പ്രളയ സഹായം: രാഷ്‌ട്രീയം മാനദണ്ഡമാവരുത് | മുഖപ്രസംഗം wayanad landslide- file image
Editorial

പ്രളയ സഹായം: രാഷ്‌ട്രീയം മാനദണ്ഡമാവരുത് | മുഖപ്രസംഗം

മേപ്പാടിയിൽ 1,200 കോടി രൂപയുടെയും വിലങ്ങാട്ട് 217 കോടി രൂപയുടെയും നഷ്ടമുണ്ടായതായാണ് സർക്കാരിന്‍റെ കണക്ക്.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വെള്ളിയാഴ്ച ആരംഭിച്ചത് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തങ്ങളില്‍ ചരമോപചാരം അര്‍പ്പിച്ചാണ്. ജൂലൈ 30ന് അര്‍ധരാത്രി കഴിഞ്ഞുള്ള ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് 2 മാസം കഴിഞ്ഞിരിക്കുന്നു. 404 പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ചു. മേപ്പാടിയിൽ 1,200 കോടി രൂപയുടെയും വിലങ്ങാട്ട് 217 കോടി രൂപയുടെയും നഷ്ടമുണ്ടായതായാണ് സർക്കാരിന്‍റെ കണക്ക്.

കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായി ഉണ്ടായ അതിതീവ്ര മഴയാണ് ഈ ഉരുള്‍പൊട്ടലിന് കാരണമായതെന്നാണ് കരുതുന്നത്. ഈ പ്രദേശത്തോട് ഏറ്റവും അടുത്തുള്ള കള്ളാടിയിലെ ഔദ്യോഗിക മഴമാപിനിയിൽ ജൂലൈ 29 ന് 200.2 മില്ലിമീറ്ററും 30 ന് 372.6 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കണക്ക് പ്രകാരം 48 മണിക്കൂറിൽ 307 മില്ലിമീറ്റര്‍ മഴയാണ് വിലങ്ങാട്ട് അടയാളപ്പെടുത്തിയത്. ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഇതു സംബന്ധിച്ച ലേഖനത്തിൽ മുണ്ടക്കൈയിൽ മണിക്കൂറിൽ 100 കിലോമീറ്റര്‍ വേഗതയിൽ 5.72 ദശലക്ഷം ഘന മീറ്റര്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 32 മീറ്റര്‍ വരെ ഉയരത്തിൽ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി.

അവിടങ്ങളിൽ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളാണ്. പട്ടാളവും പൊലീസും ഉൾപ്പെടെ 18 സൈന്യ വിഭാഗങ്ങൾ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നാട്ടുകാരും ചെറുപ്പക്കാരും സന്നദ്ധ സംഘടനകളും രാഷ്‌ട്രീയ പ്രവർത്തകരും സർക്കാർ ജീവനക്കാരും എന്നുവേണ്ട സകലരും എല്ലാ വേർതിരിവുകളും മാറ്റിവച്ച് ഒരുമിച്ചു. താത്കാലിക പുനരധിവാസ പ്രവർത്തനങ്ങൾ ഒരുമാസത്തിനകം, ഓഗസ്റ്റ് 30ന് പൂർത്തിയാക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ പ്രഖ്യാപനം. എന്നാൽ, പരാതികളൊന്നുമില്ലാതെ ഓഗസ്റ്റ് 24നു തന്നെ പൂർത്തിയാക്കാനായി.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും റവന്യൂ മന്ത്രി കെ. രാജനും കക്ഷി നേതാക്കളും നിയമസഭയിൽ വെള്ളിയാഴ്ച ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി അണിനിരന്നതിന്‍റെ തുടർച്ചയായി ഇനിയും ഒരുമിച്ച് മുന്നോട്ടു പോവുമെന്ന് വ്യക്തമാക്കിയത് മലയാളി എന്തെന്ന് ലോകത്തിന് കാട്ടിത്തരുന്നതാണ്. മുമ്പും, പ്രളയവും സുനാമിയും കൊവിഡ് പോലുള്ള പകർച്ച വ്യാധിയുമുണ്ടായപ്പോൾ കേരളത്തിന്‍റെ ഈ പ്രത്യേകത ലോകത്തിന് ബോധ്യമായതാണ്.

സമീപ കാലത്ത് ഇന്ത്യയെ പിടിച്ചുലച്ച ഈ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സ്ഥലത്ത് നേരിട്ടെത്തി ദുരന്തത്തിന്‍റെ വ്യാപ്തി വിലയിരുത്തി. കേരളത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അതിനു ശേഷം പ്രളയ ദുരന്തങ്ങൾ ഉണ്ടായിടങ്ങളിൽ കേന്ദ്ര സർക്കാർ പാക്കെജും പ്രത്യേക ധനസഹായവും അനുവദിച്ചു. അതിൽ തെറ്റു പറയാനാവില്ല. പ്രളയം ഉൾപ്പെടെയുള്ള ദുരിതങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കും എത്ര സഹായം കിട്ടിയാലും മതിയാവില്ല. അതുകൊണ്ടുതന്നെ അവർക്ക് എത്ര കൊടുക്കുന്നതിനും കേരളത്തിന് വിരോധമുണ്ടാവേണ്ട കാര്യമില്ല.

എന്നാൽ, കേരളത്തിന് അർഹമായ കേന്ദ്ര സഹായം കിട്ടിയേ തീരൂ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ലഭിക്കുന്ന അല്ലെങ്കിൽ ലഭിക്കേണ്ട ന്യായമായ സഹായങ്ങൾക്കും അവകാശങ്ങൾക്കും നമുക്കും അർഹതയുണ്ട്. 2018ലെ പ്രളയത്തിൽ കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക സഹായം ഉണ്ടായില്ലെന്നു മാത്രമല്ല, അക്കാലത്ത് അനുവദിച്ച സൗജന്യ റേഷനും സഹായത്തിനെത്തിയ സൈന്യത്തിന്‍റെ ചെലവിനും ബില്ലയച്ച കേന്ദ്ര സർക്കാരിന്‍റെ നടപടി വ്യാപകമായി വിമർശിക്കപ്പെട്ടു.

കേരളത്തിന് പ്രഖ്യാപിക്കപ്പെട്ട എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ദശകങ്ങൾ കഴിഞ്ഞിട്ടും കടലാസിലാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) കേന്ദ്ര സർവകലാശാലയാക്കുമെന്ന് കേന്ദ്ര ബഡ്ജറ്റിൽ 2015ൽ പ്രഖ്യാപിച്ചതിന് എന്തു സംഭവിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിനൊപ്പം പ്രഖ്യാപിച്ച ട്രെയ്‌ൻ കോച്ച് ഫാക്റ്ററി റായ്ബറേലിയിൽ പ്രവർത്തനമാരംഭിച്ച് ദശകങ്ങളായിട്ടും കേരളത്തിൽ അതിനായി ഒരു കല്ലു പോലും ഇടാനായില്ല.

ഏതു കക്ഷി കേന്ദ്ര സർക്കാരിനെ നയിച്ചാലും കേരളത്തോട് അവഗണനയാണെന്നതിന് ഇത്തരം വസ്തുതകൾ ധാരാളമുണ്ട്. കേരളത്തിലെ ഭരണ- പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പിന്തുണച്ച യുപിഎ സർക്കാരിന്‍റെ കാലത്തും സ്ഥിതിയിൽ വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. അത് ഇപ്പോഴും തുടരുകയുമാണ്. പക്ഷേ, പ്രകൃതി ദുരന്ത സഹായത്തിൽ പോലും ഭരിക്കുന്ന കക്ഷിയുടെ രാഷ്‌ട്രീയം മാനദണ്ഡമാവുമ്പോൾ അതിനെ അപലപിക്കാതിരിക്കാനാവില്ല. കേന്ദ്ര സർക്കാർ നൽകുന്ന സഹായം കേരളീയരുൾപ്പെടെയുള്ള ഇന്ത്യൻ ജനത നൽകുന്ന നികുതിയിൽ നിന്നാണ്. ഇത്തരം പങ്കു വയ്പിലെ ഏറ്റക്കുറച്ചിലുകൾ ഒരു കാലത്ത് രാജ്യത്തിനുണ്ടാക്കിയ കെടുതികൾ മറക്കാനുള്ള സമയമായിട്ടില്ല.

കാലാവസ്ഥാ പ്രവചനം ശക്തിപ്പെടുത്തുന്ന വിധത്തിൽ റഡാറുകള്‍ ഉള്‍പ്പെടെ കൂടുതൽ നിരീക്ഷണ സംവിധാനങ്ങള്‍ കേരളത്തിന് ലഭ്യമാക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടൽ പ്രവചനം മെച്ചപ്പെടുത്താൻ ദേശീയ ഏജന്‍സികളുടെ ഗവേഷണം ശക്തിപ്പെടുത്തണം എന്നും അവയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ കേരളത്തിൽ ആരംഭിക്കണം എന്നും അഭ്യർഥിച്ചു. ഇവയുൾപ്പെടെ കേരളത്തിന് അർഹമായ കേന്ദ്ര സഹായം ലഭിക്കണമെന്ന കേരള നിയമസഭയുടെ അഭിപ്രായം പരിഗണിച്ച് എത്രയും പെട്ടെന്ന് അനുകൂല തീരുമാനമുണ്ടാവട്ടെ. പ്രളയ സഹായത്തിന് മാനദണ്ഡം ഭരിക്കുന്ന കക്ഷികളുടെ രാഷ്‌ട്രീയമാകാൻ പാടില്ല.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ