സംസ്ഥാനത്ത് വീണ്ടും നിപ രേഗ ബാധയെന്ന് സം‍ശയം 
Editorial

നിപ ജാഗ്രതയിൽ വീണ്ടും കേരളം

മലപ്പുറം ജില്ലയിൽ രണ്ടു മാസത്തിനിടെ രണ്ടാം തവണയും നിപ ബാധിച്ചുള്ള മരണം സംഭവിച്ചിരിക്കുന്നു

കേരളം വീണ്ടും നിപ വൈറസിന്‍റെ ഭീതിയിലാവുകയാണ്. മലപ്പുറം ജില്ലയിൽ രണ്ടു മാസത്തിനിടെ രണ്ടാം തവണയും നിപ ബാധിച്ചുള്ള മരണം സംഭവിച്ചിരിക്കുന്നു. ഒരാഴ്ച മുൻപ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിനു നിപ സ്ഥിരീകരിച്ചതായി രണ്ടു ദിവസം മുൻപാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. യുവാവിന്‍റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിൽ പരിശോധിച്ചപ്പോൾ നിപ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. തുടർന്ന് പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ നിപയെന്ന് ഉറപ്പിക്കുകയും ചെയ്തു. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫിസര്‍ നടത്തിയ അന്വേഷണത്തിലാണു നിപ വൈറസ് സംശയിക്കുന്നത്. ഈ സംശയമാണു രോഗി മരിച്ച ശേഷമാണെങ്കിലും രോഗം സ്ഥിരീകരിക്കാൻ സഹായിച്ചതും.

ചികിത്സയിലിരിക്കുമ്പോഴോ മരിച്ചപ്പോഴോ വൈറസ് കണ്ടെത്തിയിരുന്നില്ല എന്നതിനാൽ മറ്റുള്ളവരിലേക്കു നിപ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. സമ്പർക്കപ്പട്ടികയും വളരെ വലുതാവും. പ്രാഥമികമായി തയാറാക്കിയ സമ്പർക്കപ്പട്ടികയിൽ തന്നെ നൂറ്റമ്പതിലേറെ ആളുകളുണ്ട്. ഈ പട്ടിക ഇനിയും വിപുലമാവുമെന്നു കരുതണം. ബംഗളൂരുവിൽ വിദ്യാർഥിയായിരുന്നു മരണമടഞ്ഞ യുവാവ്. മരണാനന്തര ചടങ്ങുകൾക്ക് അവിടെനിന്നുള്ള സഹപാഠികൾ ഉൾപ്പെടെ വന്നിട്ടുണ്ടായിരുന്നു. ഇവരൊക്കെ നിരീക്ഷണത്തിലാവേണ്ടതായി വരും. നാലു സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇതു കൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില യാത്രകളും നടത്തിയിട്ടുണ്ട്. നേരിട്ടു സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്കു മാറ്റുക, രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകൾ പരിശോധിക്കുക തുടങ്ങിയ നടപടികൾ പുരോഗമിക്കുകയാണ്. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലായി അഞ്ചു വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടെ പ്രോട്ടോകോൾ പ്രകാരമുള്ള കർശന നിയന്ത്രണങ്ങളുണ്ട്. രോഗലക്ഷണമുള്ളവരുണ്ടോയെന്നു കണ്ടെത്താൻ വീടുകൾ കയറിയിറങ്ങിയുള്ള സർവെയും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിരിക്കുന്നു. സാമൂഹിക അകലം പാലിക്കണമെന്നു നിർദേശിച്ചിരിക്കുന്നു.

ജില്ലയിൽ അതീവ ജാഗ്രത ആവശ്യമായ ദിവസങ്ങളാണിത്. കൂടുതൽ പേരിലേക്കു പടരാതെ വൈറസിനെ പിടിച്ചുകെട്ടേണ്ടതുണ്ട്. അതിന് ആരോഗ്യ പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. ജനങ്ങൾ അവരോടു പൂർണമായി സഹകരിക്കുകയും വേണം. രണ്ടു മാസം മുൻപ് പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ നിപ ബാധിച്ചു മരിച്ചപ്പോൾ മറ്റുള്ളവരിലേക്കു വൈറസ് പടരുന്നതു തടയാൻ നമുക്കു കഴിഞ്ഞിരുന്നു. ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ് അതിനു സഹായിച്ചത്. വളരെ വേഗം പ്രതിരോധ നടപടികൾ അന്നു സ്വീകരിക്കുകയുണ്ടായി. അതേ രീതിയിലുള്ള പ്രവർത്തനങ്ങൾ ഇക്കുറിയും ആവശ്യമാണ്. നേരിയ വീഴ്ചയ്ക്കു പോലും വലിയ വില നൽകേണ്ടതായി വരും. നിപയെ പ്രതിരോധിക്കുന്നതിൽ ആരോഗ്യ മേഖലയ്ക്കുള്ള പരിചയം ഈ അവസരത്തിൽ നമുക്കു സഹായകരമായി മാറണം. ആരോഗ്യ വകുപ്പിന്‍റെ മാത്രമല്ല പൊലീസ് അടക്കം വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.

മുൻപ് അഞ്ചു തവണ നിപയെ നേരിട്ട പരിചയമാണു നമുക്കുള്ളത്. 2018 മേയിലാണ് കേരളം ആദ്യമായി നിപയുടെ ഭീതിയിലാവുന്നത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമത്തിലായിരുന്നു വൈറസിന്‍റെ ഉറവിടം. രോഗിയെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റർ ലിനിയടക്കം 17 പേരാണ് അന്നു മരിച്ചത്. ദിവസങ്ങൾ നീണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്കു ശേഷം 2018 ജൂൺ മുപ്പതിനാണു കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ മുക്തമായി പ്രഖ്യാപിക്കുന്നത്. 2019ൽ എറണാകുളത്ത് ഒരു യുവാവിനു വൈറസ് ബാധയുണ്ടായി. യുവാവ് രോഗമുക്തി നേടുകയും രോഗവ്യാപനം തടയാൻ നമുക്കാവുകയും ചെയ്തു. 2021 സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടു വയസുകാരനാണ് നിപ ബാധിച്ചു മരിച്ചത്. വൈറസ് പടരുന്നതു തടയാൻ അന്നും നമുക്കായി. 2023 സെപ്റ്റംബറിൽ കോഴിക്കോട് പനി ബാധിച്ചു മരിച്ച രണ്ടുപേർക്കും നിപ സ്ഥിരീകരിക്കുകയുണ്ടായി. അതു കഴിഞ്ഞാണ് ഈ വർഷം മലപ്പുറത്ത് വീണ്ടും വൈറസ് മനുഷ്യ ജീവനെടുക്കുന്നത്.

എന്തുകൊണ്ടാണ് നിപ വൈറസ് കേരളത്തെ, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളെ, ആവർത്തിച്ചു പിടികൂടുന്നത് എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് വളരെ ഗൗരവത്തിലുള്ള പഠനങ്ങൾ ഒട്ടും വൈകാതെ നടത്തേണ്ടതുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ അതീവ പ്രാധാന്യത്തോടെ ഇതിനെ കാണണം. മുൻപ് രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വവ്വാലുകളിൽ നിന്നാണു നിപ ബാധിക്കുന്നതെന്ന നിഗമനത്തിൽ എത്തിയതും ഇതുകൊണ്ടാണ്. കേരളം അടക്കം ഒമ്പതു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആറിന്‍റെ പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി(എൻഐവി) കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ, 2001ലും 2007ലും പശ്ചിമ ബംഗാളിലും പിന്നീടു കേരളത്തിലും മാത്രമാണ് രാജ്യത്ത് ഈ വൈറസ് മനുഷ്യരെ ബാധിച്ചിട്ടുള്ളത്. എന്തുകൊണ്ട് കേരളത്തിൽ മാത്രം നിപ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണു വ്യക്തമാവാത്തത്. വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതയും നിരീക്ഷണവും പഠനവും നടത്താൻ ആരോഗ്യ വകുപ്പിനു പദ്ധതികളുണ്ടാവണം.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി