ജയിൽ സൂപ്രണ്ടിന്‍റെ മാത്രം പിഴവോ? | മുഖപ്രസംഗം TP Chandrasekharan
Editorial

ജയിൽ സൂപ്രണ്ടിന്‍റെ മാത്രം പിഴവോ? | മുഖപ്രസംഗം

സിപിഎം വിട്ട് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷാകാലാവധി കഴിയും മുൻപ്, ഹൈക്കോടതി ഉത്തരവു പോലും അവഗണിച്ച് ജയിൽ മോചിതരാക്കാനുള്ള നീക്കം ഏറെ വിവാദമുയർത്തിയിരിക്കുകയാണ്. ഇന്നലെ നിയമസഭയിലും പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുകയുണ്ടായി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ എംഎൽഎ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകുകയും ശിക്ഷായിളവ് നൽകാൻ നീക്കമില്ലെന്നു വ്യക്തമാക്കി സ്പീക്കർ അതിന് അനുമതി നിഷേധിക്കുകയും ചെയ്തു. സർക്കാർ മറുപടി പറയേണ്ട വിഷയത്തിൽ സ്പീക്കർ മറുപടി നൽകിയത് അനൗചിത്യമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയുണ്ടായി. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതിനെത്തുടർന്ന് സഭ നേരത്തേ പിരിയുകയും ചെയ്തു. മാധ്യമ പ്രവർത്തകരോടു സംസാരിച്ച കെ.കെ. രമയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സർക്കാരിനെതിരേ കടുത്ത ആരോപണങ്ങളാണ് ഉയർത്തിയത്.

സർക്കാരും ജയിൽ അധികൃതരും തമ്മിലുള്ള ആശയവിനിമയത്തിനു തെളിവുകളുണ്ടെന്ന് സതീശൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. വധക്കേസ് പ്രതികളെ പുറത്തുവിട്ടില്ലെങ്കിൽ കേസിലെ ഗൂഢാലോചന പുറത്തുവരുമെന്ന പേടിയാണു സിപിഎമ്മിനും സർക്കാരിനുമെന്നാണ് രമ ആരോപിക്കുന്നത്. ടിപി വധക്കേസിലെ പ്രതികൾക്കു ജയിലിൽ പല സൗകര്യങ്ങളും സർക്കാർ ചെയ്തുകൊടുക്കുന്നുണ്ടെന്നും ഇരു നേതാക്കളും കുറ്റപ്പെടുത്തുന്നുണ്ട്. ശിക്ഷായിളവിനെതിരേ നിയമസഭയ്ക്ക് അകത്തും പുറത്തും വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷം പറയുന്നു.

ടിപി വധക്കേസിലെ പ്രതികൾക്ക് ഇളവു നൽകില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ വ്യക്തമാക്കിയതിനു ശേഷവും വിവാദം ചൂടോടെ നിൽക്കുന്നു എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം തെറ്റുതിരുത്തൽ നടപടികളിലേക്കു കടക്കാൻ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്ന പുതിയ വിവാദവും ഉയർന്നുവന്നിരിക്കുന്നത്. കണ്ണൂരിലെ ജയിൽ സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാം ഇപ്പോഴത്തെ വിവാദത്തിനു കാരണമായതെന്ന് ജയിൽ മേധാവി പറയുന്നുണ്ട്. അന്വേഷണം നടത്തി ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും ജയിൽ വകുപ്പ് മേധാവി അറിയിക്കുകയുണ്ടായി. ജയിൽ സൂപ്രണ്ടിനോടു വിശദീകരണം തേടിയിട്ടുണ്ടെന്നും പറയുന്നു. എന്നാൽ, സർക്കാർ നീക്കം വലിയ ചർച്ചയായതോടെ സൂപ്രണ്ടിനെ ബലിയാടാക്കി മുഖം രക്ഷിക്കാനാണു ശ്രമമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി അർഹരായ തടവുകാർക്ക് ജയിൽ ശിക്ഷ‍യിൽ ഇളവു നൽകാനുള്ള പട്ടിക തയാറാക്കിയതിലാണ് ടി.പി. വധക്കേസിലെ മൂന്നു പ്രതികളുടെ പേരും ഉൾപ്പെട്ടത്. 20 വർഷത്തെ തടവു പൂർത്തിയാകും വരെ ഒരിളവും നൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ച പ്രതികൾക്കാണ് ഇളവു നൽകാനുള്ള നീക്കം ഉണ്ടായിരിക്കുന്നത്. ഇളവു നൽകുന്നതിന്‍റെ ഭാഗമായി കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികളും ബന്ധുക്കളും എന്നിവരോടു സംസാരിച്ച ശേഷം റിപ്പോർട്ട് തയാറാക്കി നൽകാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെടുന്ന ജയിൽ സൂപ്രണ്ടിന്‍റെ കത്ത് പുറത്തുവന്നതോടെയാണു വിവാദത്തിനും തുടക്കമാവുന്നത്. പട്ടികയിൽ ടിപി വധക്കേസ് പ്രതികളും ഉൾപ്പെട്ടത് സൂപ്രണ്ടിന്‍റെ മാത്രം പിഴവാണ് എന്നു വിശ്വസിക്കാനാവില്ലെന്നാണു പ്രതിപക്ഷം പറയുന്നത്. ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മറികടന്നുകൊണ്ടുള്ള തീരുമാനമെടുക്കുന്നതു കോടതിയലക്ഷ്യമാണെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്.

വളരെ നിസാരമായി കാണാവുന്നതല്ല ഈ ആരോപണം. കോടതി വിധിപോലും അറിയാത്ത മട്ടിൽ ടിപി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാൻ ഒരു ജയിൽ സൂപ്രണ്ട് സ്വയം നടപടികൾ ആരംഭിക്കുമോ എന്നതാണ് ഉയർന്നുവരുന്ന സംശയം. ടിപി വധക്കേസ് പ്രതികളുടെ കാര്യത്തിൽ മുൻപ് പലപ്പോഴും ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും അതാണ് ഇപ്പോഴും ആവർത്തിക്കുന്നതെന്നും സർക്കാരിനെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുകയാണ്. ജയിലിൽ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകുന്നു, ഉദാരമായി പരോൾ അനുവദിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. നിയമവും നീതിയും വിട്ട് കൊലക്കേസ് പ്രതികളെ സഹായിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ടാവുന്നത് എന്തായാലും നന്നല്ല. കേരളത്തിന്‍റെ മനസ്സാക്ഷിയെ നടുക്കിയ, ഇപ്പോഴും നടുക്കത്തോടെ മാത്രം ഓർക്കാവുന്ന പൈശാചിക കൃത്യമായിരുന്നു ടിപി വധം. 12 വർഷം മുൻപ് 51 വെട്ടേറ്റാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. അദ്ദേഹത്തെ സ്നേഹിക്കുന്ന നിരവധിയാളുകളുടെ മനസിൽ അത് ഇന്നും തീരാവേദനയായി നിലനിൽക്കുകയാണ്. അവരോടു നീതി കാണിക്കാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിയുന്നില്ലെന്ന ആരോപണം ഉയരാൻ അനുവദിച്ചു കൂടാത്തതാണ്.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി