മണിപ്പുർ ശാന്തമാവട്ടെ 
Editorial

മണിപ്പുർ ശാന്തമാവട്ടെ

വീണ്ടും കലാപഭൂമിയായി മാറിയ മണിപ്പുരിൽ സമീപ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ രാജ്യത്തെയൊന്നാകെ നടുക്കുന്നതാണ്

വീണ്ടും കലാപഭൂമിയായി മാറിയ മണിപ്പുരിൽ സമീപ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ രാജ്യത്തെയൊന്നാകെ നടുക്കുന്നതാണ്. അവിടുത്തെ വംശീയ കലാപത്തിന് അന്ത്യം കുറിക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികൾ ഇനിയും വേണ്ടത്ര ഫലപ്രദമായിട്ടില്ലെന്നാണ് ഈ ദിവസങ്ങൾ തെളിയിച്ചത്. കലാപകാരികൾ മനുഷ്യ ജീവനുകൾ കവരുന്നതും കണ്ണിൽ കണ്ടതെല്ലാം തകർക്കുന്നതും തടയാനും ശാശ്വത സമാധാനം ഉറപ്പുവരുത്താനും സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടും. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നതടക്കം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. അർധ സൈനിക വിഭാഗങ്ങളിൽ നിന്ന് 5000 ജവാന്മാരെ കൂടി മണിപ്പുരിൽ നിയോഗിക്കാൻ തീരുമാനിച്ചതായും പറയുന്നു. സംഘർഷം രൂക്ഷമായിട്ടുള്ള ജിരിബാം ജില്ലയിൽ കേന്ദ്ര സേനയുടെ 20 കമ്പനികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നതാണ്. ഇതിനു പുറമേയാണു കൂടുതൽ ജവാന്മാരെ എത്തിക്കുന്നത്. ഇവർ കൂടി എത്തുന്നതോടെ മണിപ്പുരിൽ വിന്യസിച്ചിട്ടുള്ള സേനയുടെ അംഗബലം 278 കമ്പനിയായി ഉയരുകയാണ്. ഇത്തരത്തിൽ സേനയെ നിയോഗിച്ചുകൊണ്ട് അക്രമി സംഘങ്ങളെ നേരിടുമ്പോൾ തന്നെ ജനങ്ങളിൽ പരസ്പര വിശ്വാസം വളർത്താനുള്ള നടപടികളും ആവശ്യമാണ്. പരസ്പരം ആക്രമിച്ചും മനുഷ്യ ജീവനുകൾ കവർന്നെടുത്തുമല്ല എവിടെയായാലും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ടത്.

ഈ മാസം ഏഴിന് ജിരിബാമിലെ സൈറോൺ ഗ്രാമത്തിൽ ഹമാർ സമുദായത്തിൽപ്പെട്ട സ്ത്രീയെ ഒരു സംഘം അക്രമികൾ തീകൊളുത്തി കൊന്നതാണ് ഇപ്പോഴത്തെ അക്രമസംഭവങ്ങൾക്കു തുടക്കം കുറിച്ചത്. ഇതിനെതിരേ ആരംഭിച്ച പ്രക്ഷോഭം വലിയ തോതിലുള്ള അക്രമസംഭവങ്ങൾക്കു കാരണമായി. പതിനൊന്നാം തീയതി ജിരിബാമിലെ ബൊറൊബെക്രയിൽ ഒരു സംഘം അക്രമികൾ പൊലീസ് സ്റ്റേഷനും സിആർപിഎഫ് ക്യാംപും വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിച്ചു. രക്ഷാസേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘത്തിലെ പത്തു പേർ കൊല്ലപ്പെട്ടതോടെ സായുധ വിഭാഗം പിന്തിരിഞ്ഞെങ്കിലും പ്രദേശത്തുനിന്ന് മൂന്നു സ്ത്രീകളെയും മൂന്നു കുട്ടികളെയും കാണാതായി. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ സംഘർഷം വ്യാപിക്കുകയായിരുന്നു. വ്യാപകമായി അക്രമസംഭവങ്ങളും തീവയ്പ്പുമുണ്ടായി. മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കുകയും ചിലരുടെ വീടുകൾക്കു തീവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ കുടുംബവീടിനു നേരേയും ആക്രമണമുണ്ടായി.

വംശീയ സംഘർഷം അവസാനിപ്പിക്കുന്നതിൽ ബിരേൻ സിങ് സർക്കാർ സമ്പൂർണ പരാജയമാണെന്നു പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ ബിജെപി സർക്കാരിന് ഇതുവരെ പിന്തുണ നൽകിയിരുന്ന നാഷണൽ പീപ്പിൾസ് പാർട്ടി (എന്‍പിപി)യും ഇപ്പോൾ സർക്കാരിനെ കൈവിട്ടിരിക്കുകയാണ്. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 അംഗങ്ങളുള്ളതുകൊണ്ട് ഏഴ് എംഎൽഎമാരുള്ള എൻപിപിയുടെ പിന്മാറ്റം സർക്കാരിനെ ബാധിക്കില്ല. എന്നാൽ, സഖ്യകക്ഷി നേതാക്കൾക്കും ബിരേൻ സിങ്ങിന്‍റെ ഭരണത്തിൽ മണിപ്പുർ ശാന്തമാവുമെന്നു വിശ്വാസമില്ലാതായി എന്നതു ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കേണ്ടിവരും.

മണിപ്പുരിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ വർഷം മേയ് മാസത്തിൽ ആരംഭിച്ച ഏറ്റുമുട്ടലുകളിൽ ഇതുവരെ 220ൽ ഏറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്കുകൾ കാണിക്കുന്നത്. ആയിരത്തിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. അയ്യായിരത്തോളം വീടുകൾ അഗ്നിക്കിരയാക്കി. ആരാധനാലയങ്ങളും തകർക്കപ്പെട്ടു. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടിയിട്ടുണ്ട്. അക്രമികളെ നേരിടാൻ സൈനികരെ‌ നിയോഗിച്ച ശേഷവും കലാപകാരികൾ അടങ്ങിയില്ലെന്നത് പ്രശ്നത്തിന്‍റെ ഗൗരവം എത്രമാത്രമുണ്ടെന്നു കാണിക്കുന്നുണ്ട്. ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്ന അക്രമികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിന് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയെടുക്കാൻ സർക്കാരിനും ക്രമസമാധാന പാലകർക്കും കഴിയുക എന്നതാണ് ആവശ്യമായിട്ടുള്ളത്. ജനാധിപത്യ സംവിധാനത്തിൽ കലാപങ്ങളല്ല പരിഹാരമാർഗം. ഇത് അക്രമത്തിനു മുതിരുന്നവരെ ബോധ്യപ്പെടുത്താൻ സർക്കാരിനു കഴിയണം. മനപ്പൂർവം കലാപത്തിനു ശ്രമിക്കുന്നവരെ കർശനമായി നേരിടുകയും വേണം. ജനങ്ങൾക്കിടയിലെ ഭിന്നത ആളിക്കത്താതെ നോക്കേണ്ടത് സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും കടമയാണ്. അവർ പക്ഷം നോക്കാതെ നടപടികൾ സ്വീകരിക്കണം. രാഷ്‌ട്രീയം നോക്കാതെ നീതി നടപ്പാക്കുകയും വേണം.

സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്തി സമുദായത്തിനു പട്ടികവർഗ സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് കഴിഞ്ഞവർഷം മേയ് മാസം ആദ്യം മണിപ്പുരിൽ സംഘർഷം ആരംഭിച്ചത്. ജനസംഖ്യയിൽ 40 ശതമാനം വരുന്ന കുക്കി, നാഗ ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷ സമുദായത്തിനു സംവരണം അനുവദിക്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ഈ പ്രക്ഷോഭത്തിൽ മെയ്‌തി വിഭാഗത്തിനു നേരേ ആക്രമണമുണ്ടായി. മെയ്തി വിഭാഗം ഇതിനെതിരേ തെരുവിലിറങ്ങിയതോടെ സംസ്ഥാനത്തൊട്ടാകെ കലാപം പടർന്നു. സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി. സുരക്ഷാ സേനയും ആക്രമിക്കപ്പെട്ടു. ആയിരക്കണക്കിനാളുകൾ കലാപബാധിത മേഖലകളിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. ആ നാളുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നതു തടയുക തന്നെ വേണം. സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനല്ല സമാധാനത്തിന്‍റെ പാതയിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരാനാണ് ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കൾ പരിശ്രമിക്കേണ്ടത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും