ഇസ്രയേൽ ഹമാസ് യുദ്ധം  file image
Editorial

ഇതിങ്ങനെ ഇനിയും എത്ര നാൾ?

ഹമാസിന്‍റെ നേതൃനിര തകർക്കുക എന്ന ലക്ഷ്യത്തിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഭീകരപ്രവർത്തനത്തിനെതിരായ പോരാട്ടമായാണു വിശേഷിപ്പിക്കുന്നത്

ഗാസയിൽ ഹമാസിനെതിരായ ഇസ്രയേലിന്‍റെ യുദ്ധം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്റ്റോബർ 7ന് ഹമാസ് നടത്തിയ ഇസ്രയേൽ ആക്രമണത്തെത്തുടർന്നാണു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇനി ഹമാസിനെ തകർത്തിട്ടേ അടങ്ങൂ എന്ന വാശിയിലുറച്ചാണ് ഇസ്രയേലിന്‍റെ നിരന്തര ആക്രമണങ്ങൾ.

ഇസ്രയേലിലെ ആഘോഷത്തിനിടെ നടത്തിയ ആക്രമണത്തിന്‍റെ മുഖ്യ ആസൂത്രകനും ഹമാസ് തലവനുമായ യഹിയ സിൻവർ അടക്കം മിക്ക ഹമാസ് നേതാക്കളെയും ഇസ്രയേൽ വധിച്ചു കഴിഞ്ഞു. ഹമാസിന്‍റെ നേതൃനിര തകർക്കുക എന്ന ലക്ഷ്യത്തിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഭീകരപ്രവർത്തനത്തിനെതിരായ പോരാട്ടമായാണു വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്റ്റോബർ 7ന് ഇസ്രയേലിലേക്കു കടന്നുകയറിയ ഹമാസ് സംഘം 1200ലേറെ പേരെ കൂട്ടക്കൊല ചെയ്തതിനും നിരവധി പേരെ ബന്ദിയാക്കിയതിനും പിന്നാലെയായിരുന്നല്ലോ ഇപ്പോഴത്തെ ഗാസ ആക്രമണങ്ങൾക്കു തുടക്കമാവുന്നത്.

ഏതാനും ദിവസം മുൻപ് തെക്കൻ ഗാസയിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ യഹിയ സിൻവർ കൊല്ലപ്പെട്ടതിനു ശേഷവും പോരാട്ടം തുടരുമെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കുകയുണ്ടായി.

ഇതിനിടെ, ലബനനിൽ ഹിസ്ബുള്ള എന്ന അർധ സൈനിക തീവ്രവാദി സംഘത്തിനെതിരേയും യെമനിൽ ആസ്ഥാനമുള്ള ഹൂതി തീവ്രവാദി സംഘത്തിനെതിരേയും സമീപകാലത്തു തുടങ്ങിയ യുദ്ധവും ഇസ്രയേൽ തുടരുകയാണ്. ഹിസ്ബുള്ള കമാൻഡർമാരെയും അവർ വകവരുത്തി. ഇറാന്‍റെ പിന്തുണയോടെ ഇസ്രയേലിനെ ലക്ഷ്യമാക്കി തങ്ങൾക്കെിരേ ഭീകരപ്രവർത്തനം നടത്തുന്ന ശക്തികളെയെല്ലാം തകർക്കുമെന്നാണ് നെതന്യാഹു പറയുന്നത്. സിൻവർ കൊല്ലപ്പെട്ടതിനു പിന്നാലെ നെതന്യാഹുവിന്‍റെ സ്വകാര്യ വസതിക്കു നേരേ ഡ്രോൺ ആക്രണമുണ്ടായി. ഇസ്രയേലിലേക്കു നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി എതിരാളികൾ അവകാശപ്പെടുന്നുണ്ട്. ഈ ആക്രമണങ്ങൾ ഇസ്രയേലിന്‍റെ യുദ്ധവീര്യം വർധിപ്പിക്കുകയാണു ചെയ്യുന്നത് എന്നാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിന്‍റെ അനന്തരഫലം സാധാരണക്കാരായ കൂടുതൽ ആളുകൾക്കു ജീവൻ നഷ്ടപ്പെടുമെന്നതാണ്.

യുദ്ധത്തിൽ കക്ഷിയല്ലാത്ത, തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളും കുട്ടികളും അടക്കം അനേകം പേർക്കാണ് ഈ യുദ്ധത്തിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. പരുക്കേറ്റവർ അതിലും എത്രയോ അധികമാണ്. മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട് മുന്നോട്ടുള്ള ജീവിതം വലിയ ചോദ്യചിഹ്നമായി മാറിയ നിസഹായർ ആയിരക്കണക്കിനുണ്ട്. ഇവരുടെയെല്ലാം എണ്ണം ഇനിയും പെരുകിക്കൊണ്ടിരിക്കും എന്നത് ആശങ്ക ഉയർത്തുന്നതാണ്.

ശനിയാഴ്ച രാത്രി വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 73 പേർ മരിച്ചെന്നാണു റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബൈത്ത് ലാഹിയയിലെ കെട്ടിടങ്ങൾ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നുവീണിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇനിയും ആളുകളുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഗാസയിൽ തന്നെ ജബലിയയിൽ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ 21 പേർ സ്ത്രീകളാണെന്നാണു റിപ്പോർട്ട്. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നു. തുടർച്ചയായി രണ്ടു ദിവസത്തെ ഇസ്രേലി ആക്രമണത്തിൽ നൂറിലേറെ ആളുകൾക്കു ജീവൻ നഷ്ടപ്പെട്ടു എന്നത് മനുഷ്യസ്നേഹികളെയെല്ലാം അസ്വസ്ഥപ്പെടുത്തുന്നതാണ്. എങ്ങനെയാണ് ഇതിനൊരു അവസാനമെന്ന് ആർക്കും തിട്ടമില്ലാതായിരിക്കുന്നു എന്നു കരുതേണ്ടിവരുമോ.

ഗാസയിലും ലബനനിലും ഭീകരരുടെ താവളങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. സാധാരണക്കാരെ, സ്ത്രീകളെ, കുട്ടികളെയൊക്കെ കവചമായി ഭീകരർ ഉപയോഗിക്കുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഹമാസിന്‍റെ സംവിധാനങ്ങളെല്ലാം തകർക്കാനാണ് ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതത്രേ. അഭയാർഥി ക്യാംപുകളിലും ആശുപത്രികളിലും വരെ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. അന്താരാഷ്‌ട്ര നിയമം ലംഘിച്ചുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരേ ഉയരുന്ന മുന്നറിയിപ്പുകളൊന്നും ഇസ്രയേൽ ഗൗനിക്കുന്നില്ല. ഒരു വർഷത്തിനിടെ ഗാസയിൽ നാൽപ്പതിനായിരത്തിലേറെ പലസ്തീനികൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. ഒരു ലക്ഷത്തോളം പേർക്കു പരുക്കേറ്റുവെന്നും പറയുന്നു.

ശത്രുക്കളെ മുച്ചൂടും തകർക്കുക എന്നതു മാത്രമാണു യുദ്ധത്തിന്‍റെ നീതി എന്നു വരുമ്പോൾ നിസഹായരുടെ നിലവിളികൾക്ക് ഒരു സ്ഥാനവുമുണ്ടാവില്ല. യുദ്ധത്തിന്‍റെ ഭാഗമായി നിരപരാധികൾ കൊല്ലപ്പെടുന്നതും തീരാദുരിതത്തിലാവുന്നതും ജനവാസ മേഖലയാകെ തകർന്നുപോകുന്നതും എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്. വെള്ളവും ഭക്ഷണവും കിടപ്പാടവുമില്ലാതെ സാധാരണ ജനങ്ങൾ നട്ടംതിരിയുന്നത് എവിടെയായാലും ഒഴിവാക്കേണ്ടതുണ്ട്.

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video