ഇറാനുമായി ദീർഘകാലത്തെ നല്ല ബന്ധങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഉഭയകക്ഷി വ്യാപാരത്തിലടക്കം ഈ സൗഹൃദം പ്രതിഫലിക്കുന്നുമുണ്ട്. വിവിധ രംഗങ്ങളിലെ ജോലികളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. പ്രതിരോധ- സാങ്കേതിക വിദ്യാ മേഖലകളിൽ അടക്കം ഇസ്രയേലുമായുള്ള ബന്ധം ശക്തമായി വരുമ്പോൾ തന്നെ ഇറാനുമായുള്ള സൗഹൃദത്തിലും കോട്ടം തട്ടാതെ നോക്കാൻ ഇന്ത്യയ്ക്കു കഴിയാറുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേൽ- ഇറാൻ ബന്ധങ്ങൾ വഷളാവുന്നത് ഏറെ ആശങ്കയോടെയാണ് ഇന്ത്യ നോക്കിക്കാണുക. ഈ രാജ്യങ്ങൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിന് എത്രയും വേഗം അയവുണ്ടാകട്ടെയെന്ന് ഇന്ത്യ ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്. ഈ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വഷളാവുന്നത് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ മോശമാക്കുകയാണു ചെയ്യുക. അത് ക്രൂഡ് ഓയിൽ വിതരണത്തെയും എണ്ണ വിലയെയും അടക്കം ഗുരുതരമായി ബാധിക്കും. അതിന്‍റെ ദോഷം ഇന്ത്യയും അനുഭവിക്കേണ്ടിവരും എന്നതും യാഥാർഥ്യമാണ്.
സിറിയയിലെ ഇറേനിയൻ എംബസിക്കു നേരേയുണ്ടായ ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിന് ഇറാൻ കഴിഞ്ഞ ദിവസം മറുപടി നൽകിക്കഴിഞ്ഞു. ഇസ്രയേലിലെ സൈനിക താവളങ്ങളെ ലക്ഷ്യംവച്ചുള്ള ഇറാന്‍റെ ഡ്രോൺ- മിസൈൽ ആക്രമണം അടിച്ചാൽ തങ്ങൾ തിരിച്ചടിക്കുമെന്ന സന്ദേശം നൽകാനായിരുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളുമാണ് ഇറാൻ പ്രയോഗിച്ചത്. അതേസമയം, 99 ശതമാനം ഇറേനിയൻ ഡ്രോണുകളും മിസൈലുകളും ഇസ്രയേലിനു തടയാനായി എന്നും അവകാശപ്പെടുന്നുണ്ട്. എന്തായാലും ജനവാസ മേഖലകൾക്കു കാര്യമായ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. 170 ഡ്രോണുകളും 30 മിസൈലുകളും ഇസ്രയേലിൽ എത്തും മുൻപു തന്നെ വെടിവച്ചിട്ടുവെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഏതാനും ചില മിസൈലുകൾ അതിർത്തി കടന്നു വന്നുവെന്നും 12 പേർക്കു പരുക്കേറ്റെന്നും ഇസ്രേലി സൈന്യം പറയുന്നു. മുൻകൂട്ടി മുന്നറിയിപ്പു നൽകിയ ശേഷമായിരുന്നു ഇറാന്‍റെ ഈ ആക്രമണം. അത് ഒഴിവാക്കാനുള്ള ലോക നേതാക്കളുടെ ശ്രമങ്ങൾ ഫലിച്ചില്ല എന്നതും എടുത്തു പറയണം.
എംബസി ആക്രമണത്തോടുള്ള പ്രതികരണം പൂർത്തിയായെന്നും ഇനി ആക്രമണത്തിനില്ലെന്നും ഇറാൻ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. എന്നാൽ, ഇതിനൊരു ഇസ്രയേൽ തിരിച്ചടിയുണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവും. സമീപകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് പശ്ചിമേഷ്യ നീങ്ങാനും ഇടയുണ്ട്. ഇന്ത്യ അടക്കം ലോക രാജ്യങ്ങളെ അതു ബാധിക്കുമെന്നതിനാൽ അതൊരു ചെറിയ വിഷയമേ അല്ല. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാനിലെയും ഇസ്രയേലിലെയും വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണിൽ സംസാരിച്ചത്. സംയമനം പാലിക്കാനും സംഘർഷത്തിന് അയവുണ്ടാക്കാനും നയതന്ത്ര തലത്തിൽ പരിഹാരം കാണാനും ഇരു രാജ്യങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി. ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതും കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിലും ജയശങ്കർ ശ്രദ്ധ നൽകുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് 25 ജീവനക്കാരുള്ള എംഎസ് സി ഏരിസ് എന്ന ഇസ്രേലി ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്‍റെ സോഡിയാക് ഗ്രൂപ്പിന്‍റെ കപ്പൽ ഇറേനിയൻ റവല്യൂഷണറി ഗാർഡിന്‍റെ കമാൻഡോകൾ ഹോർമുസ് കടലിടുക്കിൽ നിന്നു പിടിച്ചെടുത്ത് ഇറാൻ തീരത്തേക്കു നീക്കുകയായിരുന്നു. സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഇറാന്‍റെ ഈ നടപടി. കപ്പൽ ഇസ്രയേൽ പൗരന്‍റേതാണെങ്കിലും അതിലെ 17 ജീവനക്കാരും ഇന്ത്യക്കാരാണെന്നതും അവരിൽ നാലു മലയാളികളുണ്ട് എന്നതും നമ്മെ സംബന്ധിച്ചിടത്തോളം കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും മോചനം സാധ്യമാക്കുന്നതിലും സർക്കാർ ഇടപെടൽ സഹായിക്കുമെന്നു കരുതാം. ഇറാൻ വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ നടത്തിയ ചർച്ചയെത്തുടർന്ന് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി ലഭിച്ചതു പ്രതീക്ഷ പകരുകയാണ്. ഇറാനുമായുള്ള സൗഹൃദം ഇന്ത്യക്കാരുടെ മോചനത്തിന് ഉപയോഗപ്രദമാവുമെന്നു തന്നെയാണു കരുതേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ടെഹ്റാനിലും ഡൽഹിയിലും നടക്കുന്ന നീക്കങ്ങൾ എത്രയും വേഗം വിജയത്തിലെത്തട്ടെ. കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ്, തൃശൂർ സ്വദേശി ആൻ ടെസ ജോസഫ് എന്നിവർ ഇറാൻ തീരത്തുനിന്ന് കേരളത്തിലെത്തുന്ന ദിവസം വൈകില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന്‍റെ ഇടപെടലും സഹായിക്കട്ടെ.