Editorial

മഴക്കാല രോഗങ്ങൾ: ജാഗ്രത വേണം| മുഖപ്രസംഗം

സംസ്ഥാനത്ത് മഴ ശക്തമായതോടെ മഴക്കാല രോഗങ്ങളും പടരുകയാണ്. പകർച്ചപ്പനി ബാധിച്ച് ആയിരക്കണക്കിനാളുകളാണ് ആശുപത്രികളിലെത്തുന്നത്. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി തുടങ്ങിയവ വര്‍ധിക്കാനുള്ള സാഹചര്യമാണുള്ളത്. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്കെതിരേയും പ്രത്യേക കരുതൽ വേണ്ടതാണ്. പല സ്ഥലങ്ങളിലും പൊതുയിടങ്ങളിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ നടന്നിട്ടില്ലെന്നു നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നതാണ്. അതിനാൽ മഴക്കാല രോഗങ്ങളുടെ വ്യാപനത്തിനുള്ള സാധ്യത പ്രത്യേകമായി നിരീക്ഷിക്കേണ്ടതുണ്ട്. മഴ കനക്കുന്നു എന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്. അധികൃതരുടെ മാത്രമല്ല ജനങ്ങളുടെയും ജാഗ്രതയാണു രോഗപ്പടർച്ച നിയന്ത്രിക്കുന്നതിന് അനിവാര്യമായിട്ടുള്ളത്.

സമീപകാലത്ത് ആരോഗ്യ മേഖലയിൽ വലിയ വെല്ലുവിളിയാണ് ഡെങ്കിപ്പനി ഉയർത്തുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും കോട്ടയത്തും കോഴിക്കോടും അടക്കം പല ജില്ലകളിലും ഡെങ്കി വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ആരോഗ്യ വകുപ്പിന്‍റെ അവലോകന യോഗത്തിൽ അടുത്തിടെ അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷത്തെക്കാൾ ഡെങ്കിപ്പനി കേസുകളും മരണവും ഈ വർഷം കൂടുതലാണ്. ഈ ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം അയ്യായിരത്തോളം പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ രോഗബാധ സംശയിക്കുന്നവർ പതിനായിരത്തിൽ കൂടുതലാണ്. 15 ഡെങ്കി മരണവും ആദ്യ നാലു മാസങ്ങളിലായി സ്ഥിരീകരിച്ചിരുന്നു. മുപ്പതോളം പേർ ഡെങ്കിയെന്ന സംശയത്തിൽ മരിച്ചിട്ടുണ്ട്. വേനൽക്കാലത്തു പോലും പതിവിലേറെ ഡെങ്കി കേസുകൾ ഉണ്ടായ സ്ഥിതിക്ക് മഴക്കാലം വളരെയേറെ സൂക്ഷിക്കണം. എറണാകുളത്ത് കളമശേരി നഗരസഭാ പരിധിയില്‍ വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗരസഭയില്‍ ഉദ്യോഗസ്ഥർക്കു കൂട്ടത്തോടെ ഡെങ്കിപ്പനി ബാധിച്ചത് ഏതാനും ദിവസം മുൻപ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനകം തന്നെ നഗരസഭാ പരിധിയിലെ നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്. എറണാകുളം ജില്ലയുടെ മറ്റു ഭാഗങ്ങളിലും ഡെങ്കി ഭീഷണി നിലനിൽക്കുന്നു, കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഡെങ്കി വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഡെങ്കിപ്പനി വ്യാപകമായിട്ടുണ്ട്.

ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണു ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. അതിനാൽ ഡെങ്കിയടക്കം കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് കൊതുകു നശീകരണം തന്നെയാണ് ആവശ്യമായിട്ടുള്ളത്. കൊതുകിനു വളരാൻ സഹായിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക എന്നതാണു പ്രധാനം. വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകളും ഓഫിസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. രാവിലെയും വൈകുന്നേരങ്ങളിലും വീടിന്‍റെ ജനാലകളും വാതിലുകളും അടച്ചിടുക, അതിനു മുൻപ് വീട്ടിനുള്ളില്‍ പുകയ്ക്കുക, പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക, വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക തുടങ്ങി പല നിർദേശങ്ങളും ജനങ്ങൾക്കായി ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്.

ഈ മഴക്കാലത്ത് നമ്മെ ആശുപത്രിയിലെത്തിക്കാൻ കരുത്തുള്ള പ്രധാന വില്ലനാണു കൊതുകെന്ന് എല്ലാവരും തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, മലിനജലത്തിൽ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യാതിരിക്കുക തുടങ്ങിയവയും മഴക്കാല രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങളാണ്. മഞ്ഞപ്പിത്തവും ടൈഫോയ്ഡും എലിപ്പനിയും എല്ലാം ജലജന്യ രോഗങ്ങളാണ്. ഇവ സംസ്ഥാനത്തു പലയിടത്തും പടരുന്നുണ്ട്. എറണാകുളം ജില്ലയിലെ വേങ്ങൂരിൽ അടുത്ത കാലത്ത് കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം പടർന്നതു നിരവധി കുടുംബങ്ങളെയാണു ബാധിച്ചത്. വാട്ടർ അഥോറിറ്റിക്കുണ്ടായ ഗുരുതര വീഴ്ചയാണ് ഇവിടെ രോഗവ്യാപനത്തിനു കാരണമായതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോൾ മഞ്ഞപ്പിത്തം പടരുന്നുണ്ട്. ഇതേത്തുടർന്ന് വീടുകൾ കയറിയുള്ള ബോധവത്കരണം ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാവുന്നതും അവയിൽ കൊതുകു വളരുന്നതും ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്. മഴക്കാല പൂർവ ശുചീകരണം വേണ്ടരീതിയിൽ നടത്താത്ത തദ്ദേശ സ്ഥാപനങ്ങൾ വലിയ അപകടം മുന്നിലുണ്ട് എന്നു തിരിച്ചറിഞ്ഞ് അതീവ ജാഗ്രത പുലർത്തേണ്ടതാണ്. രോഗം പടരുന്നതു വരെ കാത്തിരിക്കാതെ അതിനുള്ള സാധ്യതകൾ പരമാവധി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അധികൃതരിൽ നിന്നുണ്ടാവേണ്ടത്. കൂടുതൽ പനിക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് സർക്കാർ ആശുപത്രികളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിനു കഴിയണം. എല്ലായിടത്തും ആവശ്യത്തിനു ഡോക്റ്റർമാരും മരുന്നും ഉണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഉണർന്നിരുന്നാലേ കഴിയൂ.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്