നിക്ഷേപ സൗഹൃദം: അഭിമാനകരമായ ഒന്നാം റാങ്ക് 
Editorial

നിക്ഷേപ സൗഹൃദം: അഭിമാനകരമായ ഒന്നാം റാങ്ക്

പല മേഖലകളിലും രാജ്യത്തിനു മാതൃകയാവുന്ന കേരളം പക്ഷേ, വ്യവസായ മേഖലയിൽ പിന്നിലാവാനുള്ള കാരണങ്ങൾ പലതാണ്

വ്യവസായ രംഗത്ത് കേരളം നേരിടുന്ന പ്രതിസന്ധി വർഷങ്ങളായി ചർച്ച ചെയ്യുന്നതാണ്. മറ്റു പല മേഖലകളിലും രാജ്യത്തിനു മാതൃകയാവുന്ന സംസ്ഥാനം പക്ഷേ, വ്യവസായ മേഖലയിൽ പിന്നിലാവാനുള്ള കാരണങ്ങൾ പലതാണ്. അവയ്ക്കെല്ലാം പരിഹാരം കാണാനുള്ള പരിശ്രമങ്ങളെക്കുറിച്ച് മാറി മാറി വരുന്ന സർക്കാരുകൾ പല അവകാശവാദങ്ങളും നിരത്താറുണ്ടെങ്കിലും വ്യാവസായിക പിന്നാക്കാവസ്ഥ യാഥാർഥ്യമായി തുടർന്നുകൊണ്ടിരുന്നു. കേരളത്തിലെ യുവാക്കൾക്ക് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള തൊഴിൽ അവസരങ്ങൾ സംസ്ഥാനത്തു ലഭ്യമാവാത്തതിനു പിന്നിലും വ്യവസായ മേഖലയുടെ പിന്നാക്കാവസ്ഥയുണ്ട്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ കൂടുതൽ താത്പര്യം കാണിക്കുന്ന വലിയ കമ്പനികൾ അതേ നിലയിൽ കേരളത്തെ കാണുന്നില്ല. മാനുഫാക്ചറിങ് മേഖലയിൽ വലിയ തോതിലുള്ള മുതൽമുടക്കുകൾ ഇനിയും സംസ്ഥാനത്തേക്ക് എത്താനിരിക്കുകയാണ്. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയിലെ പ്രധാന ഭാഗമായ പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികൾ പുതുതായി വരുന്നുണ്ട് എന്നത് ഇക്കാര്യത്തിൽ പ്രതീക്ഷ നൽകുന്നു. വ്യവസായികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയെന്നതാണ് ഏറ്റവും പ്രധാനം. അതിൽ കേരളം വിജയിക്കുന്നുണ്ട് എന്നതിന്‍റെ സൂചനയാണു കഴിഞ്ഞ ദിവസം ലഭിച്ച ദേശീയ ബഹുമതി.

രാജ്യത്ത് വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങിൽ ഇതാദ്യമായി കേരളം ഒന്നാമതെത്തിയിരിക്കുന്നു. 2020ൽ ഇരുപത്തെട്ടാം റാങ്കിലായിരുന്നു കേരളമുണ്ടായിരുന്നത്. 2021ൽ പതിനഞ്ചാം റാങ്കിലെത്തി. ഇപ്പോൾ 2022ലെ റാങ്കിങ്ങാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ ഒന്നാം സ്ഥാനത്തേക്കുള്ള കുതിച്ചുകയറ്റം അഭിമാനകരം തന്നെയാണ്. സംരംഭകരിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അടക്കം പരിഗണിച്ചാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍റെ ഈ റാങ്ക് നിർണയം. വ്യവസായ സംരംഭകർ കേരളത്തെ നല്ല നിലയിൽ കാണുന്നതു വലിയ പ്രതീക്ഷകളാണ് പുതുതലമുറയ്ക്കു നൽകുക. കേരളത്തിൽ വ്യവസായം തുടങ്ങാൻ ആർക്കും താത്പര്യമില്ലെന്നാണ് പൊതുവേ പറയാറുള്ളത്. അതുമാറി കേരളം യോജിച്ച സ്ഥലമാണെന്നു നിക്ഷേപകർ മനസുകൊണ്ട് ഉറപ്പിച്ചാൽ വലിയ മാറ്റങ്ങളുണ്ടാവും.

കഴിഞ്ഞ എട്ടു വർഷത്തിനിടെ കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്‍റെ പ്രതിഫലനമാണ് ഈ ബഹുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുകയുണ്ടായി. സർക്കാരിന്‍റെ വ്യവസായ സൗഹൃദ നയം ഇപ്പോഴത്തെ നേട്ടത്തിനു കാരണമായിട്ടുണ്ടെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവർത്തനവും ഉദ്യോഗസ്ഥരുടെ സ്തുത്യർഹമായ ഇടപെടലുകളും ഇതിനു പിന്നിലുണ്ടെന്നും മന്ത്രി പറയുന്നു. ഈ നേട്ടം വ്യവസായ മേഖലയിലെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാവട്ടെ. സംരംഭകരിൽ ആത്മവിശ്വാസം ജനിക്കുന്നതിലൂടെ നല്ല രീതിയിലുള്ള മുതൽമുടക്ക് സംസ്ഥാനത്തുണ്ടാവും. മന്ത്രി രാജീവ് സൂചിപ്പിക്കുന്നതു പോലെ ഈ നേട്ടം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ അവസരമുണ്ട്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമം പോലുള്ള പരിപാടികൾ വൻ വിജയമായി തീരണം. അതിനു കൃത്യമായ തയാറെടുപ്പുകളും ഉണ്ടാവണം.

വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പരിഷ്കാരങ്ങളും അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിലാണ് കേരളം ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്. 30 മേഖലകളിലായാണു വിലയിരുത്തൽ നടന്നത്. അതിൽ ഒമ്പതു വിഭാഗങ്ങളിൽ കേരളം ഒന്നാം സ്ഥാനത്തെത്തി. ഏകജാലക സംവിധാനം, യൂട്ടിലിറ്റി അനുമതികൾ, റവന്യൂ സർട്ടിഫിക്കറ്റുകളും നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതിലെ കാര്യക്ഷമത, ഗതാഗത സൗകര്യങ്ങൾ, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സേവനം, നികുതി സംവിധാനത്തിലെ കാര്യക്ഷമത, പൊതുവിതരണ സമ്പ്രദായത്തിന്‍റെ മികവ് തുടങ്ങിയവയൊക്കെ കേരളത്തെ തുണച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുവന്ന ആന്ധ്രപ്രദേശ് അഞ്ചിനങ്ങളിലാണ് മുന്നിലെത്തിയത്. മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനത്തുവന്ന ഗുജറാത്ത് മൂന്നാം സ്ഥാനത്താണ്. സ്ത്രീപങ്കാളിത്തം, പാരിസ്ഥിതിക പരിഗണന തുടങ്ങിയവ കൂടി മാനദണ്ഡമാക്കിയാണ് അടുത്ത തവണ മുതൽ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ് നടക്കുന്നത്. ഈ രണ്ടു മാനദണ്ഡങ്ങളും കേരളത്തിന് അനുകൂലമാവും എന്നാണു കരുതേണ്ടത്.

വ്യവസായ രംഗത്തു കൂടുതൽ നിക്ഷേപം ഉണ്ടാകുന്നതിലൂടെയാണ് സംസ്ഥാനത്തിനു പുരോഗതി സാധ്യമാവുന്നത്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും വ്യവസായങ്ങൾ ആവശ്യമാണ്. നിക്ഷേപകരെ ആകർഷിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അതിൽ കേരളം പിന്തള്ളിപ്പോകാതിരിക്കണമെങ്കിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ഏറ്റവും മെച്ചപ്പെട്ടതായിരിക്കണം. അത്യാധുനിക സാങ്കേതിക വിദ്യകൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന സംസ്ഥാനമായി മാറുന്നത് വ്യവസായ രംഗത്തേക്കു കടന്നുവരുന്നവരെ ആകർഷിക്കാൻ സഹായിക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം എന്ന പദവി എത്ര വലുതാണോ അതിനനുസരിച്ച് ഉത്തരവാദിത്വവും കൂടുകയാണ്. വ്യവസായങ്ങളോടുള്ള നമ്മുടെ സമീപനം അതിനനുസരിച്ച് പരിഷ്കരിക്കേണ്ടതുണ്ട്. കേരളത്തെ വിശ്വസിച്ച് മുതൽമുടക്കാൻ തയാറാവുന്ന ലോകോത്തര കമ്പനികളെ അവർക്കാവശ്യമായ പിന്തുണ നൽകി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്‍റെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വെ പ്രകാരം യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണു കേരളം. കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ 15-29 പ്രായക്കാര്‍ക്കിടയിലെ കേരളത്തിലെ തൊഴിലില്ലായ്മാ നിരക്ക് 31.8 ശതമാനമാണ്. ദേശീയ ശരാശരി 17 ശതമാനമായിരിക്കുമ്പോഴാണിത്. നമ്മുടെ തൊഴിലില്ലായ്മയ്ക്ക് മുന്നിൽ തെളിയുന്ന ഏതു പരിഹാരവും ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതാണല്ലോ.

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം

ഝാർഖണ്ഡിൽ അവിശ്വസനീയ തിരിച്ചു വരവുമായി ഇന്ത്യ മുന്നണി; 30 സീറ്റിലേക്കൊതുങ്ങി എൻഡിഎ