സഞ്ജു സാംസൺ 
Editorial

വിമർശനങ്ങളുടെ മുനയൊടിച്ച സെഞ്ചുറി | മുഖപ്രസംഗം

ലക്ഷക്കണക്കിനു ക്രിക്കറ്റ് പ്രേമികൾ സഞ്ജു സാംസന്‍റെ ടി20 സെഞ്ചുറി ആഘോഷിക്കുകയാണ്. പ്രത്യേകിച്ചു മലയാളികൾക്ക് ഇതു വളരെ വലിയ ‍ആഹ്ലാദനിമിഷങ്ങൾ

ലക്ഷക്കണക്കിനു ക്രിക്കറ്റ് പ്രേമികൾ സഞ്ജു സാംസന്‍റെ ടി20 സെഞ്ചുറി ആഘോഷിക്കുകയാണ്. പ്രത്യേകിച്ചു മലയാളികൾക്ക് ഇതു വളരെ വലിയ ‍ആഹ്ലാദനിമിഷങ്ങൾ. ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമാവാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരിക്കെ തന്നെ വല്ലപ്പോഴും വന്നുപോകുന്ന താരമായി സഞ്ജു മാറുന്നു എന്നത് ഈ മലയാളിയുടെ പ്രകടനം ഇഷ്ടപ്പെടുന്ന മുഴുവൻ ആളുകൾക്കും നിരാശയുണ്ടാക്കുന്നതാണ്. അതിന് ഈ സെഞ്ചുറി ഒരവസാനം കുറിക്കുമെന്നും ഇനി ടി20യിൽ സഞ്ജുവിനു സ്ഥിരസാന്നിധ്യമായി മാറാൻ കഴിയുമെന്നും ഏകദിനത്തിലും അവസരം കിട്ടുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ടാവും. സഞ്ജുവിന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ നിർണായക നാഴികക്കല്ലായി ഈ പ്രകടനം മാറട്ടെ. ഒപ്പം ഈ ക്രിക്കറ്ററിൽ നിന്ന് ഇന്ത്യയ്ക്കു കൂടുതൽ തിളക്കമുള്ള വിജയങ്ങളും ലഭിക്കട്ടെ. കേരളത്തിൽ നിന്നു കൂടുതൽ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ ടീമിലെത്തിപ്പെടുന്നതിന് അതു പ്രചോദനമാവുമാവട്ടെ.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് കഴിഞ്ഞ ദിവസം സഞ്ജുവിന്‍റെ തകർപ്പൻ പ്രകടനം കാണാനായത്. ഈ പ്രകടനത്തിന്‍റെ മികവിൽ 133 റൺസിന്‍റെ ഗംഭീര വിജയമാണ് ഇന്ത്യയ്ക്കുണ്ടായത്. ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ മാർജിനിലുള്ള വിജയമാണിത്. ഇതിനു മുൻപ് ബംഗ്ലാദേശിനെതിരായ ഏറ്റവും വലിയ വിജയം രണ്ടാം ടി20യിൽ ന്യൂഡൽഹിയിൽ നേടിയ 86 റൺസിന്‍റേതായിരുന്നു. ഗ്വാളിയറിൽ നടന്ന ആദ്യ ടി20യിൽ ഏഴു വിക്കറ്റ് വിജയവും ഇന്ത്യ നേടിയിരുന്നു. അങ്ങനെ ടി20 പരമ്പരയിൽ അക്ഷരാർഥത്തിൽ ബംഗ്ലാദേശിനെ തൂത്തുവാരിക്കളഞ്ഞു സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. ഹെഡ് കോച്ച് ഗൗതം ഗംഭീറിനും അഭിമാനിക്കാവുന്ന വിജയം. സഞ്ജു സാംസൺ അടക്കം താരങ്ങൾക്കു സ്വന്തം ശൈലിയിൽ ടീമിനു വേണ്ടി കളിക്കാനുള്ള സ്വാതന്ത്ര്യം നൽകി ഗംഭീറും സൂര്യകുമാറും. അതിന്‍റെ ഫലം കൂടിയാണ് ഈ തകർപ്പൻ തൂത്തുവാരൽ. വ്യക്തിഗത നേട്ടങ്ങളല്ല, ടീമാണു പ്രധാനം എന്ന ഗംഭീറിന്‍റെ കാഴ്ചപ്പാടും ടീമിനു ഗുണകരമാവുന്നുണ്ട്. മൂന്നാം ടി20യിൽ സഞ്ജുവും സൂര്യകുമാറും ചേർന്ന 173 റ‍ൺസിന്‍റെ കൂട്ടുകെട്ട് ബംഗ്ലാദേശിന്‍റെ സകല പ്രതീക്ഷകളും തകർക്കുന്നതായി. 18 പന്തിൽ 47 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 13 പന്തിൽ 34 റൺസ് നേടിയ റിയാൻ പരാഗും പടുകൂറ്റൻ ടോട്ടലിലേക്കു ടീമിനെ പിന്നെയും നയിക്കുകയും ചെയ്തു. ഓപ്പണിങ് പങ്കാളിയായിരുന്ന അഭിഷേക് ശർമയെ തുടക്കത്തിൽ നഷ്ടപ്പെട്ടിട്ടും പതറാതെ പോരാടിയ സഞ്ജു തന്നെയാണു ടീമിനു മൊത്തത്തിൽ ആവേശവും ആത്മവിശ്വാസവും പകർന്നത്.

40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജുവിന്‍റെ മികവിൽ ഇന്ത്യ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ എക്കാലത്തെയും ഉയർന്ന ടി20 ടീം സ്കോർ സ്വന്തമാക്കുകയായിരുന്നു. മുൻപ് മംഗോളിയക്കെതിരേ നേപ്പാൾ 314 റൺസ് എടുത്തിട്ടുണ്ട്. പക്ഷേ, മംഗോളിയയും നേപ്പാളും ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളല്ല. അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയ 278/3 എന്ന റെക്കോഡാണ് സഞ്ജു അടങ്ങുന്ന ഇന്ത്യൻ ടീം തകർത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് അടിച്ചുകൂട്ടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണു നേടാൻ കഴിഞ്ഞത്. 22 പന്തിൽ അമ്പതും അടുത്ത 18 പന്തിൽ നൂറും തികച്ച സഞ്‌ജു 47 പന്തിൽ 111 റൺസ് കുറിച്ചാണു ക്രീസ് വിട്ടത്. എട്ടു സിക്സും 11 ഫോറും സഞ്ജുവിന്‍റെ ഇന്നിങ്സിലുണ്ട്. ഇതിൽ അഞ്ചു സിക്സറും പിറന്നത് ലെഗ് സ്പിന്നർ റിഷാദ് ഹുസൈൻ എറിഞ്ഞ, ഇന്നിങ്‌സിലെ പത്താം ഓവറിലായിരുന്നു. റണ്ണില്ലാത്ത ആദ്യ പന്തിനു ശേഷം തുടർച്ചയായി സിക്സറുകൾ പറക്കുകയായിരുന്നു ആ ഓവറിൽ. ലെഗ് സ്പിൻ നേരിടുന്നതിൽ വേണ്ടത്ര പ്രാഗത്ഭ്യമില്ല എന്നായിരുന്നു മുൻപു പലപ്പോഴും സഞ്ജു നേരിട്ട ആരോപണം. നിരവധി തവണ സ്പിന്നർമാർക്കു മുന്നിൽ പതറി വീണിട്ടുമുണ്ട്. ഈ കുറവ് മറികടന്നു കഴിഞ്ഞു താനെന്ന് സഞ്ജു തെളിയിക്കുകയാണ്.

സഞ്ജുവിന്‍റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറിയാണിത്. ഒപ്പം, ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ ടി20 സെഞ്ചുറി എന്ന തകർക്കാനാവാത്ത റെക്കോഡും സഞ്ജു സ്വന്തമാക്കിയിരിക്കുന്നു. ഒരിന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയും ഇതുതന്നെയാണ്. ഏകദിന മത്സരങ്ങളിൽ തന്‍റെ ആദ്യ സെഞ്ചുറി സഞ്ജു നേടിയത് കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരേയാണ്. 114 പന്തിൽ 108 റൺസായിരുന്നു അന്നത്തെ സമ്പാദ്യം. ഐപിഎല്ലിലും മികച്ച പ്രകടനങ്ങൾ സഞ്ജുവിന്‍റേതായിട്ടുണ്ട്. വിക്കറ്റ് കീപ്പർ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും വിമർശകരുടെ നാവടക്കുന്ന പ്രകടനം തുടർന്നും കാഴ്ചവയ്ക്കാൻ സഞ്ജുവിനു കഴിഞ്ഞാൽ ടീമിൽ സ്ഥിരമാവാനുള്ള അവസരം ആർക്കും നിഷേധിക്കാനാവാത്ത അവസ്ഥയുണ്ടാവും. തനിക്ക് ഏറെ പരാജയങ്ങളുണ്ടായിട്ടുണ്ടെന്നും അതിൽ നിന്ന് സമ്മർദം എങ്ങനെ അതിജീവിക്കാമെന്നു പഠിച്ചുവെന്നുമാണ് സഞ്ജു ഹൈദരാബാദിലെ മത്സരശേഷം പറഞ്ഞത്. ഈ ആത്മവിശ്വാസം ഇനിയുള്ള നാളുകളിൽ ഈ ക്രിക്കറ്റ് പ്രതിഭയ്ക്കു തുണയാവട്ടെ. കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിട്ടും ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിനു കഴിഞ്ഞില്ല. പ്ലേയിങ് ഇലവനിലെ പ്രധാന താരമായി സഞ്ജു തകർത്താടുന്നത് ഇനി ആവർത്തിച്ചുകൊണ്ടിരിക്കട്ടെ.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം