അൻവറും അജിത്കുമാറും അസാധാരണ സാഹചര്യവും| മുഖപ്രസംഗം 
Editorial

അൻവറും അജിത്കുമാറും അസാധാരണ സാഹചര്യവും| മുഖപ്രസംഗം

ആഭ്യന്തര വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്ന ഉദ്യോഗസ്ഥനെതിരേ ഒരു ഭരണകക്ഷി എംഎൽഎ തുടർച്ചയായി അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്ന അസാധാരണ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരേയും എംഎൽഎ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒന്നുകിൽ എംഎൽഎ ആരോപിക്കുന്നതെല്ലാം തെറ്റാണെന്നു സർക്കാരിനു ബോധ്യമുണ്ടാവണം. അതു തെറ്റാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. അതല്ലെങ്കിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണം. രണ്ടു മാർഗവും സ്വീകരിച്ചു കാണുന്നില്ല എന്നതാണ് ഇതു സംബന്ധിച്ച വിവാദത്തിനു ദിവസം ചെല്ലുന്തോറും കരുത്തു വർധിപ്പിക്കുന്നത്. കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടക്കുന്നുണ്ട്, അതു കഴിഞ്ഞ ശേഷം എന്തു ചെയ്യണമെന്നു തീരുമാനിക്കാമെന്ന സർക്കാരിന്‍റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നത് ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ ഗുരുതര സ്വഭാവം കൊണ്ടാണ്. ഇതുപോലുള്ള കുറ്റങ്ങൾ ചെയ്തുവെന്ന് ഭരണപക്ഷക്കാർ തന്നെ ആരോപിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം നടക്കുമ്പോൾ അതേ സ്ഥാനത്തു തുടരുന്നത് ന്യായീകരിക്കാമോ എന്നതാണു പ്രധാന വിഷയം.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ പി.വി. അൻവർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ നോക്കുക. അജിത്കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്നാണ് പരസ്യമായി അൻവർ ആരോപിച്ചിരിക്കുന്നത്. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നുവെന്നും അൻവർ കുറ്റപ്പെടുത്തുന്നു. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്നത് മറ്റൊരു ആരോപണമാണ്. എഡിജിപിയുടെ നിർദേശ പ്രകാരമാണ് തൃശൂർ പൂരം പൊലീസ് അലങ്കോലമാക്കിയത് എന്നതും ഗുരുതരമായ ആരോപണം. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. സോളാർ കേസ് അട്ടിമറിച്ചതും അജിത്കുമാറാണെന്നാണ് അൻവർ അവകാശപ്പെടുന്നത്. പല പ്രമുഖരെയും സോളാർ കേസിൽ നിന്ന് അദ്ദേഹം രക്ഷപെടുത്തിയത്രേ. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിനടുത്ത് അജിത്കുമാർ‌ കോടികൾ വിലയുള്ള കണ്ണായ സ്ഥലം വാങ്ങി "കൊട്ടാരം' നിർമിക്കുകയാണെന്ന അൻവറിന്‍റെ വെളിപ്പെടുത്തലും കേരളം ചർച്ച ചെയ്തതാണ്.

ഇതിനെല്ലാം പുറമേ ഇന്നലെ മറ്റു ചില ആരോപണങ്ങൾ കൂടി അൻവർ ഉന്നയിച്ചിട്ടുണ്ട്. ആർഎസ്എസ് സ്വഭാവമുള്ള പൊലീസുകാർ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നതു സംബന്ധിച്ചാണിത്. ആർഎസ്എസും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച ഇന്‍റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കാണാതെ പൂഴ്ത്തിയെന്ന് അൻവർ ആരോപിക്കുന്നു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നുമുണ്ട് ആരോപണം. പലവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാൾ എന്ന് ഭരണകക്ഷി എംഎൽഎ പറയുന്നത് ക്രമസമാധാന പാലനത്തിന്‍റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ചാണ്! അതു മാത്രമല്ല ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഇപ്പോഴത്തെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് എൽഡിഎഫിലെ ഘടകകക്ഷികളും ആവശ്യപ്പെടുന്നുണ്ട്. സിപിഐയും ആർജെഡിയും എന്‍സിപിയും ഈ ആവശ്യം ഉന്നയിച്ചതാണ്. ""ആർഎസ്എസ് ഉന്നതരെ ഊഴംവച്ചു കാണുന്നയാൾ'' എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അജിത്കുമാറിനെ വിശേഷിപ്പിച്ചത്. ഇത്രയേറെ ആരോപണങ്ങൾ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരേ ഭരണപക്ഷത്തുനിന്നു തന്നെ ഉയരുന്നത് ഇതാദ്യമാവും.

ഇന്നലെ ഗവർണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തിയെന്ന അൻവറിന്‍റെ ആരോപണം സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിയോടു റിപ്പോർട്ട് തേടിയിരിക്കുകയാണ്. ഏറെ ഗൗരവമുള്ള കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുപ്രീം കോടതി ഉത്തരവുകളുടെയും മാർഗനിർദേശങ്ങളുടെയും നഗ്നമായ ലംഘനമാണ് മന്ത്രിമാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതിലുള്ളതെന്ന് ഗവർണർ പറയുന്നു. എന്തായാലും വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിക്കുകയായിരുന്നു എന്നതടക്കമുള്ള അൻവറിന്‍റെ ആരോപണങ്ങൾക്ക് സർക്കാരിൽ നിന്നും സിപിഎമ്മിൽ നിന്നും വ്യക്തമായ ഉത്തരം കിട്ടുന്നതു കാത്തിരിക്കുകയാണു ജനങ്ങൾ. ആർഎസ്എസ് നേതാക്കളുമായി എഡിജിപി ചർച്ച നടത്തി എന്ന വിഷയത്തിലേക്കു മാത്രം ചർച്ച മാറിപ്പോയാൽ പോരാ. കൊടുംക്രിമിനലാണ് എന്നതുപോലുള്ള ആരോപണങ്ങൾ എന്തുകൊണ്ട് ഉയർന്നു, അതിൽ എത്രമാത്രം വസ്തുതയുണ്ട് എന്നൊക്കെ ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ അടിച്ചുമാറ്റിയെന്ന് അൻവർ ആരോപിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരേ സസ്പെൻഷൻ നടപടിയുണ്ടായതും പരാതികൾ ഉയർന്നതിനെത്തുടർന്ന് മലപ്പുറം പൊലീസിൽ വൻ അഴിച്ചുപണി നടത്തിയതും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. അപ്പോഴും എഡിജിപി സംരക്ഷിക്കപ്പെടുന്നുവെന്നാണു പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷത്തിനു മാത്രമല്ല ഭരണപക്ഷത്തെ ഘടകകക്ഷികൾക്കുപോലും വിശ്വാസമില്ലാത്ത വിധം പൊലീസിന്‍റെ പ്രവർത്തനം മാറിക്കൂടാ എന്നാണ് പൊതുവിൽ പറയാനുള്ളത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി