ആഭ്യന്തര പ്രതിരോധ വ്യവസായം ലക്ഷ്യം നേടട്ടെ 
Editorial

ആഭ്യന്തര പ്രതിരോധ വ്യവസായം ലക്ഷ്യം നേടട്ടെ| മുഖപ്രസംഗം

2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപയുടേതായി കുതിച്ചുയർന്നിട്ടുണ്ട്. ഇതൊരു റെക്കോഡാണ്.

പ്രതിരോധ നിർമാണ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിനും പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാർ ലക്ഷ്യം ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ടാണ് മന്ത്രി രാജ്നാഥ് സിങ് ഈ മന്ത്രാലയത്തിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തത്. 2028-2029 ആവുമ്പോഴേക്കും പ്രതിരോധ ഉപകരണങ്ങളിൽ രാജ്യത്തിന്‍റെ കയറ്റുമതി 50,000 കോടി രൂപയിലേറെയാക്കുക എന്ന ലക്ഷ്യം മന്ത്രി പ്രഖ്യാപിച്ചത് പ്രതിരോധ ഉപകരണങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട മേഖലകളിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. പ്രതിരോധ വ്യവസായത്തിലുള്ള കമ്പനികളുടെ ഓഹരി വിലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉയർച്ച കയറ്റുമതിയിൽ വലിയ ലക്ഷ്യം സർക്കാർ മുന്നിൽകാണുന്ന പശ്ചാത്തലത്തിലായിരുന്നു. കയറ്റുമതി ലക്ഷ്യം വർധിക്കുമ്പോൾ സ്വാഭാവികമായും ആഭ്യന്തര ഉത്പാദനവും വർധിക്കുമല്ലോ. അത് പ്രതിരോധ ഉപകരണങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കു വളർച്ചയുണ്ടാക്കുകയും ചെയ്യും. ഇതാണ് ഓഹരികളെ സ്വാധീനിച്ചത്.

2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപയുടേതായി കുതിച്ചുയർന്നിട്ടുണ്ട്. ഇതൊരു റെക്കോഡാണ്. മുൻവർഷം 15,920 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഉണ്ടായിരുന്നത്. അതിൽ നിന്ന് 32.5 ശതമാനം വർധന. അപ്പോഴും 50,000 കോടിയിലെത്തുകയെന്നതു വലിയ ദൗത്യമാണ്. പ്രതിരോധ മേഖലയിലെ കയറ്റുമതി അഞ്ചുവർഷത്തിനിടെ 240 ശതമാനം വർധിച്ചതായാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 85ൽ ഏറെ രാജ്യങ്ങളിലേക്ക് ഇന്ത്യയിപ്പോൾ പ്രതിരോധ ഉപകരണങ്ങൾ കയറ്റിഅയയ്ക്കുന്നുണ്ട്. പ്രതിരോധ നിർമാണ മേഖലയിലെ സ്വാശ്രയത്വം ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നു. മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ പാകത്തിന് നേരത്തേ എഫ്ഡിഐ നയം സർക്കാർ ഉദാരമാക്കിയിരുന്നു. പ്രതിരോധ മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം ഓട്ടൊമാറ്റിക് റൂട്ടിലും 100 ശതമാനം വിദേശ നിക്ഷേപം ഗവൺമെന്‍റ് റൂട്ടിലും അനുവദനീയമാണ്. പ്രതിരോധ നിർമാണ വ്യവസായത്തിൽ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും സുതാര്യത കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായി. ഇതെല്ലാം ഗുണം ചെയ്തിട്ടുണ്ട് എന്നാണു വിലയിരുത്തലുകൾ. തമിഴ്നാട്ടിലും ഉത്തർപ്രദേശിലും പ്രതിരോധ വ്യവസായ ഇടനാഴികളും സർക്കാർ സ്ഥാപിക്കുകയുണ്ടായി.

2001ലാണ് പ്രതിരോധ വ്യവസായം സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്തത്. സ്വാഭാവിക റൂട്ടിൽ സ്വീകരിക്കാവുന്ന എഫ്ഡിഐ പരിധി 74 ശതമാനമായി ഉയർത്തിയത് 2020ൽ. വിദേശ നിക്ഷേപവും ആഭ്യന്തര വ്യവസായികളുടെ നിക്ഷേപവും സർക്കാർ നിക്ഷേപവും എല്ലാം ചേർന്ന് പ്രതിരോധ വ്യവസായത്തിൽ വലിയ കുതിപ്പിനാണു സർക്കാർ പദ്ധതിയിടുന്നത്. സർക്കാരിന്‍റെയും സ്വകാര്യ കമ്പനികളുടെയും സംയുക്ത പ്രയത്നം ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യുമെന്നു സർക്കാർ അവകാശപ്പെടുന്നു. പ്രതിരോധ ഉപകരണങ്ങൾക്ക് മറ്റു രാജ്യങ്ങളെ അമിതമായി ആശ്രയിക്കേണ്ട എന്നു വരുന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്തു വർധിപ്പിക്കാനും ഉപകരിക്കും.

ലോകത്ത് ഏറ്റവുമധികം സൈനിക ചെലവുള്ള അഞ്ചു രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിക്ക് ഭാരിച്ച തുക രാജ്യത്തിന് ആവശ്യമായി വരുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരാണ് ഇന്ത്യയിപ്പോൾ. 2019നും 2023നും ഇടയിൽ ലോകത്തുണ്ടായ മൊത്തം ആയുധ ഇറക്കുമതിയുടെ 9.8 ശതമാനം ഇന്ത്യയിലേക്കാണെന്നാണു കണക്ക്. ചൈനീസ് അതിർത്തിയിലെ സംഘർഷം ഇന്ത്യയുടെ ആയുധ ഇറക്കുമതി വർധിക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. റഷ്യയും അമെരിക്കയും ഫ്രാൻസും അടക്കം രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങൾ ഇന്ത്യയിലെത്തുന്നു. ഈ സാഹചര്യത്തിലാണ് സ്വാശ്രയത്വവും കയറ്റുമതി വർധന ലക്ഷ്യവും ഏറെ പ്രാധാന്യമുള്ളതാവുന്നത്.

രാജ്യത്തെ വാർഷിക പ്രതിരോധ ഉത്പാദനം ആദ്യമായി ഒരു ലക്ഷം കോടി രൂപയുടേതിൽ അധികമായത് 2023ലാണ്. 2029ൽ എത്തുമ്പോഴേക്കും അതു മൂന്നു ലക്ഷം കോടി രൂപയിൽ എത്തിക്കുകയാണു സർക്കാർ ലക്ഷ്യമെന്നു രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. എംഎസ്എംഇകളുടെയും സ്റ്റാർട്ടപ്പുകളുടെയും സംയോജനം ഉൾപ്പെടെ നിരവധി നയപരിഷ്കാരങ്ങളാണു സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ബിസിനസ് എളുപ്പമാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഏതാണ്ടൊരു പതിറ്റാണ്ടിനിടെ പ്രതിരോധ മേഖലയിലെ വ്യവസായങ്ങൾക്കു നൽകിയ ലൈസൻസുകളുടെ എണ്ണത്തിൽ 200 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 50,000 കോടിയെന്ന കയറ്റുമതി ലക്ഷ്യം നേടണമെങ്കിൽ പ്രതിരോധ വ്യവസായ ഉത്പാദനത്തിന് പ്രോത്സാഹനം നൽകാനുള്ള നടപടികൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. ആഗോള പ്രതിരോധ കയറ്റുമതി വിപണിയിൽ പ്രമുഖ സ്ഥാനം നേടാനുള്ള രാജ്യത്തിന്‍റെ പരിശ്രമം എത്രയും വേഗം വിജയത്തിലെത്തുമെന്നു പ്രതീക്ഷിക്കാം.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം