക്കുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും നിയമാനുസൃതം വാഹനങ്ങളിൽ ഒരുക്കുന്നതും ആവശ്യമാണ്. പക്ഷേ, അതൊന്നും എടുത്തുചാടി നടപ്പാക്കേണ്ടതല്ല. കൊട്ടിഘോഷിച്ച് നാടു മുഴുവൻ എഐ ക്യാമറകൾ വച്ച് ആളുകളിൽ നിന്നു കോടിക്കണക്കിനു രൂപ പിഴിഞ്ഞെടുത്ത ശേഷവും അപകടങ്ങളിൽ എന്തുമാത്രം കുറവുണ്ടായിട്ടുണ്ട് എന്നു പരിശോധിക്കേണ്ടതാണ്.

സംസ്ഥാനത്ത് വാഹന ലൈസൻസും ആർസി ബുക്കും പ്രിന്‍റ് ചെയ്തു നല്‍കുന്നത് നിർത്തലാക്കാനുള്ള തീരുമാനം മന്ത്രി ഇന്നലെയും ആവർത്തിക്കുകയുണ്ടായി. ഇവ രണ്ടും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കുന്നത് എന്തായാലും സ്വാഗതാർഹമാണ്. ആദ്യ ഘട്ടത്തില്‍ ഡ്രൈവിങ് ലൈസൻസിന്‍റെയും രണ്ടാം ഘട്ടത്തില്‍ ആർസി ബുക്കിന്‍റെയും പ്രിന്‍റിങ് നിർത്തലാക്കി ഇവ ഡൗൺലോഡ് ചെയ്തെടുക്കാമെന്ന രീതിയിലേക്കു മാറ്റം വരുത്തുന്നത് സർക്കാരിനും ജനങ്ങൾക്കും സൗകര്യപ്രദമാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഇത്രയേറെ വളർന്ന കാലത്ത് സർക്കാർ പ്രിന്‍റ് ചെയ്ത് ഇത്തരം രേഖകൾ കൊടുക്കേണ്ടതില്ല. ഇപ്പോൾ ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ രണ്ടുമാസം കഴിഞ്ഞാണ് ലൈസൻസ് തപാല്‍ മാർഗം ലഭ്യമാവുന്നത്. മൂന്നുമാസത്തോളം കഴിഞ്ഞാണ് ആർസി ബുക്ക് ലഭിക്കുന്നത്. ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിറ്റുകള്‍ക്കകം ലൈസൻസ് ലഭ്യമാവും. ഡിജി ലോക്കറിൽ ഇത്തരത്തില്‍ വാഹന രേഖകള്‍ സൂക്ഷിക്കാം. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് രേഖകള്‍ പരിശോധിക്കാം. വേണമെങ്കിൽ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് സൂക്ഷിക്കാനുമാവും. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം തന്നെയാണ് ഗതാഗത വകുപ്പ് എടുത്തിരിക്കുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?