ലക്ഷ്യത്തിലെത്തട്ടെ, വളർച്ചാ മുനമ്പ് 
Editorial

ലക്ഷ്യത്തിലെത്തട്ടെ, വളർച്ചാ മുനമ്പ്

ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ക്കു നങ്കൂരമിടാന്‍ സൗകര്യമുള്ള രാജ്യത്തെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായാണ് വിഴിഞ്ഞം അറിയപ്പെടുന്നത്

കേരളത്തിന്‍റെ വികസന ചരിത്രത്തിലെ പുതിയ യുഗത്തിനാണു വിഴിഞ്ഞം തുറമുഖം തുടക്കം കുറിക്കുന്നത്. തുറമുഖത്തിന്‍റെ പൂർണ തോതിലുള്ള ഒന്നാംഘട്ടം കമ്മിഷനിങ് ഡിസംബറിൽ നടത്തുന്നതിനു വേണ്ടിയുള്ള നടപടികൾ പുരോഗമിച്ചു വരുകയാണ്. 2034നു മുൻപ് എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. രാജ്യത്തിന്‍റെ സുവർണ തീരമായി വിഴിഞ്ഞം മാറുന്നതോടെ കേരളത്തിനു മൊത്തത്തിലുണ്ടാകാവുന്ന നേട്ടങ്ങൾ വളരെ വലുതാണ്. ഇപ്പോൾ തന്നെ ട്രയൽ റൺ ആരംഭിച്ച് നാലു മാസത്തിനിടെ ഒരു ലക്ഷത്തിലധികം ടിഇയു കണ്ടെയ്‌നർ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. അടുത്ത ഏപ്രിൽ മാസത്തോടെ ലക്ഷ്യമിട്ടത്രയും ചരക്കു നീക്കമാണ് നാലു മാസം കൊണ്ടുണ്ടായതെന്നാണു ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്. ഇത്രയും കണ്ടെയ്നർ ഇവിടെ എത്തിയതു വഴി ജിഎസ്ടി ഇനത്തിൽ സർക്കാരിനു ലഭിച്ചത് 7.4 കോടി രൂപയുടെ വരുമാനമാണ്. ലോകത്തിലെ വമ്പൻ ചരക്കു കപ്പലുകൾ ഇതിനകം വിഴിഞ്ഞം തീരത്തെത്തിക്കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ക്കു നങ്കൂരമിടാന്‍ സൗകര്യമുള്ള രാജ്യത്തെ ഏക ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമായാണ് വിഴിഞ്ഞം അറിയപ്പെടുന്നത്. ചരക്കുനീക്കത്തിന്‍റെ ഹബ്ബായി ഈ തുറമുഖം മാറുമ്പോൾ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും അതു നൽകുന്ന സഹായം ഒട്ടും ചെറുതാവില്ല. നേരിട്ടും അല്ലാതെയും ലഭ്യമാവുന്നതു നിരവധിയായ തൊഴിൽ അ‍വസരങ്ങളാവും. പല തരത്തിലുള്ള വ്യവസായങ്ങളുടെ വളർച്ചയ്ക്കു സഹായമായി തുറമുഖത്തെ ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ച് തെക്കൻ കേരളത്തിന്‍റെ വികസനക്കുതിപ്പിനു കൂടുതൽ സാധ്യതകൾ വിഴിഞ്ഞം നൽകുന്നുണ്ട്.‌ അതു പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണു നമുക്കു ചെയ്യാനുള്ളത്. ഈയൊരു പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിഴിഞ്ഞം- കൊല്ലം- പുനലൂർ വ്യാവസായിക‌ സാമ്പത്തിക വളര്‍ച്ചാ മുനമ്പിനെ കാണേണ്ടത്. സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയെ വ്യാവസായിക‌ സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിൽ ഈ പദ്ധതിക്ക് എത്രമാത്രം മുന്നോട്ടുപോകാനാവുമെന്നത് വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ പ്രധാനമാണ്. തലസ്ഥാന ജില്ലയുടെ ഗ്രാമീണ മേഖലകളിലടക്കം വലിയ തോതിൽ വികസനം എത്തിക്കാൻ പര്യാപ്തമാണ് ഈ പദ്ധതി. അതു വിജയിപ്പിക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.

പദ്ധതിയുടെ സ്ഥലമേറ്റെടുക്കലിന് 1000 കോടി രൂപ കിഫ്ബി ചെലവിടുമെന്നാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇൻഫ്രാസ്ട്രക്‌ചർ, വ്യാവസായിക ഇടനാഴികൾ, ടൂറിസം‌ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്നു വർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കാനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഭാവിയിൽ ഈ ഇടനാഴി കൊല്ലത്തു നിന്നും ആലപ്പുഴ വഴി കൊച്ചിയിലേക്കും പുനലൂരിൽ നിന്ന് പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിച്ച് മധ്യകേരളത്തിലേക്ക് വ്യാപിപ്പിക്കും. അതു മാത്രമല്ല കേരളത്തിന്‍റെ മറ്റു ഭാഗങ്ങളെയും പ്രധാന റോഡ്, റെയ്‌‌ൽ ഇടനാഴികൾ വഴി ബന്ധിപ്പിച്ച് വ്യവസായ ഇടനാഴിയുടെ ഭാഗമാക്കി മാറ്റുമെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ കേരളത്തിന്‍റെ മുഴുവൻ വികസനത്തിന് ഈ പദ്ധതിയെ പ്രയോജനപ്പെടുത്താൻ കഴിയും.

ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ സംയോജനമാണ് തെക്കൻ കേരളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ടു നടപ്പാക്കാനുദ്ദേശിക്കുന്നത്. പ്രധാന ഹൈവേകൾക്കും റെയ്‌ൽ ശൃംഖലകൾക്കും സമീപം സ്ഥിതിചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിന്‍റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന സ്‌മാർട്ട് ഇൻഡസ്ട്രിയല്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണു ചെയ്യുന്നത്. വിഴിഞ്ഞം- കൊല്ലം ദേശീയപാത, കൊല്ലം-ചെങ്കോട്ട ദേശീയപാത, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744, കൊല്ലം- ചെങ്കോട്ട റെയ്ൽവേ ലൈൻ, പുനലൂർ- നെടുമങ്ങാട്- വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളർച്ചാ മുനമ്പിന്‍റെ വശങ്ങളാവുന്നത്. പദ്ധതി പ്രദേശത്തിനുള്ളില്‍ വരുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡും വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ ഏരിയ കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കരുത്തേകും. കേരളത്തിലെ തനതു വ്യവസായ മേഖലകൾ ഉൾപ്പെടെ ഏഴു പ്രധാന മേഖലകൾ പദ്ധതിയുടെ ഭാഗമാകുമെന്നാണു പറയുന്നത്. സമുദ്രോത്പന്ന ഭക്ഷ്യസംസ്കരണവും കയറ്റുമതിയും, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഐടി/ഐടിഇഎസ്/ബഹിരാകാശ മേഖല, ഗതാഗതവും ലോജിസ്റ്റിക്സും, പുനരുപയോഗ ഊർജം, അസംബ്ലിങ് യൂണിറ്റുകൾ, മെഡിക്കൽ ടൂറിസം/ഹോസ്പിറ്റാലിറ്റി എന്നിവയാണു പ്രധാന നോഡുകളായി കണക്കാക്കുന്നത്. പദ്ധതിയിലേക്ക് ഉദ്ദേശിക്കുന്ന വിധത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനായാൽ പ്രദേശവാസികള്‍ക്കു തൊഴിലവസരങ്ങൾ സൃഷ്ട‌ിക്കുന്നതിനും മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും കഴിയും.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു