പോളണ്ടിലും യുദ്ധം നടക്കുന്ന യുക്രെയ്‌നിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനം ഈ യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് നിർണായക നാഴികക്കല്ലാവുമെന്നു കരുതണം. ചരിത്രപരമായ സന്ദർശനം എന്ന രീതിയിലാണ് മോദിയുടെ ഈ യാത്രയെ വിദഗ്ധർ കാണുന്നതും. 45 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിച്ചത്. 1992ൽ നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചതിനു ശേഷം ഒരിന്ത്യൻ പ്രധാനമന്ത്രി യുക്രെയ്‌ൻ സന്ദർശിച്ചത് ഇതാദ്യമാണ് എന്നതും മോദിയുടെ ഈ യാത്രയുടെ പ്രത്യേകത. യുദ്ധം നടക്കുന്ന ഒരു രാജ്യത്ത് രാഷ്‌ട്രനേതാക്കളുടെ സന്ദർശനം അത്യപൂർവമാണ്. ആ നിലയ്ക്കും മോദിയുടെ യുക്രെയ്‌ൻ യാത്ര ശ്രദ്ധേയമാവുന്നു. ഏതാനും ആഴ്ചകൾ മുൻപാണ് മോദി റഷ്യ സന്ദർശിച്ചത്. പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുണ്ടായി. അതിനു പിന്നാലെ യുക്രെയ്‌നിലും മോദിയെത്തിയപ്പോൾ ലോകം അതു പ്രത്യേകമായി ശ്രദ്ധിച്ചുവെന്ന് ഉറപ്പാണ്.
റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ലോക രാജ്യങ്ങൾ തേടിവരുന്നതിനിടെയാണ് മോദി രണ്ടിടത്തും എത്തിയത്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സമാധാന ചർച്ചകളിലൂടെയാണ് അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കേണ്ടതെന്നുമുള്ള ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് ആവർത്തിച്ചു വ്യക്തമാക്കുകയാണു മോദി ചെയ്തിട്ടുള്ളത്. റഷ്യയുമായുള്ള ഇന്ത്യയുടെ നല്ല ബന്ധം മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ഒരു വിധത്തിലും തടസപ്പെടുത്തുന്നതാവില്ല എന്ന സന്ദേശവും ഈ യാത്രയിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നൽകുന്നുണ്ട്. യുക്രെയ്നിന്‍റെ ഏറ്റവും വലിയ പിന്തുണക്കാരിൽ ഉൾപ്പെട്ട രാജ്യമാണു പോളണ്ട്. റഷ്യക്കെതിരായ യുദ്ധത്തിൽ സൈനിക സഹായം വരെ അവർ യുക്രെയ്നു നൽകിയിട്ടുണ്ട്. യുദ്ധത്തിൽ യുക്രെയ്‌ൻ വൈകാതെ വിജയം നേടുമെന്നു പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് പോളിഷ് പ്രസിഡന്‍റ് ആന്‍ഡ്രെജ് ഡുഡ. യുദ്ധം ജയിക്കും വരെ യുക്രെയ്നുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. പോളണ്ടുമായുള്ള ഊഷ്മള ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്നാണ് ഡുഡയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വ്യക്തമാക്കിയത്. ഇന്ത്യ-പോളണ്ട് ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുകയുണ്ടായി.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും സഹകരണത്തിന്‍റെ പുതിയ മേഖലകൾ തുറക്കാനും വ്യാപാര മേഖല വിപുലീകരിക്കാനും പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇന്ത്യയുമായുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ തലത്തിലേക്ക് ഉയർത്തണമെന്ന് ടസ്ക് നിർദേശിക്കുകയും ചെയ്തു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പഞ്ചവത്സര കർമപദ്ധതിക്ക് ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട് എന്നത് ശ്രദ്ധേയമായ സംഭവവികാസമാണ്. മോദിക്കൊപ്പം വാഴ്സയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യയ്ക്കു നിർണായക പങ്കു വഹിക്കാനാവുമെന്ന പ്രതീക്ഷ ടസ്ക് പങ്കുവയ്ക്കുകയുണ്ടായി. വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, ആരോഗ്യം തുടങ്ങി പല മേഖലകളിലും ഇന്ത്യ-പോളണ്ട് സഹകരണം വിപുലീകരിക്കാനുള്ള ധാരണ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യും.
യുക്രെയ്‌ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലെൻസ്കിയുമായുള്ള മോദിയുടെ കൂടിക്കാഴ്ചയും ലോകശ്രദ്ധയാകർഷിക്കുന്നതായി. യുദ്ധത്തിൽ തുടക്കം മുതലേ ഇന്ത്യ പക്ഷം ചേർന്നിട്ടുണ്ടെന്നും സമാധാനത്തിന്‍റെ പക്ഷമാണ് തെരഞ്ഞെടുത്തതെന്നും മോദി വ്യക്തമാക്കുകയുണ്ടായി. സമാധാനശ്രമങ്ങളിൽ ഇന്ത്യ സജീവ പങ്കുവഹിക്കാൻ തയാറാണെന്ന ഉറപ്പും പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. ഒരു സുഹൃത്ത് എന്ന നിലയിൽ വ്യക്തിപരമായി എന്തെങ്കിലും പങ്കുവഹിക്കാൻ കഴിയുമെങ്കിൽ അതു ചെയ്യുമെന്നും സെലെൻസ്കിക്ക് മോദി വാഗ്ദാനം നൽകി.
നേരത്തേ, റഷ്യൻ സന്ദർശനത്തിൽ മോദി പുടിനെ ആശ്ലേഷിച്ചതിനെ റഷ്യക്കെതിരേ നിലപാടെടുത്തിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ വിമർശിച്ചിരുന്നു. സെലെൻസ്കിയും അതിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. അതേ സെലെൻസ്കിയെ മോദി ആശ്ലേഷിക്കുന്ന ചിത്രം അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നതായി. സംഘർഷത്തെക്കുറിച്ച് മോദിയും സെലെൻസ്കിയും തമ്മിൽ വിശദമായ ചർച്ച നടന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ ശ്രമം തുടരണമെന്ന് സെലെൻസ്കി അഭ്യർഥിച്ചിട്ടുമുണ്ട്. കാർഷിക-ഭക്ഷ്യ വ്യവസായ മേഖലയിലടക്കം വിവിധ രംഗങ്ങളിലെ സഹകരണം സംബന്ധിച്ച കരാറുകളും പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനത്തിനിടെ ഒപ്പുവച്ചു. ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താനുള്ള തീരുമാനം ഇരു രാജ്യങ്ങൾക്കും ഗുണകരമായി മാറും. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് യുക്രെയ്നുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരത്തിൽ വൻ ഇടിവുണ്ടായി. റഷ്യയുമായുള്ള ബന്ധത്തെ ബാധിക്കാതെ തന്നെ ഇതിനു പരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇരുപക്ഷവുമായും തന്ത്രപ്രധാനമായ സന്തുലനം പാലിക്കാൻ ഇന്ത്യയ്ക്കു കഴിയുന്നുണ്ട്.