എടിഎമ്മുകളുടെ സുരക്ഷ ഉറപ്പാക്കാനാവണം 
Editorial

എടിഎമ്മുകളുടെ സുരക്ഷ ഉറപ്പാക്കാനാവണം

സുരക്ഷിതമല്ലാത്ത വിധത്തിൽ എടിഎമ്മുകൾ പ്രവർത്തിക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്

വെള്ളിയാഴ്ച പുലർച്ചെ ഉത്തരേന്ത്യയിൽ നിന്നുള്ള കൊള്ളക്കാർ തൃശൂരിലെ മൂന്ന് എടിഎമ്മുകളിൽ ആസൂത്രിതമായി നടത്തിയ കവർച്ച ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. സുരക്ഷിതമല്ലാത്ത വിധത്തിൽ എടിഎമ്മുകൾ പ്രവർത്തിക്കുന്നത് എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഈ കവർച്ച ഓർമിപ്പിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ മൂന്നു ശാഖകളിലാണ് കൊള്ളക്കാർ അനായാസം കയറിയിറങ്ങി പണം അപഹരിച്ചത് എന്നതാണ് ഞെട്ടിപ്പിക്കുന്നത്. എസ്ബിഐയുടെ സുരക്ഷാ സംവിധാനങ്ങൾ പോലും കൊള്ളക്കാർക്ക് എളുപ്പം മറികടക്കാനാവുന്നുവെങ്കിൽ എടിഎം സുരക്ഷ സംബന്ധിച്ച് അടിയന്തരമായ കൂടിയാലോചനകൾ ബാങ്കിങ് മേഖലയിൽ ഉണ്ടാവേണ്ടതുണ്ടെന്നു വ്യക്തമാണല്ലോ. കൊള്ളമുതലുമായി കണ്ടെയ്‌നർ ലോറിയിൽ രക്ഷപെടുമ്പോൾ തമിഴ്നാട്ടിലെ നാമക്കലിൽ വച്ച് ലോറി മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടായതുകൊണ്ടാണ് പൊലീസിനു കൊള്ളക്കാരെ പിടികൂടാൻ കഴിഞ്ഞത്. പ്രതികളിൽ ആറുപേർ പിടിയിലായപ്പോൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. കണ്ടെയ്നർ ലോറി ഓടിച്ചിരുന്നയാളാണു കൊല്ലപ്പെട്ടത്. പിടിയിലായ ഒരു പ്രതിക്കും രണ്ടു പൊലീസുകാർക്കും പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

തമിഴ്നാട് പൊലീസ് അന്വേഷണം നടത്തിവരികയാണ്. തോക്ക് അടക്കം ആയുധങ്ങൾ കൊള്ളക്കാരിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പല എടിഎം കവർച്ചാ കേസുകളിലും പ്രതികൾക്കു പങ്കുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസ് ഒട്ടും സമയം കളയാതെ പ്രതികൾക്കു പിന്നാലെ പാഞ്ഞു എന്നതു വാസ്തവമാണ്. കണ്ടെയ്ന‌ർ അപകടത്തിൽ പെട്ടതു പ്രതികളെ പിടികൂടാൻ സഹായിക്കുകയും ചെയ്തു. പ്രതികൾ രക്ഷപെട്ടിരുന്നെങ്കിൽ ഇനിയും അവർ രാജ്യത്തെ എടിഎമ്മുകൾക്കു ഭീഷണി ഉയർത്തുമായിരുന്നു. വളരെ ആസൂത്രിതമായ രീതിയിലാണ് അവരുടെ പ്രവർത്തനം എന്നതു ഗൗരവത്തോടെ കാണേണ്ടതാണ്. തട്ടിപ്പിന് എല്ലാ പരിശീലനവും നേടിയ സംഘമാണ് അവരുടേതെന്നു പൊലീസ് പറയുന്നുണ്ട്. കാറിലെത്തി കവർച്ച നടത്തുക, അതിനു ശേഷം ആ കാർ പിടിക്കപ്പെടാതിരിക്കാൻ കണ്ടെയ്നറിൽ കയറ്റി രക്ഷപെടുക എന്നതായിരുന്നു ഇവർ സ്വീകരിച്ച തന്ത്രം. മോഷണം നടത്തേണ്ട എടിഎമ്മുകൾ കണ്ടെത്തിയാൽ ദിവസങ്ങൾക്കു മുൻപു തന്നെ അവിടെയെത്തി നിരീക്ഷണം നടത്തി രക്ഷപെടാനുള്ള മാർഗങ്ങൾ അടക്കം തീരുമാനിച്ചുറപ്പിച്ചാണ് അവർ പ്രവർത്തിച്ചിരുന്നത്.

പുലർച്ചെ രണ്ടു മണിക്കു ശേഷമാണ് കൊള്ളക്കാർ കവർച്ച തുടങ്ങുന്നത്. ആദ്യം ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണത്ത് എസ്ബിഐ എടിഎമ്മിലേക്ക് ഇവർ കാറിൽ വരുന്നു. മുഖം മൂടി ധരിച്ചെത്തിയ അവർ സിസിടിവികൾ നശിപ്പിക്കുകയും ഗ്യാസ് കട്ടറുപയോഗിച്ച് എടിഎം തകർക്കുകയും ചെയ്യുകയാണ്. 33 ലക്ഷം രൂപയാണ് ഇവിടെനിന്നു കവർന്നത്. എടിഎം തകർന്ന സന്ദേശം ബാങ്ക് സർവറിൽ നിന്നു ലഭിച്ചതനുസരിച്ച് പൊലീസ് കുതിച്ചെത്തിയെങ്കിലും കൊള്ളക്കാർ അവിടം വിട്ട് തൃശൂരിലെത്തിയിരുന്നു. മാപ്രാണത്ത് പൊലീസ് തെരച്ചിൽ നടത്തുമ്പോൾ ഷൊർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് പണം കവരുകയായിരുന്നു കൊള്ളസംഘം. പത്തു ലക്ഷം രൂപയോളമാണ് ഇവിടെ നിന്നു കവർന്നത്. പൊലീസ് ഇവിടെയെത്തുമ്പോഴേക്കും അവർ കോലഴിയിലെത്തി അവിടുത്തെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപയിലേറെ കവർന്നു. എടിഎമ്മുകളിൽ നിന്നു ലഭിച്ച അലെർട്ടിനനുസരിച്ച് പൊലീസ് ഓടിയെത്തിയെങ്കിലും അതിലും മുൻപേ കവർച്ച പൂർത്തിയാക്കി ഓരോ സ്ഥലവും വിടാൻ കൊള്ളക്കാർക്കു കഴിഞ്ഞു. ഇവർ സഞ്ചരിച്ച വെള്ള കാർ അന്വേഷിച്ച് പൊലീസ് പരക്കം പായുമ്പോൾ കാർ കണ്ടെയ്നറിൽ കയറ്റി ഒളിപ്പിച്ച് തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു പ്രതികൾ.

അതിർത്തികളിൽ പരിശോധന ശക്തമാക്കുകയും അയൽ സംസ്ഥാനങ്ങൾക്കു വിവരം നൽകുകയും ചെയ്ത പൊലീസ് പ്രതികളെ പിടിക്കാൻ സർവ മാർഗങ്ങളും തേടി. വാളയാർ വഴി കൊള്ളക്കാർ തങ്ങളുടെ സംസ്ഥാനത്ത് എത്താനുള്ള സാധ്യത മനസിലാക്കിയ തമിഴ്നാട് പൊലീസും ഉണർന്നു പ്രവർത്തിച്ചു. തമിഴ്നാട് പൊലീസിന്‍റെ വാഹന പരിശോധനാ സംഘം പിന്തുടർന്നപ്പോഴാണ് രക്ഷപെടാനുള്ള പ്രതികളുടെ ശ്രമത്തിനിടെ ലോറി അപകടത്തിൽപെട്ടത്. എന്തായാലും തങ്ങളെ ആക്രമിച്ചു രക്ഷപെടാൻ തമിഴ്നാട് പൊലീസ് പ്രതികളെ അനുവദിച്ചില്ല. മറ്റു പല സംസ്ഥാനങ്ങളിലും കവർച്ചാകേസുകളുള്ളവരാണ് പ്രതികളെന്ന് തമിഴ്നാട് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പഴയ എടിഎമ്മുകൾ ബാങ്കുകളിൽ നിന്ന് ലേലം വിളിച്ചെടുത്ത് ഇതിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർക്കുന്നതിന് പരിശീലനം നേടിയ വലിയൊരു സംഘത്തിലെ ചിലരാണു പിടിയിലായിരിക്കുന്നത് എന്നാണു നിഗമനം. അതിവേഗം ലക്ഷ്യം നേടാൻ കഴിയുന്നത്ര വിദഗ്ധമായ പരിശീലനം നേടിയ ശേഷമാണ് ഇവർ കൊള്ളയ്ക്ക് ഇറങ്ങുന്നതത്രേ. എടിഎം കൊള്ളക്കാരുടെ വലിയൊരു ശൃംഖലയെ പുറത്തുകൊണ്ടുവരുന്നതിന് ഈ കേസിന്‍റെ അന്വേഷണം സഹായിച്ചേക്കാം.

പക്ഷേ, അതുകൊണ്ടു മാത്രമായില്ല. ഇനിയും എടിഎമ്മുകൾ കൊള്ളയടിക്കപ്പെടാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. അത്യാധുനിക സാങ്കേതിക വിദ്യകൾ വന്നതോടെ എടിഎമ്മുകൾക്ക് കാവൽ നിൽക്കുന്നത് പലയിടത്തും ഇല്ലാതായിട്ടുണ്ട്. കവർച്ച നടത്തുമ്പോൾ പൊലീസിനു വിവരം കിട്ടുന്നു എന്നതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ഇപ്പോൾ മനസിലാവുകയാണ്. പൊലീസ് എത്തുന്നതിനു മുൻപ് വളരെ ചുരുങ്ങിയ സമയം കൊണ്ട് കവർച്ച നടത്തി രക്ഷപെടാൻ കൊള്ളക്കാർക്കു കഴിയുന്നു. എടിഎം ഉള്ള മേഖലകളിൽ പൊലീസിന്‍റെ രാത്രികാല പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കുന്നതടക്കം ആലോചിക്കേണ്ടതാണ്. എടിഎമ്മുകൾക്കെല്ലാം കാവൽക്കാരെ വയ്ക്കുക എന്ന നിർദേശവും പരിഗണിക്കപ്പെടണം. ചെലവു കൂടുതലാണ് എന്നതാണ് കാവൽ ഏർപ്പെടുത്തുന്നതിന് ബാങ്കുകൾക്കു തടസമായിട്ടുള്ളത്. ഇനിയും ഏതൊക്കെ തരത്തിലുള്ള ആധുനിക മുന്നറിയിപ്പു സംവിധാനങ്ങളാണ് ഏർപ്പെടുത്താവുന്നത് എന്നതും ആലോചിക്കണം.

47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

നാശം വിതച്ച് പെരുമഴ; തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു

കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ