ഭീതിപ്പെടുത്തുന്ന റോഡ് അപകടങ്ങൾ Representative image - AI
Editorial

ഭീതിപ്പെടുത്തുന്ന റോഡ് അപകടങ്ങൾ

മദ്യത്തിന്‍റെയും മയക്കുമരുന്നുകളുടെയും ലഹരിയിലായിരിക്കുമ്പോൾ വാഹനമോടിച്ചാൽ സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണ്

കഴിഞ്ഞ ചൊവ്വാഴ്ച കർണാടകയിലെ ഗുണ്ടൽപേട്ടിൽ വയനാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ ടോറസ് ലോറിയിടിച്ചു മരിക്കാനിടയായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും സെപ്റ്റംബർ പതിനഞ്ചിനു കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രിക കാർ കയറിയിറങ്ങി മരിച്ച ദുരന്തത്തിന്‍റെ ദൃശ്യങ്ങളും ആരെയും നടുക്കുന്നതാണ്. ഗുണ്ടൽപേട്ടിൽ പൂപ്പാടം സന്ദർശിക്കാനെത്തിയ ദമ്പതികളും മകനുമാണ് കേരളത്തിലേക്കു തിരിച്ചുവരുന്നതിനിടെ അവർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ടോറസ് ലോറി ഇടിച്ചുക‍യറി മരിച്ചത്. കേരള വിഷന്‍റെ എറണാകുളത്തെ ജീവനക്കാരനായ പാഴൂർ വീട്ടിൽ ധനേഷ് (36), ഭാര്യ അഞ്ജു (27), അവരുടെ മകൻ ഇഷാൻ കൃഷ്ണ (ആറ്) എന്നിവരാണ് ഈ അപകടത്തിൽ മരിച്ചത്. മുൻഭാഗത്തെ ടയറുകൾക്കിടയിൽ കുടുങ്ങിയ ബൈക്കുമായി ലോറി ഏറെ ദൂരം മുന്നോട്ടുപോയി. ഇടിച്ചിട്ട ബൈക്കിനെ ലോറി വലിച്ചുകൊണ്ടുപോകുന്നതു കണ്ട് ആളുകൾ ബഹളം വയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാനാവുന്നുണ്ട്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്.

മൈനാഗപ്പള്ളിയിലെ അപകടത്തിന്‍റെ ദൃശ്യങ്ങൾ വല്ലാത്ത നൊമ്പരമായി മലയാളികളുടെ മനസിൽ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. കടയിൽനിന്നു സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ മറുഭാഗത്തേക്കു പോകുന്നതിനിടെ ദിശതെറ്റി അമിത വേഗത്തിൽ വന്ന കാറാണ് ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളെ (45) ഇടിച്ചത്. അപകടത്തിൽ റോഡിലേക്കു തെറിച്ചുവീണ കുഞ്ഞുമോൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ നിർത്തിയ കാർ വീണ്ടും മുന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറ്റിയിറക്കി ഓടിച്ചുപോകുകയായിരുന്നു ഡ്രൈവർ അജ്മൽ ചെയ്തത്. രക്ഷാപ്രവർത്തനം നടത്താതെ കാറുമായി വേഗം രക്ഷപെടാൻ പ്രേരണ നൽകിയത് അജ്മലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഡോ. ശ്രീക്കുട്ടിയാണത്രേ. ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്തിയ കാർ വീണ്ടും മുന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറ്റിയിറക്കിയിരുന്നില്ലെങ്കിൽ കുഞ്ഞുമോളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ സൈഡിലേക്കു വീണതുകൊണ്ടു മാത്രമാണ് പരുക്കുകളോടെ രക്ഷപെട്ടത്. വണ്ടിയോടിക്കുമ്പോൾ അജ്മൽ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നുണ്ട്. ഓണാഘോഷവും മദ്യസൽക്കാരവും കഴിഞ്ഞു മടങ്ങുകയായിരുന്നു അജ്മലും ശ്രീക്കുട്ടിയും എന്നാണു പറയുന്നത്. വിവിധ കേസുകളിൽ പ്രതിയാണ് അജ്മൽ എന്നും കണ്ടെത്തിയിട്ടുണ്ട്.

ഗുണ്ടൽപേട്ടിലെയും മൈനാഗപ്പള്ളിയിലെയും അതിദാരുണമായ അപകടങ്ങൾക്ക് ഡ്രൈവർമാരുടെ മദ്യപാനം കാരണമായിട്ടുണ്ട് എന്നു തന്നെ കരുതണം. മദ്യത്തിന്‍റെയും മയക്കുമരുന്നുകളുടെയും ലഹരിയിലായിരിക്കുമ്പോൾ വാഹനമോടിച്ചാൽ സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണ്. വർഷങ്ങളായി ഇതേക്കുറിച്ചുള്ള ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും മദ്യപിച്ചു വണ്ടിയോടിക്കുന്നത് ഒരു വിഷയമേ ആയി കാണാത്തവരുണ്ട്. ഈ രണ്ട് അപകടങ്ങളുടെ ദൃശ്യങ്ങൾ അവരുടെയൊക്കെ മനസിൽ ആഴത്തിൽ പതിയേണ്ടതാണ്. മദ്യപാനികൾ നിരത്തിൽ നിരപരാധികളുടെ ജീവനെടുക്കുന്നതു തടയാൻ ഇനിയും എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്ന് സർക്കാരും ആലോചിക്കണം. മദ്യലഹരിയിൽ വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾക്കു വ്യവസ്ഥയുണ്ട്. എന്നിട്ടും മദ്യപാനം മൂലമുള്ള അപകടങ്ങൾ ആവർത്തിക്കുകയാണ്. ഇങ്ങനെ വാഹനമോടിക്കുന്നവരുടെ പിഴവുകൾക്ക് ഇരകളായി തീരുന്ന നിരപരാധികളുടെ ജീവനു വലിയ വിലയുണ്ട്.

നാടൊട്ടുക്കും ക്യാമറകളുണ്ട്, സുരക്ഷാ നടപടികളെക്കുറിച്ച് ബോധവത്കരണ പ്രവർത്തനങ്ങളുണ്ട്, നിരത്തുകളിൽ പരിശോധനകളുമുണ്ട്. ഇതൊക്കെയായിട്ടും റോഡ് അപകടങ്ങൾ കുറയുകയല്ല, കൂടുകയാണു ചെയ്യുന്നത്. മദ്യവും മയക്കുമരുന്നുകളും ഇതിനൊരു പ്രധാന കാരണമായി കാണേണ്ടതാണ്. അമിത വേഗമാണ് മറ്റൊരു കാരണം. 2022ൽ 43,910 റോഡ് അപകടങ്ങളായിരുന്നു കേരളത്തിലുണ്ടായത്. 2023ൽ അത് 48,141 ആയി വർധിച്ചു എന്നാണു കണക്ക്. കോടിക്കണക്കിനു രൂപ മുടക്കി ക്യാമറകൾ സ്ഥാപിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നാണ് ഇതു കാണിക്കുന്നത്. ഇക്കഴിഞ്ഞ തിരുവോണ നാളിൽ തന്നെ കേരളത്തിലുണ്ടായ റോഡ് അപകടങ്ങളിൽ ചുരുങ്ങിയത് 16 പേർ മരിച്ചിട്ടുണ്ട്. തിരുവോണ ദിവസവും പിറ്റേന്നു പുലർച്ചെയുമായി തിരുവനന്തപുരം ജില്ലയിലെ ആറ് അപകടങ്ങളിൽ മാത്രം എട്ടു പേരാണു മരിച്ചത്. റോഡുകളിൽ ആവർത്തിക്കപ്പെടുന്ന പിഴവുകളിൽ നിന്ന് നാം ഒരു പാഠവും പഠിക്കുന്നില്ലെന്നതാണ് ഇതുപോലുള്ള കണക്കുകൾ ബോധ്യപ്പെടുത്തുക.

പെർത്തിൽ ചരിത്രമെഴുതി ഇന്ത്യ

തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി, മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാ പടോലെ രാജി വച്ചു

മുഷ്താഖ് അലി ട്രോഫി: കേരളം പൊരുതിത്തോറ്റു

മദ്യ ലഹരിയിൽ മകന്‍ അച്ഛനെ വെട്ടി പരുക്കേൽപ്പിച്ചു

സുരേന്ദ്രന്‍ രാജിവയ്ക്കില്ല; ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ