അമിത വേഗം യാത്രക്കാരുടെ ജീവനെടുക്കുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുകയാണു സംസ്ഥാനത്ത്. അതിൽ അവസാനത്തേതാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ കോളെജ് വിദ്യാർഥിനിയുടെ ജീവനെടുത്ത ബൈക്ക് അപകടം. മൂവാറ്റുപുഴ നിർമല കോളെജിനു മുന്നിലൂടെ അമിത വേഗത്തിൽ പാഞ്ഞ ഇരുപത്തിരണ്ടുകാരന്റെ ബൈക്കിടിച്ചാണ് കോളെജിലെ ബികോം അവസാനവർഷ വിദ്യാർഥിനിയായ ആർ. നമിതയുടെ ജീവൻ നഷ്ടപ്പെട്ടത്. നമിതയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിനി പരുക്കേറ്റു ചികിത്സയിലാണ്. പരീക്ഷ കഴിഞ്ഞ് കോളെജിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഇവർ. നിരവധി വിദ്യാർഥികൾ ഈ സമയത്ത് ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. വിദ്യാർഥിനികൾ ശ്രദ്ധയോടെയാണ് റോഡ് മുറിച്ചുകടന്നതെന്നും ബൈക്കിന്റെ മിന്നൽ വേഗമാണ് തങ്ങളുടെ സഹപാഠിയുടെ ജീവൻ അപഹരിച്ചതെന്നും അവർ പറയുന്നുണ്ട്. അപകടത്തിൽ പരുക്കേറ്റു ചികിത്സയിലാണ് ബൈക്ക് ഓടിച്ചിരുന്ന ഇരുപത്തിരണ്ടുകാരനും. നരഹത്യാകുറ്റം ചുമത്തി ഇയാൾക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ തളിപ്പറമ്പിൽ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനിയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച സംഭവമുണ്ടായത് ഏതാനും ദിവസം മുൻപാണ്. പരുക്കേറ്റ ഈ വിദ്യാർഥിനി ചികിത്സയിൽ കഴിയുകയാണിപ്പോൾ. ബൈക്കിന്റെ അമിത വേഗമാണ് ഈ അപകടത്തിനും കാരണമായതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സീബ്രാ ലൈൻ പോലും കാൽനട യാത്രക്കാർക്കു സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഈ അപകടത്തിൽ കണ്ടത്. മൂവാറ്റുപുഴയിൽ അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരൻ ഇതാദ്യമായല്ല ഇങ്ങനെ ചീറിപ്പാഞ്ഞുപോകുന്നതെന്നും മുൻപ് അമിത വേഗത്തിന് ഇയാളെ പിടികൂടിയിട്ടുണ്ടെന്നും പറയുന്നുണ്ട്. അപകടമുണ്ടാവുന്നതിനു മുൻപും കോളെജിനു മുന്നിൽ ബൈക്കുമായി ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു. കോളെജിനു മുന്നിൽവച്ച് ബൈക്ക് ഇരപ്പിച്ചതിനെ വിദ്യാർഥികൾ ചോദ്യം ചെയ്യുകയും ഇതു തർക്കത്തിൽ കലാശിക്കുകയും ചെയ്തുവത്രേ. അതിനുശേഷം വീണ്ടും വന്നപ്പോഴാണ് അപകടമുണ്ടാക്കിയതെന്നാണു വിദ്യാർഥികൾ പറയുന്നത്.
അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും അറിഞ്ഞുകൊണ്ട് അപകടത്തിലേക്കുള്ള എടുത്തുചാട്ടമാണെന്ന് സാഹസിക ഡ്രൈവിങ്ങിന് ഇറങ്ങിത്തിരിക്കുന്നവർ ആലോചിക്കാറില്ല. ബൈക്കുകളിൽ ചെത്തിയടിച്ചുള്ള ചുറ്റിക്കറങ്ങലുകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത എത്രയോ വട്ടം ഉന്നയിക്കപ്പെട്ടതാണ്. കാൽ നടയാത്രക്കാരെയും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും ഭയപ്പെടുത്തുന്ന ഡ്രൈവിങ് രീതി നഗരങ്ങളിൽ മാത്രമല്ല ഗ്രാമീണ റോഡുകളിൽ പോലും കാണുന്നുണ്ട്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിലുള്ള ചീറിപ്പായൽ വലിയ ഭീഷണിയാണു യാത്രക്കാർക്കു സൃഷ്ടിക്കുന്നത്. ഇതിനെതിരേ എത്രമാത്രം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയാലും ഫലമുണ്ടാവുന്നില്ലെന്നതാണു യാഥാർഥ്യം.
ഇതിനിടെ, മൂവാറ്റുപുഴയിലെ അപകടത്തിനു വഴിവച്ചത് ലഹരി ഉപയോഗമാണോ എന്ന സംശയവും പൊലീസിനുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നയാളായിരുന്നു അപകടം വരുത്തിവച്ച പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. ലഹരി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്നും പൊലീസ് പറയുന്നു. അങ്ങനെയെങ്കിൽ ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ മറ്റൊരു ഉദാഹരണമാവാം ഈ സംഭവവും. പല വിധത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വാഹനങ്ങളുടെ അമിത വേഗത്തിനു കാരണമാവാറുണ്ട്. എത്രയെത്ര അപകടങ്ങളാണ് ലഹരിപ്പുറത്ത് ഉണ്ടായിട്ടുള്ളത്. ക്രിമിനൽ പ്രവർത്തനങ്ങൾക്കു ധൈര്യം പകരുന്ന പ്രധാന ഘടകവും ലഹരിയാണ്. അതിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് യുവതലമുറയെ മോചിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളാവും സംസ്ഥാനം അനുഭവിക്കേണ്ടിവരുന്നത്.
സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളെയും സംഘടനകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ ജനകീയ പോരാട്ടം നടക്കുന്നുവെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. അപ്പോഴും ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ടെന്നതാണു വസ്തുത. ഏതാനും ദിവസം മുൻപാണ് തൃശൂർ വടക്കേക്കാട് വൃദ്ധദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത്. ലഹരിക്ക് അടിമയായിരുന്ന കൊച്ചുമകൻ ലഹരി ഉപയോഗിക്കുന്നതിനു പണം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്. കഞ്ചാവു മുതൽ രാസലഹരി വരെയുള്ള മയക്കു മരുന്നുകൾ മാത്രമല്ല സർക്കാരിനു പ്രധാന വരുമാന മാർഗമായ മദ്യവും അപകടകരമായ ഡ്രൈവിങ്ങിനു ധൈര്യം പകരുന്നതാണ്. അമിതമായ ആത്മവിശ്വാസവും അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും ലഹരി വസ്തുക്കൾ പകരുകയാണ്. ലഹരിക്കും അമിത വേഗത്തിനും എതിരേ പൊതുസ്ഥലങ്ങളിൽ കർശനമായ പരിശോധനയും നിരീക്ഷണ സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിലും ലഹരി ഉപയോഗത്തിന്റെ നിയന്ത്രണത്തിനു പങ്കു വഹിക്കാനാവും.