ഫുട്ബോൾ മറക്കില്ല, ചാത്തുണ്ണിയെ | മുഖപ്രസംഗം ടി.കെ. ചാത്തുണ്ണി - file
Editorial

ഫുട്ബോൾ മറക്കില്ല, ചാത്തുണ്ണിയെ | മുഖപ്രസംഗം

ഫുട്ബോൾ പ്രേമികളുടെ മനസിൽ പ്രത്യേകമായൊരിടം കണ്ടെത്തിയ അതുല്യ പ്രതിഭയാണു നമ്മളെയെല്ലാം വിട്ടുപിരിഞ്ഞ ടി.കെ. ചാത്തുണ്ണി. ഫുട്ബോളിനും ഫുട്ബോൾ താരങ്ങൾക്കും വേണ്ടിയുള്ള സമർപ്പിത ജീവിതത്തിലൂടെ അനേകരുടെ ഹൃദയത്തിൽ അദ്ദേഹം സ്ഥാനം പിടിച്ചു. ആദ്യം കളിക്കാരനായും പിന്നീടു പരിശീലകനായും തിളങ്ങിയ ചാത്തുണ്ണി പതിറ്റാണ്ടുകളാണു രാജ്യത്തെ ഫുട്ബോളിൽ നിറഞ്ഞു നിന്നത്. ഇന്ത്യയിലെ പ്രമുഖമായ ക്ലബുകളുടെ പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന താരമൂല്യം വളരെ വലുതാണ്. ഫുട്ബോളുമായുള്ള അദ്ദേഹത്തിന്‍റെ അടുപ്പം അവസാനകാലം വരെ തുടർന്നു. സ്വന്തം നാടായ ചാലക്കുടിയിൽ പഴയ ഹൈസ്കൂൾ ഗ്രൗണ്ട് ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നഷ്ടമായപ്പോൾ പുതിയ ഗ്രൗണ്ടിനു വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. തന്‍റെ തട്ടകത്തിലെ കുട്ടികൾക്കു കളിച്ചുവളരാൻ നല്ലൊരു ഗ്രൗണ്ട് വേണമെന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്ന മോഹത്തോടെ നിരാഹാര സമരം വരെ നടത്തി. മരിക്കുമ്പോൾ റീത്തോ പുഷ്പങ്ങളോ വേണ്ട, ഫുട്ബോൾ നൽകി യാത്രയാക്കൂ എന്നാണ് ചാത്തുണ്ണി ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. പലരും ഫുട്ബോൾ സമർപ്പിച്ചാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചതും.

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ഐ.എം. വിജയനും സി.വി. പാപ്പച്ചനും ജോ പോൾ അഞ്ചേരിയും ബ്രൂണോ കുടിഞ്ഞോയും എല്ലാം ചാത്തുണ്ണിയുടെ പരിശീലന മികവിൽ വളർന്നവരാണ്. കേരള പൊലീസിനെ രാജ്യത്തെ മികച്ച ക്ലബ് ഫുട്ബോൾ ടീമായി മാറ്റിയെടുത്ത ചാത്തുണ്ണി കേരള ഫുട്ബോളിനു നൽകിയിട്ടുള്ള സംഭാവനകൾ മറക്കാനാവില്ല. വിജയനും പാപ്പച്ചനും വി.പി. സത്യനും കുരികേശ് മാത്യുവും ഷറഫലിയും കെ.ടി. ചാക്കോയും എല്ലാം അടങ്ങുന്ന കേരള പൊലീസിന്‍റെ താരനിരയെ ദേശീയ ഫുട്ബോളിന്‍റെ മുൻ നിരയിലേക്കു കൊണ്ടുവന്നതിൽ ഈ പരിശീലകനുള്ള പങ്ക് വിസ്മരിക്കാനാവില്ല. നാഷണൽ ഫുട്ബോൾ ലീഗും ഐ ലീഗും ഐഎസ്എലും ഒക്കെ വരുന്നതിനു മുൻപ് ഫെഡറേഷൻ കപ്പായിരുന്നു രാജ്യത്തെ പ്രധാന ക്ലബ് ഫുട്ബോൾ മത്സരവേദി. അതിൽ കേരള പൊലീസ് അടക്കം ടീമുകളുടെ പരിശീലകനായിട്ടുണ്ട് അദ്ദേഹം. കേരളത്തിന്‍റെ സന്തോഷ് ട്രോഫി ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. പല തലമുറകളിലെ താരങ്ങൾക്കു പ്രചോദനമാവാൻ അദ്ദേഹത്തിനു സാധിച്ചു.

അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ ഫുട്ബോളിലെ മികച്ച പ്രതിരോധ നിരക്കാരിൽ ഒരാളായിരുന്നു ചാത്തുണ്ണി. 1973ൽ ക്വലാംലംപുരിലെ മെർദേക്ക ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. ഇഎംഇ സെന്‍റർ സെക്കന്ദരാബാദ്, വാസ്കോ ഗോവ, ഓർക്കെ മിൽസ് മുംബൈ തുടങ്ങിയ ടീമുകൾക്കു വേണ്ടിയും കളിച്ചു. സന്തോഷ് ട്രോഫിയിൽ സർവീസസിന്‍റെ താരവുമായിരുന്നു. അതിനുശേഷം പരിശീലനത്തിലേക്കു തിരിഞ്ഞപ്പോഴാണ് ചാത്തുണ്ണിയുടെ കഴിവുകൾ പതിന്മടങ്ങു ഫലവത്തായി രാജ്യം കാണുന്നത്. താരങ്ങളെ വളർത്തിയെടുക്കുന്നതിൽ ചാത്തുണ്ണി നേടിയ വിജയം അദ്ദേഹത്തിനു വേണ്ടി ക്ലബുകൾ മത്സരിക്കുന്ന അവസ്ഥയുണ്ടാക്കി. മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, സാൽഗോക്കർ എഫ്സി, ഡെംപോ സ്പോർട്സ് ക്ലബ്, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ക്ലബുകളുടെയെല്ലാം പരിശീലകനായി കളിക്കളങ്ങളിൽ തിളങ്ങി.

1997ൽ കോൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ഫെഡറേഷൻ കപ്പിൽ മുത്തമിടാൻ സാൽഗോക്കറിനെ ഒരുക്കിയിറക്കിയതു ചാത്തുണ്ണിയായിരുന്നു. ഒരു വർഷത്തിനു ശേഷം മോഹൻ ബഗാൻ അവരുടെ ആദ്യ നാഷണൽ ലീഗ് കിരീടം (എന്‍എഫ്എൽ) ചൂടുന്നതും പരിശീലകനെന്ന നിലയിലുള്ള ചാത്തുണ്ണിയുടെ സഹായത്തോടെയാണ്. 1990ൽ കേരള പൊലീസ് ആദ്യമായി ഫെഡറേഷൻ കപ്പ് മാറോടണച്ചപ്പോഴാണ് ചാത്തുണ്ണിയെന്ന പരിശീലകൻ ഇന്ത്യൻ ഫുട്ബോളിനു പ്രിയങ്കരനായത്. കളിക്കാരുടെ ചിന്തകളെയും ബൂട്ടുകളെയും അസാധാരണമായ വിധം കോർത്തിണക്കാൻ ചാത്തുണ്ണിക്കു കഴിഞ്ഞു. താരങ്ങൾ തമ്മിലുള്ള അസാമാന്യ ഒത്തിണക്കം ചാത്തുണ്ണിക്കു കീഴിൽ ഫെഡറേഷൻ കപ്പ് നേടിയ കേരള പൊലീസ് ടീമിന്‍റെ സവിശേഷതയായിരുന്നു. ഫെഡറേഷൻ കപ്പ് പോലൊരു പ്രസ്റ്റീജ് ടൂർണമെന്‍റ് ജയിക്കുന്ന രാജ്യത്തെ ആദ്യത്തെ പൊലീസ് ടീം കേരളത്തിന്‍റേതാണ്.

പിന്നീട് ഡെംപോയിൽ നിന്നാണ് ചാത്തുണ്ണി സാൽഗോക്കറിലെത്തുന്നത്. അന്നു തകർച്ചയുടെ വക്കിലായിരുന്ന ക്ലബിനെ തന്‍റെ മാന്ത്രിക വിദ്യകൊണ്ട് ഉയർത്തിയെടുത്ത പരിശീലകൻ അവരെ ഫെഡറേഷൻ കപ്പ് വിജയത്തിലേക്കും നയിക്കുകയായിരുന്നു. പിന്നീട് കോൽക്കത്തയിലേക്കു മാറിയാണ് മോഹൻ ബഗാനെ നാഷണൽ ലീഗ് കിരീടം ചൂടിച്ചത്. താരങ്ങളുടെ കഴിവു കണ്ടെത്താനും അവരുടെ മികവു പരമാവധിയിൽ എത്തിക്കാനും ശേഷിയുള്ള പരിശീലകനായിരുന്നു ചാത്തുണ്ണി. രാജ്യമൊട്ടാകെ അറിയപ്പെടുന്ന താരങ്ങളെ വാർത്തെടുത്ത സൂപ്പർ താരം.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്