70 കഴിഞ്ഞവർക്കെല്ലാം സൗജന്യ ചികിത്സ 
Editorial

70 കഴിഞ്ഞവർക്കെല്ലാം സൗജന്യ ചികിത്സ

ഒരു കുടുംബത്തിന് ഒരു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി നൽകുന്നതാണു പദ്ധതി.

രാജ്യത്ത് 70 വയസിനു മുകളിലുള്ളവർക്കെല്ലാം സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിക്ക് ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്നു. സാമൂഹിക- സാമ്പത്തിക അവസ്ഥയൊന്നും പരിഗണിക്കാതെ പ്രായമായ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ഈ പദ്ധതി എന്തുകൊണ്ടും സ്വാഗതാർഹമാണ്. സ്വന്തമായി തൊഴിലെടുത്ത് വരുമാനമുണ്ടാക്കാൻ കഴിയാതാവുന്ന പ്രായത്തിൽ ചികിത്സയ്ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത് എല്ലാവർക്കും എപ്പോഴും സുഖകരമായിരിക്കണമെന്നില്ല. വലിയ ചികിത്സാ ചെലവുകൾ പലപ്പോഴും താങ്ങാനായി എന്നും വരില്ല. ജീവിതത്തിന്‍റെ നല്ല സമയം മുഴുവൻ കുടുംബത്തിനും നാടിനും വേണ്ടി കഷ്ടപ്പെട്ടവർ വയസുകാലത്ത് പലവിധ രോഗങ്ങൾക്കു ചികിത്സ തേടേണ്ടിവരുമ്പോൾ അവരെ കൈവിടാതിരിക്കേണ്ടത് രാജ്യത്തിന്‍റെ കടമയായി കാണുക തന്നെ വേണം. ഒരു കുടുംബത്തിന് ഒരു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി നൽകുന്നതാണു പദ്ധതി. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയ്ക്കു കീഴിലാണ് ഇതു നടപ്പാക്കുന്നത്.

രാജ്യത്തെ ആറു കോടി മുതിർന്ന പൗരന്മാരാണു പദ്ധതിയുടെ കീഴിൽ വരുന്നത്. 4.5 കോടി കുടുംബങ്ങൾക്കാണു പ്രയോജനം ലഭിക്കുക എന്നാണു കണക്കാക്കുന്നത്. ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയിൽ നിലവിൽ അംഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള പരിരക്ഷയ്ക്കു പുറമെയാണ് അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്നത്. വരുമാന പരിധി പദ്ധതിയെ ബാധിക്കില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഡിജിറ്റൽ സേവ പൊതുസേവന കേന്ദ്രങ്ങൾ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും രജിസ്ട്രേഷൻ നടത്താം. സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ ഉള്ളവർക്കും ഇഎസ്ഐ സ്കീമിനു കീഴിലുള്ളവർക്കും ആനുകൂല്യം ലഭ്യമാകും. മറ്റു പൊതു ആരോഗ്യ ഇൻഷ്വറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന 70 വയസിനു മുകളിലുള്ളവർക്ക് നിലവിലുള്ള സ്കീമുകൾ നിലനിർത്താനോ ആയുഷ്മാൻ ഭാരതിൽ ചേരാനോ കഴിയും. പദ്ധതിയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് മുഴുവൻ ആളുകളിലും വ്യക്തമായ അവബോധം ഉണ്ടാക്കേണ്ടതുണ്ട്. അതിനായുള്ള പ്രചാരണ പരിപാടികൾ അടക്കം ആവശ്യമാണു താനും.

വൈദ്യപരിശോധന, ചികിത്സ, കൺസൾട്ടേഷൻ എന്നിവ ഇൻഷ്വറൻസിൽ ഉൾപ്പെടുന്നുണ്ട്. പ്രീ- ഹോസ്പിറ്റലൈസേഷൻ കെയറും ഹോസ്പിറ്റലൈസേഷനു ശേഷമുള്ള 15 ദിവസത്തെ തുടർ പരിചരണവും പദ്ധതിയുടെ ഭാഗമാണ്. ചികിത്സയ്ക്കിടെ ഉണ്ടായേക്കാവുന്ന സങ്കീർണതകളും ഇൻഷ്വറൻസിൽ ഉൾപ്പെടുത്തും. അസുഖം കണ്ടെത്തുന്നതിനും ലബോറട്ടറി പരിശോധനയ്ക്കുമുള്ള ചെലവും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ആരോഗ്യവും സാമ്പത്തിക സ്ഥിതിയും മോശമായവരാണ് മുതിർന്ന പൗരന്മാർ ഏറെയും. അവർക്ക് അടിയന്തരമായി ചികിത്സ ആവശ്യമായി വരുമ്പോൾ കുടുംബങ്ങളിലുണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കുകയാണു സർക്കാർ ചെയ്യുന്നത്. അതായത് മുതിർന്ന പൗരന്മാരുടെ അസുഖം മൂലം കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാവാതെ നോക്കുന്നു. ലക്ഷക്കണക്കിനു രൂപയുടെ ഭാരം തങ്ങളുണ്ടാക്കുന്നില്ലെന്ന ആത്മവിശ്വാസം മുതിർന്ന പൗരന്മാർക്ക് ഇതുവഴി ലഭിക്കും. അത് അവരുടെ ജീവിതത്തെ കൂടുതൽ സമാധാന പൂർണമാക്കുകയും ചെയ്യും. കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്കു വഹിക്കാൻ ഈ പദ്ധതിക്കാവുമെന്നതിൽ സംശയമില്ല.

ലോകത്തെ തന്നെ ഏറ്റവും വലിയ സർക്കാർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. 12 കോടിയിലേറെ കുടുംബങ്ങളിലെ 55 കോടിയോളം ആളുകൾക്കാണ് ഇപ്പോൾ തന്നെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അർഹതയുള്ള കുടുംബങ്ങളിലെ മുഴുവൻ ആളുകൾക്കും ചികിത്സ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ഇപ്പോഴത്തേത്. പദ്ധതിയുടെ 49 ശതമാനം നേട്ടവും കിട്ടുന്നതു സ്ത്രീകൾക്കാണ്. പല ഘട്ടമായി വിപുലീകരിച്ചു വരികയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന. പാവപ്പെട്ടവരും ദുർബലരുമായ 10.74 കോടി കുടുംബങ്ങളാണ് പദ്ധതിയിൽ ആദ്യമുണ്ടായിരുന്നത്. 2022 ജനുവരിയിൽ അത് 12 കോടിയിലെത്തി. പിന്നീട് 37 ലക്ഷം ആശ, ആംഗൻവാടി ജീവനക്കാരെയും സഹായികളെയും കൂടി ഉൾപ്പെടുത്തി. മുതിർന്ന പൗരന്മാരിൽ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടാത്തവരെക്കൂടി ഉൾപ്പെടുത്തുന്നു എന്നത് വിപുലീകരണത്തിന്‍റെ ഏറ്റവും അവസാനത്തെ ഘട്ടമാണ്.

ഓരോ വർഷവും ലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നതിൽ പ്രധാന പങ്ക് അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഭാരിച്ച ചികിത്സാ ചെലവുകൾക്കുണ്ട്. അതിൽ നിന്ന് കൂടുതൽ കുടുംബങ്ങളെ രക്ഷിക്കാൻ കഴിഞ്ഞാൽ അതു സർക്കാർ ചെയ്യുന്ന പ്രശംസാർഹമായ ക്ഷേമപ്രവർത്തനം തന്നെയാണ്. കൂടുതൽ ആളുകളിലേക്ക് ആരോഗ്യ സംരക്ഷണം എത്തിക്കുന്നതിനായി ഹെൽത്ത് ആൻഡ് വെൽനസ് സെന്‍ററുകൾ പോലുള്ള സംവിധാനങ്ങൾ കൊണ്ടുവന്നതും ഇതുമായി ബന്ധപ്പെട്ട് ഓർക്കാവുന്നതാണ്.

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ