cpm flag 
Editorial

തെറ്റു തിരുത്തട്ടെ, സിപിഎം

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ വിശദമായി വിലയിരുത്തി തെറ്റുതിരുത്തൽ നടപടികളിലേക്കു കടക്കുകയാണു സിപിഎം. അഞ്ചു ദിവസമാണ് പാർട്ടിയുടെ നേതൃയോഗം തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ ചേർന്നത്. ജനങ്ങൾ എന്തുകൊണ്ട് കൈയൊഴിഞ്ഞുവെന്നു കണ്ടെത്താനും ഇനി അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആർജവം കാണിക്കുന്നത് ഏതു രാഷ്‌ട്രീയ കക്ഷിയെ സംബന്ധിച്ചും സ്വാഗതാർഹമായ കാര്യമാണ്. സമീപദിവസങ്ങളിൽ നടന്ന സിപിഐയുടെ ചില യോഗങ്ങളിലും സർക്കാരിന്‍റെ പ്രവർത്തന രീതിയും ശൈലിയുമൊക്കെ ചർച്ചയായിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിലുണ്ടായ ആഘാതം ചെറുതൊന്നുമല്ല. എന്നാൽ, ഇത്തരം തിരിച്ചടികളിൽ നിന്ന് തിരിച്ചുവരാനുള്ള ശേഷി ഇടതു പാർട്ടികൾക്കുണ്ടെന്നു മുൻപ് തെളിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷമാണല്ലോ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് വിജയം പിടിച്ചെടുത്തത്. എന്നാൽ, ഈ ഉദാഹരണം പറഞ്ഞ് ആശ്വസിച്ചിരിക്കാൻ സിപിഎമ്മിനോ സിപിഐയ്ക്കോ കഴിയില്ല. അതിനു കാരണം അന്നത്തെ സാഹചര്യമല്ല ഇന്ന് എന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കു വച്ച് 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാം സ്ഥാനത്തുള്ളത്. എട്ടു മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. 20 ശതമാനത്തിനടുത്തും അതിനു മുകളിലും വോട്ടുനേടിയ പല മണ്ഡലങ്ങളുമുണ്ട്. കേഡറാണ്, ചോരില്ല എന്നൊക്കെ അവകാശപ്പെട്ടിരുന്ന ഇടതുകോട്ടകൾ വിണ്ടുകീറിയിട്ടുണ്ട്. രണ്ടാം വട്ടവും പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് കൂടുതൽ ഊർജം കൈവന്നിട്ടുണ്ട്. ഇതെല്ലാം തിരിച്ചറിയുന്നില്ലെങ്കിൽ പശ്ചിമ ബംഗാളിലെ ഇടതു പക്ഷത്തിനു പറ്റിയ അബദ്ധം ആവർത്തിച്ചേക്കാമെന്ന ബോധ്യം നേതാക്കൾക്കുണ്ടാവുന്നത് ഇടതുപക്ഷ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.

ഇപ്പോൾ തുടങ്ങിവച്ചിരിക്കുന്ന തെറ്റുതിരുത്തൽ നീക്കങ്ങൾ ആത്മാർഥമായാണ് എന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎമ്മിനു കഴിയേണ്ടതുണ്ട്. സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായി എന്നു പാർട്ടി തന്നെ വിലയിരുത്തുന്ന പാളിച്ചകൾ തിരുത്തപ്പെടേണ്ടതുണ്ട്. നയങ്ങളും നടപടികളും ജനങ്ങൾക്കു വേണ്ടിയാണെന്ന് അവർക്കു ബോധ്യമുള്ളിടത്തോളം കാലമേ ഏതു രാഷ്‌ട്രീയ കക്ഷിക്കും ജനപിന്തുണയുണ്ടാകൂ. നേതാക്കള്‍ മുതല്‍ പ്രവര്‍ത്തകര്‍ വരെ തെറ്റു തിരുത്തി പാർട്ടി ജനകീയമാകുമെന്നാണു സിപിഎം പറയുന്നത്. നേതാക്കളുടെ ശൈലി മാറ്റവും ഇതിലുൾപ്പെടുമത്രേ. സംസ്ഥാന സര്‍ക്കാര്‍ പാര്‍ട്ടിക്കു കീഴില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് അനസരിച്ചു നീങ്ങണമെന്ന കര്‍ശന നിര്‍ദേശവും നൽകിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാക്രമം അടുത്ത സംസ്ഥാന സമിതി നിശ്ചയിക്കുമെന്നും പറയുന്നു. ക്ഷേമ പെൻഷൻ മുടങ്ങിയത്, സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ ഇല്ലാതായത്, ഗൂണ്ടകളുടെ അഴിഞ്ഞാട്ടം, പൊലീസിനെതിരേ നിരന്തരം ഉയർന്നുവന്ന ആക്ഷേപങ്ങൾ, അസാധാരണമായ സാമ്പത്തിക പ്രതിസന്ധി തുടങ്ങി സർക്കാരിനെതിരേ ഉയർന്ന പരാതികൾ പലതുണ്ട്. ഇതിലൊക്കെ ഏതു തരത്തിലാവും തിരുത്തലുകളെന്ന് ജനങ്ങൾ ഉറ്റുനോക്കുകയാണ്.

സെക്രട്ടേറിയറ്റ്-സംസ്ഥാന സമിതി ചർച്ചകൾക്കു ശേഷം മാധ്യമങ്ങളോടു സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്നു തുറന്നു സമ്മതിക്കുകയുണ്ടായി. അതു ജനപക്ഷത്തുനിന്നുള്ള ശരിയായ വിലയിരുത്തലാണ്. എന്നാൽ, ജാതി, മത രാഷ്‌ട്രീയം ഇടതുപക്ഷത്തിനു തിരിച്ചടിയായി എന്നൊരു വ്യാഖ്യാനവും പാർട്ടി നൽകുന്നുണ്ട്. വിവിധ ജാതീയ സംഘടനകൾ പല കാരണങ്ങൾ കൊണ്ട് വർഗീയ ശക്തികൾക്കു കീഴ്പ്പെട്ടുവെന്നൊക്കെയാണു പാർട്ടി പറയുന്നത്. ജാതി, മത സംഘടനകളൊക്കെ പല തരത്തിൽ നിലപാടുകൾ എടുത്തിട്ടുണ്ടാവാം. അത് ഏതു തെരഞ്ഞെടുപ്പിലും ഉണ്ടാവാറുള്ളതാണ്. പക്ഷേ, ജനങ്ങൾ അതിനൊത്താണ് വോട്ടു ചെയ്തതെന്നു പറയുന്നതിൽ അർഥമൊന്നുമില്ല. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ജാതിയും മതവും നോക്കാതെ ഇവിടുത്തെ ജനങ്ങൾ പിന്തുണയ്ക്കുമെന്നതിനു തെളിവുകൾ എത്രയോ ഉണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നവരെ കണ്ണടച്ച് തള്ളിക്കളയാൻ വോട്ടർമാർ തയാറാവില്ല. ജനങ്ങളിലേക്കു പോകണമെന്നാണു സിപിഎം തീരുമാനമെന്നും നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കുമെന്നും ഗോവിന്ദൻ അവകാശപ്പെടുന്നുണ്ട്. ജനങ്ങളുടെ മനസ് മനസിലാക്കി പ്രവർത്തനം കാര്യക്ഷമമാക്കാൻ പാർട്ടിക്കു കഴിഞ്ഞാൽ തീർച്ചയായും അതിനു ഫലമുണ്ടാകും.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു