വയനാട്: കേന്ദ്ര സഹായം ഇനിയും വൈകരുത് File
Editorial

വയനാട്: കേന്ദ്ര സഹായം ഇനിയും വൈകരുത്

എണ്ണൂറോളം കുടുംബങ്ങളാണ് ഒരു മാസത്തോളം തുടർന്ന ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് താത്കാലിക വീടുകളിലേക്കു മാറിയിരിക്കുന്നത്

വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സർവവും നഷ്ടപ്പെട്ടവരുടെ പുനരധിവാസം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അത്യാവശ്യമായ പൊതുകാര്യമാണ്. നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഇക്കഴിഞ്ഞ ജൂലൈ മുപ്പതിനു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നാമാവശേഷമായി തീർന്നു. മുകളിൽനിന്നു കുത്തിയൊലിച്ചുവന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും തകർത്തു കളഞ്ഞത് എത്രയോ ആളുകളുടെ ജീവനാണ്, ജീവിതമാണ്, സ്വപ്നങ്ങളാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരെയും മുഴുവൻ സമ്പാദ്യവും കുത്തിയൊലിച്ചുപോയവരെയും താത്കാലികമായി വാടക വീടുകളിലേക്കും മറ്റും മാറ്റിതാമസിപ്പിച്ചിരിക്കുകയാണിപ്പോൾ. എണ്ണൂറോളം കുടുംബങ്ങളാണ് ഒരു മാസത്തോളം തുടർന്ന ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് താത്കാലിക വീടുകളിലേക്കു മാറിയിരിക്കുന്നത്. ഇനി ഇവർക്കെല്ലാം സ്ഥിരമായ വീടും തൊഴിലും എല്ലാം ഉറപ്പാക്കണം. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതെ നോക്കണം. പുനരധിവാസ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും സംഭവിച്ചുകൂടാ. അത് ഉറപ്പാക്കേണ്ടതു കേരളം ഒന്നിച്ചുനിന്നാണ്.

കേന്ദ്ര സഹായം നേടിയെടുക്കുന്നതിലും അതു കൃത്യമായി വിനിയോഗിക്കുന്നതിലും സംസ്ഥാനത്തിനു തെറ്റുപറ്റിക്കൂടാ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുകയും ചെയ്യരുത്. വളരെ പ്രാധാന്യമുള്ള ഈ വിഷയം ഇന്നലെ നിയമസഭ അടിയന്തര പ്രമേയത്തിലൂടെ ചർച്ച ചെയ്തു എന്നതു സ്വാഗതാർഹമാണ്. രാഷ്ട്രീയത്തിന്‍റെ അതിപ്രസരമില്ലാതെ വിഷയത്തിലൂന്നിയുള്ള ചർച്ചയായിരുന്നു പൊതുവേ എന്നു പറയാം. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് സർക്കാർ അനുമതി നൽകി എന്നു മാത്രമല്ല അംഗങ്ങൾ ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂർണമായും എഴുതിത്തള്ളണമെന്നും ആവശ്യപ്പെടുന്ന പ്രമേയം സഭ ഏകകണ്ഠമായാണ് അംഗീകരിച്ചത്. നിയമസഭയുടെ ഈ വികാരം കേന്ദ്ര സർക്കാരും ഉൾക്കൊള്ളണമെന്നതാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനു സംസ്ഥാന സര്‍ക്കാര്‍ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിച്ചപ്പോഴും അതിനുശേഷം മുഖ്യമന്ത്രി ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയെ നേരില്‍കണ്ടപ്പോഴും സഹായാഭ്യർഥന നടത്തിയിട്ടുണ്ട്. ഡൽഹിയിലെ സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ധനമന്ത്രിയെ നേരിട്ടുകണ്ടും കേന്ദ്ര സഹായം സംബന്ധിച്ചു ചർച്ച നടത്തുകയുണ്ടായി. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും ഇതു സംബന്ധിച്ചു ചർച്ച ചെയ്തു. എന്നാല്‍, ഇതുവരെ അടിയന്തര സഹായം ലഭ്യമായിട്ടില്ല. ദേശീയ ദുരന്ത നിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അതിതീവ്ര ദുരന്തത്തിന്‍റെ ഗണത്തില്‍പ്പെടുന്നതാണ് ഈ ഉരുള്‍പൊട്ടല്‍. പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങള്‍ക്കും നിവേദനം പോലും ഇല്ലാതെതന്നെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണനയൊന്നും കേരളത്തിനു ലഭിച്ചില്ല എന്നതു നിരാശാജനകമാണ്. കേന്ദ്രത്തിൽ നിന്നുള്ള അടിയന്തര സഹായം ലഭ്യമാകുന്നതിലെ കാലതാമസം ദുരിതബാധിതരെ സഹായിക്കുന്നതിനു തടസമാവും. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേരളത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി ഉറപ്പുനൽകിയത് പുനരധിവാസത്തിനു പണം ഒരു തടസമാവില്ലെന്നാണ്. ആ ഉറപ്പ് യാഥാർഥ്യമായി കാണാൻ കേരളം ആഗ്രഹിക്കുകയാണ്.

അതുപോലെ തന്നെയാണ് ദുരന്തബാധിതര്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യവും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം നേരത്തേ വിളിച്ചുകൂട്ടിയിരുന്നു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്നും വായ്പകൾ എഴുതിത്തള്ളുക തന്നെ വേണമെന്നും മുഖ്യമന്ത്രി ബാങ്കുകളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ദുരന്തബാധിതരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളുന്നതിന് ബാങ്കുകൾ അവരുടെ ഡയറക്റ്റർ ബോർഡുകളിൽ നിർദേശം സമർപ്പിക്കാൻ യോഗത്തിൽ ധാരണയുമായതാണ്. ഉദാരവ്യവസ്ഥയിൽ പുതിയ ജീവിതോപാധി വായ്പകൾ നൽകുന്നതിനെക്കുറിച്ചും അന്നു ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ടെല്ലാം എത്രയും വേഗം തുടർ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. ദേശീയ ദുരന്ത നിവാരണ നിയമം, 2005ലെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് തീവ്രദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അധികാരമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ അധികാരം വിനിയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ