സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഒരു നല്ല ചുവടുവയ്പ്പ് എന്ന നിലയിൽ സ്വാഗതാർഹമാണ്. ഇതിൽ 262 തസ്തികകളും അധ്യാപകരുടേതാണ്. ഇത്രയും മെഡിക്കൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നത് മെഡിക്കൽ പഠന രംഗത്തു വലിയ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കുമെന്നു കരുതാം. സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് അനിവാര്യമായ നടപടിയായിരുന്നു ഇതെന്നതിൽ സംശയമില്ല. ക്രിറ്റിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷനൽ റേഡിയോളജി, റുമറ്റോളജി എന്നീ വിഭാഗങ്ങൾ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളെജുകളിൽ ഇതാദ്യമായി ഉണ്ടാവുകയാണ്. പുതിയ കാലത്തിന് അനുസൃതമായി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ സേവനം ശക്തിപ്പെടുന്നതിനെ പൊതുജനാരോഗ്യ രംഗത്തു ശ്രദ്ധയൂന്നുന്നവർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഈ പ്രതീക്ഷ കൃത്യമായ തുടർ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിനു കഴിയണം. തസ്തികകൾ സൃഷ്ടിച്ചതുകൊണ്ടുമാത്രമായില്ലല്ലോ. അതിലെല്ലാം അർഹരായവരെ നിയമിക്കുകയും അവർക്കു വേണ്ട മറ്റു സഹായങ്ങൾ ഒരുക്കിക്കൊടുക്കുകയും എല്ലാം ചെയ്യേണ്ടതാണ്.
ആവശ്യത്തിന് അധ്യാപകരില്ലാത്ത പ്രശ്നം പല മെഡിക്കൽ കോളെജുകളിലുമുണ്ട്. പലപ്പോഴും ഇതു ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെങ്കിലും നടപടികളുണ്ടാവുന്നതു വിരളമാണ്. മെഡിക്കൽ കൗൺസിലിന്റെ പരിശോധനകൾ വരുമ്പോൾ മറ്റു മെഡിക്കൽ കോളെജുകളിലെ ഡോക്റ്റർമാരെ താത്കാലികമായി സ്ഥലം മാറ്റി കൊണ്ടുവന്നാണു രക്ഷപെടുക. ഈ അഭ്യാസം പക്ഷേ, മെഡിക്കൽ വിദ്യാഭ്യാസത്തിനു ഗുണകരമല്ല. മെഡിക്കൽ കൗൺസിലിന്റെ കണ്ണിൽ പൊടിയിട്ടതുകൊണ്ട് പരിമിതികൾ ഇല്ലാതാവുന്നില്ല. പുതിയ തസ്തികകളിൽ നിയമനം നടത്തുകയും ഒഴിഞ്ഞു കിടക്കുന്ന നിലവിലുള്ള തസ്തികകൾ നികത്തുകയും ചെയ്താലേ ഈ പ്രശ്നത്തിനു ശരിയായ പരിഹാരമാവൂ. മഞ്ചേരി, ഇടുക്കി, കാസർഗോഡ്, കോന്നി തുടങ്ങിയ മെഡിക്കൽ കോളെജുകളിൽ തസ്തികകളില്ലാത്തതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. കാസർഗോഡ് മെഡിക്കൽ കോളെജിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നതു തന്നെ ആദ്യമായാണ്.
കൊല്ലത്തെയും എറണാകുളത്തെയും മഞ്ചേരിയിലെയും മെഡിക്കൽ കോളെജുകളിൽ പുതുതായി ഏഴു വിഭാഗങ്ങളാണു തുടങ്ങുന്നത്. കൊല്ലത്ത് എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങൾ ആരംഭിക്കുന്നു. എറണാകുളത്ത് എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോ തൊറാസിക്, ന്യൂറോ സർജറി, നിയോനെറ്റോളജി, പീഡിയാട്രിക് സർജറി, യൂറോളജി വിഭാഗങ്ങളാണ് ആരംഭിക്കുക. മഞ്ചേരിയിൽ എമർജൻസി മെഡിസിൻ, പിഎംആർ, കാർഡിയോളജി, കാർഡിയോ തൊറാസിക്, നെഫ്രോളജി, ന്യൂറോളജി, യൂറോളജി വിഭാഗങ്ങൾ പുതുതായി നിലവിൽ വരും. ക്രിട്ടിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, ജറിയാട്രിക്, ഇന്റർവെൻഷനൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങളാണ് തിരുവനന്തപുരത്ത് പുതുതായി ഉണ്ടാവുന്നത്. ഇന്റർവെൻഷനൽ റേഡിയോളജി, റുമറ്റോളജി, എന്ഡോക്രൈനോളജി വിഭാഗങ്ങൾ കോഴിക്കോട്ട് നിലവിൽ വരുന്നു. ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും മൂന്നു വീതവും കോന്നിയിൽ രണ്ടും തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്നു വീതവും പുതിയ വിഭാഗങ്ങളാണു നിലവിൽ വരുന്നത്.
സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികളാണു സർക്കാർ മെഡിക്കൽ കോളെജുകളിൽ കൂടുതലും ചികിത്സയ്ക്കെത്തുന്നത്. ലക്ഷങ്ങൾ മുടക്കി, സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ പോയി വിദഗ്ധ ചികിത്സ നേടാനൊന്നും ഇവർക്കു സാധിക്കാറില്ല. അതുകൊണ്ടുതന്നെ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിൽ കൂടുതൽ ഡോക്റ്റർമാരുണ്ടാവുന്നത് സർക്കാർ മെഡിക്കൽ കോളെജുകളിലെത്തുന്ന രോഗികൾക്കും ഗുണകരമാവും. തിരുവനന്തപുരം മെഡിക്കൽ കോളെജിനെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിനു വലിയ തോതിലുള്ള ഇടപെടലുകളാണു നടത്തുന്നതെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. അവിടെയാരംഭിക്കുന്ന പുതിയ വിഭാഗങ്ങൾ ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. പൊതുജനാരോഗ്യ രംഗത്ത് കേരളത്തിനുള്ള മികവു നിലനിർത്താൻ കാലത്തിനനുസരിച്ച് സംവിധാനങ്ങളും വികസിക്കേണ്ടതുണ്ട്. ചികിത്സാ മേഖലയിലുണ്ടാവുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ ആരോഗ്യ മേഖലയ്ക്കും കഴിയണം.