ഇതൊന്നും ഒരിക്കലും വച്ചുപൊറുപ്പിക്കരുത് Freepik
Editorial

ഇതൊന്നും ഒരിക്കലും വച്ചുപൊറുപ്പിക്കരുത്

നിയമം കൈയിലെടുക്കാനും തങ്ങൾ പറയുന്നതുപോലെ എല്ലാവരും പെരുമാറണമെന്നു ശഠിക്കാനും ആർക്കും അവകാശമില്ല

സദാചാരത്തിന്‍റെ പേരു പറഞ്ഞ് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയും ആളുകളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അക്രമിക്കൂട്ടങ്ങളെ കർശനമായി നേരിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിയമം കൈയിലെടുക്കാനും തങ്ങൾ പറയുന്നതുപോലെ എല്ലാവരും പെരുമാറണമെന്നു ശഠിക്കാനും ആർക്കും അവകാശമില്ല. മാന്യതയും മര്യാദയും പാലിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. നിയമ സംവിധാനങ്ങളെ മാനിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ, സദാചാരം ബലപ്രയോഗത്തിലൂടെ നടപ്പാക്കാനുള്ള കുത്തകാവകാശം കിട്ടിയിട്ടുണ്ടെന്ന മട്ടിൽ പെരുമാറുന്നവരെ സമൂഹ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവരായി കാണാതിരിക്കേണ്ടതുണ്ട്. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതു നീതീകരിക്കാനാവില്ല.

കൊല്ലം തെന്മലയിൽ വ്യാഴാഴ്ച രാത്രി സാദാചാര ഗൂണ്ടകളുടെ മർദനമേറ്റ നിഷാദ് എന്ന യുവാവ് ഗുരുതരമായി പരുക്കേറ്റ് ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്. അഞ്ചു പേരടങ്ങിയ സംഘമാണ് ഇയാളെ അതിക്രൂരമായി മർദിച്ചതെന്നു പൊലീസ് പറയുന്നു. ഇടമണ്‍ ആനൂരിലുള്ള വനിതാ സുഹൃത്തിന്‍റെ വീട്ടില്‍ നിഷാദ് എത്തിയപ്പോള്‍ അക്രമിസംഘം ഇയാളെ പിടികൂടി നഗ്നനാക്കി മര്‍ദിക്കുകയും വൈദ്യുതി പോസ്റ്റിൽ കെട്ടിയിടുകയുമായിരുന്നുവെന്നാണു പറയുന്നത്. ഓടിരക്ഷപെടാൻ ശ്രമിച്ച യുവാവിനെ ബലമായി തടഞ്ഞുനിർത്തിയാണു വീടിനു മുന്നിലെ റോഡിലേക്കു കൊണ്ടുപോയി കമ്പി കൊണ്ടു മർദിച്ചത്. വാൾ ഉപയോഗിച്ചു വെട്ടാനും ശ്രമിച്ചുവത്രേ. വസ്ത്രം ബലമായി അഴിച്ചുമാറ്റി മർദനം തുടർന്നു. തുടർന്നാണു പോസ്റ്റിൽ കെട്ടിയിട്ടത്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നികൃഷ്ടമായ രീതിയിലാണ് അക്രമികൾ പെരുമാറിയതെന്നു പ്രത്യേകം പറയേണ്ടതില്ല. പ്രതികളിൽ ഒരാൾക്ക് നിഷാദിനോടുള്ള വ്യക്തിവിരോധമാണു സദാചാര ഗൂണ്ടായിസത്തിലേക്കു നയിച്ചതെന്നും പറയുന്നുണ്ട്. വ്യക്തിവിരോധം തീർക്കാൻ സദാചാരത്തെ കൂട്ടുപിടിക്കുന്നത് സൗകര്യമായി അക്രമികൾ കണ്ടുകാണണം.

ഏതാനും ദിവസം മുൻപാണ് കോഴിക്കോട് ജില്ലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിക്കും ബന്ധുവായ ഇരുപതുകാരനും നേരേ സദാചാര പൊലീസ് ചമഞ്ഞുള്ള ചിലരുടെ ആക്രമണമുണ്ടായത്. പിടിഎ മുൻ പ്രസിഡന്‍റ് അടക്കമുള്ളവരാണ് ആ കേസിൽ അറസ്റ്റിലായതും. സ്കൂൾ വിട്ടതിനു ശേഷം ബസ് സ്റ്റോപ്പിനു സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർഥിനിയെയും ബന്ധുവിനെയും ചോദ്യം ചെയ്ത സംഘം അവരോട് അസഭ്യം പറയുകയും ആൺകുട്ടിയെ മർദിക്കുകയുമായിരുന്നു. ക്രൂരമായ മർദനമാണു നടന്നതെന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയുണ്ടായി. യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനു നേരേ സദാചാര ഗൂണ്ടകളുടെ ആക്രമണമുണ്ടായത് ഏതാനും മാസം മുൻപാണ്. കാറുകളിലെത്തിയ അക്രമിസംഘം യുവാവിനെ സ്വന്തം സ്ഥാപനത്തിൽ നിന്നു പിടിച്ചിറക്കി കൊണ്ടുപോയാണ് മറ്റൊരു കേന്ദ്രത്തിൽ എത്തിച്ച് അതിക്രൂരമായി മർദിച്ചത്. മർദനത്തിൽ തലയോട്ടിക്കും വാരിയെല്ലിനുമെല്ലാം കാര്യമായി പരുക്കേറ്റു.

സമീപ വർഷങ്ങളിൽ കേരളത്തിൽ സദാചാര കൊലപാതകങ്ങൾ പലതു നടന്നിട്ടുണ്ട്. 2011 നവംബറിലാണ് കൊടിയത്തൂരിൽ തന്നെ ഷഹീദ് ബാവയെന്ന ഇരുപത്തേഴുകാരൻ സദാചാര ഗൂണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു സംഘം അക്രമികൾ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷഹീദ് ബാവ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജൂണിൽ മലപ്പുറം മങ്കടയിൽ സദാചാര ഗൂണ്ടകളുടെ മർദനമേറ്റ് നസീർ ഹുസൈൻ എന്നയാൾ കൊല്ലപ്പെടുകയുണ്ടായി. സദാചാര ഗൂണ്ടകളുടെ ആക്രമണത്തിനിരയായ കൊട്ടാരക്കര സ്വദേശി ശ്രീജിത്തിനെ റെയ്‌ൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2018 ജൂണിലായിരുന്നു. ഒരു യുവതിയുടെ വീട്ടിലെത്തിയതിനായിരുന്നു മർദനം. 2018ൽ തന്നെ മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് ആൾക്കൂട്ടം അപമാനിച്ച മുഹമ്മദ് സാജിദ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. ആൾക്കൂട്ടം കെട്ടിയിട്ട് ആക്രമിച്ച ദൃശ്യങ്ങൾ അന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം തൃശൂർ തിരുവാണിക്കാവിൽ സദാചാര ഗൂണ്ടാ അക്രമണത്തിൽ സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സഹർ കൊല്ലപ്പെട്ടത് ഇതിൽ അവസാനത്തെ സംഭവമാണ്. വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഈ യുവാവിനെ ഒരു സംഘം ആളുകൾ വീട്ടിൽ നിന്നിറക്കി ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി 12 മുതൽ പുലർച്ചെ നാലു വരെ അക്രമികൾ മർദനം തുടർന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണു സഹർ മരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച സദാചാര കൊലപാതകങ്ങൾ പലതുണ്ടായി കഴിഞ്ഞിട്ടും നിയമം കൈയിലെടുക്കുന്നവരുടെ സംഘങ്ങൾക്കു കുറവില്ലെന്നാണ് ഏറ്റവും പുതിയ സംഭവങ്ങളും കാണിക്കുന്നത്. സദാചാരത്തിന്‍റെ പേരു പറഞ്ഞ് ആളുകളെ ആക്രമിക്കുന്നവർ വർധിച്ചുവരുന്നത് അനുവദിച്ചു കൊടുത്താൽ സമൂഹത്തിന് അതൊരു വലിയ വെല്ലുവിളിയായി മാറും. ഏതു കാരണം പറഞ്ഞായാലും മറ്റുള്ളവരെ ആക്രമിക്കുന്നതു കണ്ടുനിൽക്കാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ലാത്തതാണ്.

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം

ഝാർഖണ്ഡിൽ അവിശ്വസനീയ തിരിച്ചു വരവുമായി ഇന്ത്യ മുന്നണി; 30 സീറ്റിലേക്കൊതുങ്ങി എൻഡിഎ