എറണാകുളം - ബംഗളൂരു സ്പെഷ്യൽ വന്ദേഭാരത് ട്രെയ്ൻ സർവീസ് നിർത്തിവച്ചത് കേരളത്തിലും ബംഗളൂരുവിലുമുള്ള മലയാളി യാത്രക്കാരെയാണു ദുരിതത്തിലാക്കുന്നത്. മലയാളികൾ വലിയ താത്പര്യത്തോടെ സ്വീകരിച്ചതാണ് ഈ വന്ദേഭാരത്. എന്നാൽ, മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അത് ഓണക്കാലത്തു തന്നെ നിർത്തിവച്ചിരിക്കുകയാണ്. റെയ്‌ൽവേയുടെ ഭാഗത്തുനിന്നുള്ള ബോധപൂർവമായ അവഗണനയായേ ഇതിനെ കാണാനാവൂ. അതുമാത്രമല്ല ഏറ്റവും തിരക്കുള്ള സമയത്ത് സർവീസ് അവസാനിപ്പിച്ചതിനു പിന്നിൽ മറ്റു താത്പര്യങ്ങളുണ്ടോ എന്നതും സംശയിക്കപ്പെടേണ്ടതാണ്. ഓഗസ്റ്റ് 26 വരെയാണ് ഈ വന്ദേഭാരത് സർവീസ് നടത്തിയത്. ഇനിയെന്തുവേണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലത്രേ.
ഓണക്കാലമായതിനാൽ ബംഗളൂരുവിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിനു മലയാളികൾ കേരളത്തിലേക്കു വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ ട്രെയ്‌ൻ സർവീസുകൾ നടത്തുകയാണു വേണ്ടത്. അതിനു പകരം ഏറ്റവും സൗകര്യപ്രദമായ സർവീസ് വേണ്ടെന്നു വയ്ക്കുമ്പോൾ അതു സഹായിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ഡിമാൻഡ് ഉയർന്നതു പരിഗണിച്ച് കൊള്ളനിരക്കാണ് ഇപ്പോൾ ബുക്കിങ്ങിന് ബസുകാർ ഈടാക്കുന്നത്. ഓണത്തിന് തൊട്ടടുത്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിൽ എസി സ്ലീപ്പർ നിരക്ക് അയ്യായിരം രൂപയ്ക്ക് അടുത്തുവരെ ഉയർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള കൊള്ള നിരക്ക് നിയന്ത്രിക്കാൻ കേരളത്തിലെയും കർണാടകയിലെയും സർക്കാരുകൾ ഒരു നടപടിയും എടുക്കുന്നതായി കാണുന്നില്ല. എല്ലാ വർഷവും ഈ കൊള്ള പതിവാണ്. അതിനൊപ്പമാണ് വന്ദേഭാരത് നിർത്തിവച്ച് റെയ്‌ൽവേയും ബസ് ഉടമകളെ സഹായിക്കുന്നത്.
കൃത്യം ഓണക്കാലത്തു തന്നെ ട്രെയ്‌ൻ റദ്ദാക്കുന്നത് സ്വകാര്യ ബസ് ലോബിക്കു വേണ്ടിയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഓണക്കാലത്ത് നാട്ടിലെത്താൻ നേരത്തേ തന്നെ ഈ ട്രെയ്‌നിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരുണ്ട്. അവരെല്ലാം സ്വകാര്യ ബസ് ലോബിയുടെ ചൂഷണത്തിനു വിധേയരാവേണ്ടിവന്നിരിക്കുകയാണ്. കെഎസ്ആർടിസി ഏതാനും സ്പെഷ്യൽ സർവീസുകൾ നടത്തിയാലും അത് ആവശ്യത്തിനു തികയില്ല എന്നുറപ്പാണ്. ഉത്സവകാലത്ത് മലയാളികളെ ഈ വിധത്തിൽ ചൂഷണം ചെയ്യാൻ അവസരമുണ്ടാക്കിക്കൊടുക്കുന്നത് ഉത്തരവാദപ്പെട്ടവർ നോക്കിയിരിക്കരുത്.
ആഴ്ചയിൽ മൂന്നു ദിവസത്തെ സർവീസായി ജൂലൈ 25നാണ് എറണാകുളം– ബംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ സർവീസ് ആരംഭിച്ചത്. വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ സ്ഥിരം സർവീസായി മാറ്റുമെന്നാണ് അന്നു പറഞ്ഞിരുന്നതും. എറണാകുളം- ബംഗളൂരു സർവീസിന് 105 ശതമാനവും ബംഗളൂരു- എറണാകുളം സർവീസിന് 88 ശതമാനവുമായിരുന്നു ബുക്കിങ്. ഇത്രയും ഉയർന്ന ആവശ്യം ഉണ്ടായിട്ടും അതു സ്ഥിരം സർവീസാക്കിയില്ല. ഓണക്കാലത്തു തന്നെ സർവീസ് നിർത്തിവയ്ക്കുകയും ചെയ്തു. മംഗലാപുരം- ഗോവ വന്ദേഭാരത് വലിയ നഷ്ടത്തിലാണ് ഓടുന്നത്. പല ദിവസവും പകുതിയിലേറെ സീറ്റുകൾ കാലിയാണ്. എന്നിട്ടും അതിന്‍റെ സർവീസിനു യാതൊരു തടസവുമില്ല. ഈ സർവീസ് കോഴിക്കോട്ടേക്കു നീട്ടുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കോഴിക്കോട്- ഗോവ സർവീസായാൽ അതിനും യാത്രക്കാരെ കിട്ടും. പക്ഷേ, റെയ്‌ൽവേ മടിച്ചുനിൽക്കുകയാണ്. കേരളത്തിലാണു വന്ദേഭാരത് ട്രെയ്‌നുകൾ ഏറ്റവും മികച്ച വരുമാനം നേടുന്നത്. എന്നിട്ടും ഇവിടെനിന്നുള്ള ബംഗളൂരു സർവീസിനു തടസം സൃഷ്ടിച്ചതിന് എന്തു ന്യായം പറഞ്ഞാലും അതു സംശയം ഉയർത്തുന്നതു തന്നെയാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു പുതിയ വന്ദേഭാരതുകൾ കൂടി ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്. മീററ്റ്- ലക്നൗ, ചെന്നൈ- നാഗർകോവിൽ, മധുര- ബംഗളൂരു എന്നിവയാണിത്. ബംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷനിലാണ് മധുരയിൽ നിന്നുള്ള പുതിയ വന്ദേഭാരതും എത്തുന്നത്. കന്‍റോൺമെന്‍റ് സ്റ്റേഷനിലെ പ്ലാറ്റ്ഫോം നവീകരണം എറണാകുളം വന്ദേഭാരത് തുടരുന്നതിനു തടസമാണെന്ന് ദക്ഷിണ പശ്ചിമ റെയ്‌ൽവേ ചൂണ്ടിക്കാണിക്കുമ്പോൾ തന്നെയാണു പുതിയ വന്ദേഭാരത് വരുന്നതും. മധുര ട്രെയ്നിന് ആവാം, എറണാകുളത്തിനു പറ്റില്ല എന്നു പറയുന്നത് സർവീസ് അവസാനിപ്പിക്കാനുള്ള മുടന്തൻ ന്യായം മാത്രമായേ കാണാനാവൂ. ആദ്യം ഓടിത്തുടങ്ങിയതും യാത്രക്കാർ ധാരാളമുള്ളതുമായ ട്രെയ്‌ൻ എന്ന നിലയിൽ എറണാകുളം വന്ദേഭാരതിനാണ് ആദ്യ പരിഗണന നൽകേണ്ടത്. തമിഴ്നാടിന് രണ്ടു പുതിയ വന്ദേഭാരതുകൾ കിട്ടുമ്പോഴാണ് കേരളത്തിന് ഉള്ളതും പോവുന്നത്. തമിഴ്നാടിനിപ്പോൾ എട്ട് വന്ദേഭാരത് ട്രെയ്നുകളായി. ഉത്തർപ്രദേശിനും ഇപ്പോൾ എട്ട് വന്ദേഭാരതുകളാണുള്ളത്. ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വന്ദേഭാരതുകളുള്ള സംസ്ഥാനങ്ങൾ ഉത്തർപ്രദേശും തമിഴ്നാടുമാണ്. ഡൽഹിയിൽ നിന്ന് 10 വന്ദേഭാരതുകൾ സർവീസ് നടത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും സംസ്ഥാന സർക്കാരും എംപിമാരും മറ്റു നേതാക്കളും എറണാകുളം വന്ദേഭാരതിനു വേണ്ടി രംഗത്തുവരേണ്ടത് അത്യാവശ്യമായിരിക്കുന്നു.