എൻട്രൻസ് പരീക്ഷ: ഓൺലൈൻ തന്നെ നല്ലത്  
Editorial

എൻട്രൻസ് പരീക്ഷ: ഓൺലൈൻ തന്നെ നല്ലത്

ചോദ്യങ്ങൾ ചോർത്തുന്ന വലിയ റാക്കറ്റുകൾ കോടികൾ സമ്പാദിക്കുമ്പോൾ കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ അവസരമാണു നഷ്ടപ്പെടുന്നത്.

പൊതുപ്രവേശന പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി കേന്ദ്ര സർക്കാരിനു സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ എന്‍ട്രൻസ് പരീക്ഷകൾ പരമാവധി ഓൺലൈനായി നടത്തണമെന്നാണു ശുപാർശ ചെയ്യുന്നത്. അതല്ല, കടലാസിൽ ഉത്തരങ്ങൾ എഴുതേണ്ടതാണു പരീക്ഷയെങ്കിലും ചോദ്യങ്ങൾ ഡിജിറ്റലായി അയയ്ക്കണമെന്നും ഏഴംഗ സമിതി നിർദേശിക്കുന്നു. ഈ വർഷത്തെ മെഡിക്കൽ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റിന്‍റെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെത്തുടർന്നാണ് രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചത്. ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ നീറ്റ് പ്രവേശന പരീക്ഷയിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെ കോളെജ് അധ്യാപന യോഗ്യതാ പരീക്ഷയായ യുജിസി-നെറ്റിലും ക്രമക്കേടുകൾ കണ്ടെത്തി. ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് ജൂൺ 18ന് രണ്ടു ഷിഫ്റ്റുകളിലായി നടന്ന പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തേണ്ടിവന്നു.

ഇതെല്ലാം ദേശീയ തലത്തിലുള്ള പരീക്ഷകളുടെ വിശ്വാസ്യതയ്ക്കു മങ്ങലേൽപ്പിച്ച പശ്ചാത്തലത്തിൽ സമിതിയുടെ നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നു വേണം കരുതാൻ. ദേശീയ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തന ഘടനയിൽ പുനഃസംഘടന വേണമെന്നും സമിതി നിർദേശിക്കുന്നുണ്ട്. ജോലിക്കാരെ സ്ഥിരപ്പെടുത്തണമെന്നും കരാർ നിയമനങ്ങൾ കുറയ്ക്കണമെന്നുമാണു ശുപാർശ. സ്ഥിരം ജോലിക്കാരാവുമ്പോൾ അവരുടെ ഉത്തരവാദിത്വവും വർധിക്കുമെന്ന കണക്കുകൂട്ടലാവാം സമിതിക്കുള്ളത്. പരീക്ഷകളിൽ സർക്കാരിന്‍റെ നിയന്ത്രണം വർധിപ്പിക്കുകയെന്ന നിർദേശവും സുരക്ഷിതത്വം ലക്ഷ്യമിട്ടാണ്. സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതു പരമാവധി കുറയ്ക്കുക എന്നതാണു നിർദേശം.

പല തലങ്ങളിൽ പല ഉദ്യോഗസ്ഥർ കൈകാര്യം ചെയ്ത് ചോദ്യപേപ്പർ വിദ്യാർഥികളിൽ എത്തുന്നതിനിടയിൽ സുരക്ഷാവീഴ്ചകൾ സംഭവിക്കാനിടയുണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. മനപ്പൂർവം ചോദ്യങ്ങൾ ചോർത്താനുള്ള ശ്രമങ്ങൾക്കും ഇതിനിടയിൽ അവസരമുണ്ട്. ചോദ്യപേപ്പറിന്‍റെ സുരക്ഷ പരമാവധി ഉറപ്പാക്കാൻ കഴിയുന്നത് ഓൺലൈൻ പരീക്ഷകളിലാണ്. പേപ്പർ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകേണ്ടതില്ലല്ലോ. കടലാസിൽ എഴുതുന്ന പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ ടെസ്റ്റ് കേന്ദ്രങ്ങളിലേക്കു നേരിട്ട് ഡിജിറ്റലായി കൈമാറുമ്പോഴും ഇടനിലയിലെ പലയാളുകളും ഒഴിവാകുന്നു. ഡിജിറ്റൽ കൈമാറ്റത്തിൽ അവസാന നിമിഷമാണ് ചോദ്യങ്ങൾ കൈയിൽ കിട്ടുന്നത്. ക്രമക്കേടു നടത്താനുള്ള അവസരം അത്രകണ്ടു കുറയുകയും ചെയ്യുന്നു. ഇത്തവ‍ണ ഝാർഖണ്ഡിൽ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുണ്ടായത് ഹസാരിബാഗിലെ ഒരു കേന്ദ്രത്തിൽ എത്തിയ ശേഷമാണ്. പരീക്ഷ ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപാണ് പരീക്ഷാകേന്ദ്രമായ സ്കൂളിലെ പ്രിൻസിപ്പലിന്‍റെ സഹായത്തോടെ ചോദ്യം ചോർത്തിയ പ്രതി ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് അനധികൃതമായി കടന്നതെന്നാണു സിബിഐ വ്യക്തമാക്കിയത്. ഏതാനും വിദ്യാർഥികളിൽ നിന്ന് ലക്ഷക്കണക്കിനു രൂപ വാങ്ങിയാണ് ഇങ്ങനെ ചോദ്യങ്ങൾ ചോർത്തി നൽകിയത്. മുപ്പതും അതിലേറെയും ലക്ഷങ്ങൾ നൽകിയവരുണ്ട്. ഇത്തരത്തിൽ ചോദ്യങ്ങൾ ചോർത്തുന്ന വലിയ റാക്കറ്റുകൾ കോടികൾ സമ്പാദിക്കുമ്പോൾ കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ അവസരമാണു നഷ്ടപ്പെടുന്നത്.

ഇങ്ങനെ ചോദ്യങ്ങൾ ചോർത്താൻ കിട്ടുന്ന അവസരങ്ങൾ എത്രയും കുറയ്ക്കാനാവുമോ അത്രയും കുറയ്ക്കുക തന്നെ വേണം. ഇന്നത്തെ കാലത്ത് ഓൺലൈൻ പരീക്ഷകൾ നടത്തുക ഒരു ബുദ്ധിമുട്ടായി കരുതേണ്ടതില്ല. വിദ്യാർഥികൾക്കു കംപ്യൂട്ടർ പരീക്ഷയെഴുതാനുള്ള പരിജ്ഞാനവും ആർജിക്കാവുന്നതേയുള്ളൂ. എൻജിന‍ീയറിങ് വിദ്യാർഥികൾക്ക് ജെഇഇയ്ക്ക് മെയിൻ, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളുള്ളതുപോലെ മെഡിക്കൽ പ്രവേശനത്തിനും രണ്ടു ഘട്ടങ്ങളുള്ള പരീക്ഷാ ഫോർമാറ്റ് സമിതി നിർദേശിക്കുന്നുണ്ട്. എത്ര തവണ വേണമെങ്കിലും നീറ്റ് എഴുതാമെന്ന വ്യവസ്ഥയും മാറ്റണമെന്നാണു നിർദേശം. ഇത്ര തവണയേ എഴുതാനാവൂ എന്നു നിയന്ത്രണം കൊണ്ടുവന്നാൽ പരീക്ഷാ നടത്തിപ്പിലുള്ള സമ്മർദം കുറയ്ക്കാനാവുമെന്നാണു പറയുന്നത്. ഏറ്റവും കൂടുതൽ പേർ നീറ്റ് യുജി പരീക്ഷ എഴുതിയത് ഇത്തവണയാണ്- 23 ലക്ഷത്തിലേറെ വിദ്യാർഥികൾ. കഴിഞ്ഞ തവണ 20 ലക്ഷത്തിലേറെയായിരുന്നു. ഓരോ വർഷവും പരീക്ഷയെഴുതുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോൾ അതു മാനെജ് ചെയ്യുന്നതിലും പ്രശ്നങ്ങൾ വർധിക്കുന്നു.

ദേശീയ ബിരുദ പ്രവേശന പരീക്ഷ (സിയുഇടി)യുടെ സബ്ജക്റ്റ് ചോയ്സുകൾ ഇപ്പോൾ നിരവധിയാണ്. 50ലേറെ വിഷയങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പിന് വിദ്യാർഥികൾക്ക് അവസരമുണ്ട്. ഈ ചോയ്സുകൾ കുറയ്ക്കുന്നതു സങ്കീർണത കുറയ്ക്കാൻ സഹായിക്കുമെന്നും സമിതി ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രവേശന നടപടികൾ കൂടുതൽ ലളിതമാക്കുക എന്നതാണു സമിതിയുടെ ലക്ഷ്യം. നിലവിലുള്ള പ്രവേശന പരീക്ഷാ സംവിധാനങ്ങളിൽ പരിഷ്കാരങ്ങൾ വേണമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. അതു സംബന്ധിച്ച് കേന്ദ്ര സർക്കാർ വൈകാതെ തീരുമാനമെടുക്കട്ടെ.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും