നരേന്ദ്ര മോദിയുടെ ഒന്നാം മന്ത്രിസഭയുടെ കാലത്താണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ഭാരത രത്ന സമ്മാനിച്ചത്. 2015 മാർച്ച് 27ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി ഡൽഹിയിലെ വാജ്പേയിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തിന് രാജ്യത്തിന്റെ ആ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചത്. അസുഖബാധിതനായി വീട്ടിൽ കഴിയുകയായിരുന്നു വാജ്പേയി അന്ന്. ഇപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ലാൽ കൃഷ്ണ അഡ്വാനിക്കും ഭാരത രത്ന പ്രഖ്യാപിച്ചിരിക്കുന്നു; മോദിയുടെ രണ്ടാം സർക്കാരിന്റെ അവസാന നാളുകളിൽ. ബിജെപിയുടെ സമുന്നതരായ രണ്ടു സ്ഥാപക നേതാക്കളും അങ്ങനെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹരായിരിക്കുകയാണ്.
വെറും രണ്ടു സീറ്റിൽ നിന്ന് കേന്ദ്ര സർക്കാർ രൂപവത്കരിക്കാനുള്ള കരുത്തിലേക്കു പാർട്ടിയെ വളർത്തി വലുതാക്കിയ നേതാവ് എന്നതാണ് അഡ്വാനിയുടെ പ്രത്യേകത. ഏറ്റവും കൂടുതൽ കാലം ബിജെപി ദേശീയ അധ്യക്ഷനായിരുന്നതും മറ്റാരുമല്ല. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ അമരക്കാരൻ, രഥയാത്രയുടെ നായകൻ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനു തൊട്ടുപിന്നാലെയാണു ഭാരത രത്നയായി മാറുന്നത് എന്നതും ശ്രദ്ധേയം. രാജ്യത്തെ കോടിക്കണക്കിനു ബിജെപി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറെ ആവേശകരമാണ് വാജ്പേയിക്കു പിന്നാലെ അഡ്വാനിയും ഈ ബഹുമതിയിലൂടെ ആദരിക്കപ്പെടുന്നത്.
ഉപ പ്രധാനമന്ത്രി, കേന്ദ്ര മന്ത്രി എന്നീ നിലകളിലും പാർലമെന്റേറിയൻ എന്ന നിലയിലും അഡ്വാനിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നവരും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കാണാതിരിക്കില്ല. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയരായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അഡ്വാനിയെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാണിക്കുന്നുണ്ട്. താഴേത്തട്ടിൽ പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഉപപ്രധാനമന്ത്രിക്കസേര വരെ എത്തിയത് ജനങ്ങൾക്കിടയിലെ പ്രവർത്തനങ്ങളിലൂടെയാണ്. അഡ്വാനിയുടെ രാഷ്ട്രീയ ആശയങ്ങളോടു വിയോജിപ്പുള്ളവരും അദ്ദേഹത്തിന്റെ മാതൃകാപരമായ പാർലമെന്ററി ജീവിതത്തെ തള്ളിപ്പറയില്ല.
1984ൽ രണ്ടു ലോക്സഭാ സീറ്റു മാത്രം ലഭിച്ച ബിജെപിയെ 1989ൽ 85 സീറ്റിലേക്കും 1991ൽ 120 സീറ്റിലേക്കും നയിച്ചത് അഡ്വാനിയാണ്. അതോടെ കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി ബിജെപി മാറി. അവിടെ നിന്നാണ് 1996ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വളരുന്നതും 13 ദിവസം നീണ്ട വാജ്പേയി മന്ത്രിസഭയുണ്ടാവുന്നതും. 1998ലെ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എന്ഡിഎ അധികാരത്തിലെത്തുകയും വാജ്പേയി പ്രധാനമന്ത്രിയും അഡ്വാനി ആഭ്യന്തര മന്ത്രിയും ആവുകയും ചെയ്തു. അണ്ണാ ഡിഎംകെ പിന്തുണ പിൻവലിച്ചതോടെ 13 മാസത്തിനു ശേഷം വീണ്ടും നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്ഡിഎ അധികാരം നിലനിർത്തി. വാജ്പേയി പ്രധാനമന്ത്രി സ്ഥാനത്തും അഡ്വാനി ആഭ്യന്തര മന്ത്രി സ്ഥാനത്തും തുടർന്നു. കാലാവധി പൂർത്തിയാക്കിയ ഈ മന്ത്രിസഭയുടെ കാലത്താണ് 2002ൽ അഡ്വാനി ഉപ പ്രധാനമന്ത്രിയായി ഉയരുന്നത്. 2004ലെ തെരഞ്ഞെടുപ്പിനു ശേഷം മൻമോഹൻ സിങ്ങിന്റെ യുപിഎ സർക്കാർ ഭരിച്ച 10 വർഷം പ്രതിപക്ഷത്തെ നയിച്ചത് അഡ്വാനിയാണ്. രഥയാത്രയിലൂടെ ബിജെപിയെയും പാർട്ടിയുടെ ആശയങ്ങളെയും രാജ്യവ്യാപകമായി ജനങ്ങളിലെത്തിച്ച ഈ നേതാവിൽ നിന്ന് പ്രധാനമന്ത്രിക്കസേര മാത്രം അകന്നുപോവുകയായിരുന്നു.
ഈ വർഷം ഭാരത രത്ന ലഭിക്കുന്ന രണ്ടാമത്തെ നേതാവാണ് അഡ്വാനി. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് ഏതാനും ദിവസം മുൻപാണു ഭാരത രത്ന പ്രഖ്യാപിച്ചത്; അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന സമയത്ത് മരണാനന്തര ബഹുമതിയായി. സാമൂഹിക നീതിക്കും പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട സോഷ്യലിസ്റ്റ് നേതാവാണു കർപ്പൂരി ഠാക്കൂർ. ഏറ്റവും പിന്നാക്കമായ വിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു. അധഃസ്ഥിതർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും സർക്കാർ ജോലികളിൽ സംവരണം നടപ്പാക്കി സാമൂഹിക വിപ്ലവത്തിനു തുടക്കമിട്ട അദ്ദേഹം സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളുടെ മുന്നണിയിൽ തന്നെ നിലകൊണ്ട നേതാവാണ്.
വാജ്പേയിക്ക് ഭാരത രത്ന സമ്മാനിച്ച 2015ൽ മരണാനന്തര ബഹുമതിയായി സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ പ്രവർത്തകനുമായ മദൻ മോഹൻ മാളവ്യയ്ക്കും പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2019ൽ മൂന്നു പേർക്കാണ് ഈ സർക്കാർ ഭാരത രത്ന സമ്മാനിച്ചത്; പ്രണബ് മുഖർജി, ഗായകൻ ഭൂപൻ ഹസാരിക, സാമൂഹിക പ്രവർത്തകനും ഭാരതീയ ജനസംഘം നേതാവുമായിരുന്ന നാനാജി ദേശ്മുഖ് എന്നിവർക്ക്. ഹസാരികയ്ക്കും ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് ഭാരത രത്ന പ്രഖ്യാപിച്ചത്.
ജീവിതത്തിലുടനീളം താൻ ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കു കൂടിയുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്നാണ് അഡ്വാനി പ്രതികരിച്ചിട്ടുള്ളത്. തനിക്കൊപ്പം പ്രവർത്തിച്ച ലക്ഷക്കണക്കിനു പ്രവർത്തകരോട് അദ്ദേഹം നന്ദി പ്രകടിപ്പിക്കുന്നുമുണ്ട്. ഇന്നത്തെ പാക്കിസ്ഥാനിൽ ജനിച്ച്, വിഭജനകാലത്ത് ഇന്ത്യയിലേക്കു കുടിയേറി, ഇക്കാലമത്രയും രാജ്യത്തെ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുകയും അതിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുകയും ചെയ്ത അഡ്വാനിക്കു നൽകുന്ന ഈ ആദരവ് മോദി സർക്കാരിനോടുള്ള പാർട്ടി പ്രവർത്തകരുടെ ആവേശം ഇരട്ടിപ്പിക്കാൻ സഹായിക്കുന്നതാണ്. രാജ്യത്ത് സാംസ്കാരിക ദേശീയത, ഹിന്ദുത്വം എന്നീ പ്രത്യയ ശാസ്ത്രത്തെ വളർത്തിയെടുത്തതിൽ മുഖ്യസ്ഥാനം വഹിച്ച അഡ്വാനിയെ ആദരിക്കുന്നതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അതു ഗുണം ചെയ്യുമെന്നതിൽ ബിജെപി നേതൃത്വത്തിനും സംശയമുണ്ടാവില്ല.