Uttarakhand Silkyara rescue mission  
Editorial

ഒടുവിൽ ആശ്വാസം, ആനന്ദം | മുഖപ്രസംഗം

ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കത്തിനകത്തു കുടുങ്ങിപ്പോയ 41 തൊഴിലാളികളെ 17 ദിവസത്തെ രക്ഷാപ്രവർത്തനത്തിനു ശേഷം സുരക്ഷിതമായി പുറത്തെത്തിച്ചതിന്‍റെ ആശ്വാസത്തിലും സന്തോഷത്തിലുമാണു രാജ്യം. പലവിധ പ്രശ്നങ്ങളാൽ രക്ഷാപ്രവർത്തനം പലവട്ടം തടസപ്പെട്ടുപോയതോടെ ദിവസങ്ങൾ കഴിയുംതോറും ആശങ്ക വർധിച്ചിരുന്നു. രക്ഷാദൗത്യത്തിന്‍റെ വിവിധ മേഖലകളെ ഏകോപിപ്പിക്കുന്നതിൽ വീഴ്ചകൾ ആരോപിക്കപ്പെട്ടു. ആളുകളിൽ നിരാശ ഉടലെടുക്കാൻ തുടങ്ങിയതോടെ സർക്കാരും ഉദ്യോഗസ്ഥരും വലിയ സമ്മർദത്തിൽ അകപ്പെടുകയുണ്ടായി. ഒടുവിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തൊഴിലാളികൾ സുരക്ഷിതമായി പുറത്തെത്തിയപ്പോൾ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമായി അതു മാറിയിരിക്കുകയാണ്. തുരങ്കത്തിൽ കുടുങ്ങിപ്പോയവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും രക്ഷാപ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും അടക്കമുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എന്നുവേണ്ട, ഇവർ പുറത്തെത്തുന്നതു കാത്തിരുന്ന ഓരോരുത്തർക്കും സന്തോഷം പകരുന്ന അവസരമാണിത്.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ സൈന്യത്തിന്‍റെയും വിവിധ ഏജൻസികളുടെയും വിദേശ വിദഗ്ധരുടെയും സഹായത്തോടെ നടത്തിയ ദീർഘമായ രക്ഷാപ്രവർത്തനം വെറുമൊരു ദൗത്യമായിരുന്നില്ല, മനുഷ്യത്വത്തിനു വേണ്ടിയുള്ള യുദ്ധം തന്നെയായിരുന്നു എന്നാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയവർ ചൂണ്ടിക്കാണിക്കുന്നത്. അതിൽ അവർ വിജയിച്ചിരിക്കുന്നു. ഇത്രയും ദിവസം തുരങ്കത്തിനുള്ളിൽ ആരോഗ്യത്തോടെയിരിക്കാൻ തൊഴിലാളികൾക്കു കഴിഞ്ഞു എന്നതു ചെറിയ കാര്യമല്ല. തൊഴിലാളികൾ കാണിച്ച അസാധാരണമായ മനക്കരുത്തും ആത്മവിശ്വാസവും സഹകരണവും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് സഹായകരമായി. പൈപ്പ് വഴി അവർക്കു ഭക്ഷണവും വെള്ളവും ജീവവായുവും എത്തിക്കാനും ആത്മവിശ്വാസം പകർന്നുനൽകാനും ഏർപ്പെട്ടവർക്കു സാധിച്ചു.

ഈ മാസം 12ന് പുലർച്ചെ 5.30നാണു ചാർധാം തീർഥാടന പാതയിൽ സിൽക്യാരയ്ക്കും ബാർക്കോട്ടിനുമിടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞ് തൊഴിലാളികൾ അതിൽ കുടുങ്ങിയത്. അന്നു മുതൽ തുടങ്ങിയതാണ് ഇടവേളയില്ലാത്ത രക്ഷാപ്രവർത്തനം. തുരങ്ക കവാടത്തിൽ നിന്ന് 270 മീറ്റർ ഉള്ളിലായിരുന്നു അപകടം. ഇതിനപ്പുറം രണ്ടു കിലോമീറ്ററോളം നീളത്തിലുള്ള ഭാഗത്തായിരുന്നു തൊഴിലാളികൾ. തുരങ്കത്തിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പിലൂടെയാണ് ആദ്യ ദിവസങ്ങളിൽ ശ്വാസവായുവും വെള്ളവും മരുന്നും നൽകിയത്. ഉണങ്ങിയ പഴങ്ങൾ പോലെ ജീവൻ നിലനിർത്താനുള്ള ഭക്ഷ്യവസ്തുക്കളും എത്തിച്ചു. പിന്നീട് ആറിഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതോടെ ഭക്ഷണമെത്തിക്കാൻ എളുപ്പമായി. എൻഡോസ്കോപിക് ക്യാമറയെത്തിച്ച് ദൃശ്യങ്ങൾ പകർത്താനും ഫോൺ കണക്‌ഷൻ ഏർപ്പെടുത്താനുമായി. തുരങ്കത്തിൽ വൈദ്യുതി ബന്ധമുണ്ടായിരുന്നതിനാൽ വെളിച്ചമുണ്ടായിരുന്നു എന്നതും അനുഗ്രഹമായി.

രക്ഷാമാർഗം തുരക്കാൻ ഉപയോഗിച്ച ഓഗർ മെഷീൻ തകർന്നതോടെ പ്രതിസന്ധിയിലായ ദൗത്യം അവസാന ഘട്ടത്തിൽ വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാണു പൂർത്തിയാക്കിയത്. കരസേന എൻജിനീയറിങ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അവശേഷിച്ച ഭാഗം വിദഗ്ധ തൊഴിലാളികളെ നിയോഗിച്ച് തുരന്നു. തൊഴിലാളികൾ കുടുങ്ങിയ ഭാഗത്തേക്ക് എത്താൻ 60 മീറ്ററോളം ദൂരത്തിൽ മണ്ണും കോൺക്രീറ്റും ചേർന്ന അവശിഷ്ടങ്ങൾ നീക്കേണ്ടിയിരുന്നു. അതിനുള്ളിലൂടെ ഒരാൾക്കു നൂഴ്ന്നു പോകാവുന്ന പൈപ്പ് സ്ഥാപിച്ചാണ് 41 പേരെയും പുറത്തെത്തിച്ചത്. 47 മീറ്റർ തുരന്നു പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞപ്പോഴാണ് ഓഗർ മെഷീൻ തകർന്നതും ദൗത്യം കടുത്ത പ്രതിസന്ധിയിലായതും. തുടർന്ന് മലമുകളിൽ നിന്നു താഴേക്കു തുരന്ന് പൈപ്പ് ഇറക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. എന്നാൽ, ഏറ്റവും സുരക്ഷിത മാർഗമെന്ന നിലയിൽ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ശ്രമവും തുടർന്നു. ഹൈദരാബാദിൽ നിന്നു പ്ലാസ്മ കട്ടർ എത്തിച്ച് പൈപ്പിനുള്ളിൽ കുടുങ്ങിയ യന്ത്രഭാഗങ്ങൾ മുറിച്ചു നീക്കിയതോടെയാണ് അവസാന ഭാഗത്ത് തൊഴിലാളികളെ ഉപയോഗിച്ച് "റാറ്റ് ഹോൾ' രക്ഷാമാർഗം തുരക്കുക എന്ന ആശയത്തിലേക്കെത്തിയത്. ഒടുവിൽ അതു വിജയിക്കുകയും ചെയ്തു.

ഈ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തു നിർമാണത്തിലിരിക്കുന്ന 29 ‍തുരങ്കങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം പദ്ധതികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളെക്കുറിച്ച് ദേശീയപാതാ അഥോറിറ്റി ഗൗരവമായി ചിന്തിക്കുമെന്നു തന്നെ കരുതണം. സിൽക്യാര തുരങ്കത്തിൽ നിന്ന് മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഓരോരുത്തരും രാജ്യത്തിന്‍റെ ആദരവിന് അർഹരാണ്. തുടർച്ചയായുണ്ടാവുന്ന തിരിച്ചടികളിൽ പതറാതെ നിന്ന് തങ്ങളെ ഏൽപ്പിച്ച ദൗത്യം വിജയിപ്പിക്കുന്നവർ ജനങ്ങൾക്കു പകർന്നു നൽകുന്ന ഊർജം വളരെ വലുതാണ്. അതുപോലെ തന്നെയാണ് ജീവനു ഭീഷണി ഉയർന്ന സന്ദർഭത്തിലും തളരാതെ പിടിച്ചുനിന്ന തൊഴിലാളികൾ കാണിച്ച മനക്കരുത്തും.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി