സമര മുഖങ്ങളിലെ സിന്ദൂര പുളകങ്ങൾ | മുഖപ്രസംഗം File Image
Editorial

സമര മുഖങ്ങളിലെ സിന്ദൂര പുളകങ്ങൾ | മുഖപ്രസംഗം

സമരത്തിന് അക്രമവും ജനജീവിതം തടസപ്പെടുത്തലുമല്ലാതെ എത്രയോ മാർഗങ്ങളുണ്ട്?

ഭരണ സിരാകേന്ദ്രമെന്ന നിലയിൽ ഗവണ്മെന്‍റ് സെക്രട്ടേറിയറ്റിന്‍റെയും ജില്ലകളിൽ കലക്‌ട്രേറ്റുകളുടെയും പരിസരവും സമര മേഖലയാവുന്നത് പുതിയ കാര്യമല്ല. ലാത്തിച്ചാർജും ഗ്രനേഡ് എറിയലും സമരദിവസങ്ങളിൽ ഉണ്ടാവാറുണ്ട്. പ്രക്ഷോഭകർ പാഞ്ഞു വന്ന് ബാരിക്കേഡിലേക്ക് കയറാൻ ശ്രമിക്കുന്നതും ജല പീരങ്കികളിൽ നിന്ന് വെള്ളം ചീറ്റിക്കുന്നതും പുതിയ പ്രതിഭാസമല്ല. ദേവാലയങ്ങളിൽ പ്രസാദം കിട്ടുന്നതു പോലെയാണ് സമര വേദികളിൽ ജല പീരങ്കിയിൽ നിന്നുള്ള വെള്ളം ചീറ്റലെന്ന പരിഹാസം പോലും ഉയർന്നുകഴിഞ്ഞിട്ടുണ്ട്.

"എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി "സൗമ്യമായ രീതിയിൽ, നിങ്ങൾക്ക് ലോകത്തെ ഇളക്കിമറിക്കാൻ കഴിയു'മെന്ന് പറയുക മാത്രമല്ല, കാട്ടിത്തരികയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപ്പു സത്യഗ്രഹം പോലൊന്ന് അതിനു മുമ്പ് ലോകം കാണാത്തതായിരുന്നു. കടൽ വെള്ളം ചൂടാക്കി നികുതി നൽകാതെ ഉപ്പ് കുറുക്കുന്നതിനായിരുന്നു ദണ്ഡി യാത്ര. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്‍റെ പേരിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കെതിരേ ബ്രിട്ടീഷ് ഗവൺമെന്‍റ് കേസെടുത്ത ആ പ്രക്ഷോഭമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ബ്രിട്ടന്‍റെ നിലപാടുകൾക്ക് മാറ്റം വരുത്താൻ സഹായിച്ചതെന്ന് ചരിത്ര വിദ്യാർഥികൾ ഇന്ന് പഠിക്കുന്നു.

സമരത്തിന് അക്രമവും ജനജീവിതം തടസപ്പെടുത്തലുമല്ലാതെ എത്രയോ മാർഗങ്ങളുണ്ട്? നമ്മുടെ നാട്ടിൽ തന്നെ അതിന് ഉദാഹരണങ്ങളേറെ കാണാം. റോഡുകളിലെ കുഴികൾ സ്ഥിരം കാഴ്ചയാണ്. അതിൽ വാഴ നട്ടും നീന്തി കുളിച്ചുമൊക്കെയാണ് പതിവ് പ്രതിഷേധങ്ങൾ. നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് എഐവൈഎഫ് മൂന്നാറിൽ "പ്രതീകാത്മക ലോങ് ജംപ് മത്സരം' നടത്തിയത് കഴിഞ്ഞ ദിവസമാണ്. തുറവൂര്‍ - പമ്പ പാതയിലെ തെക്കാട്ടുശേരി, മാക്കേക്കവല എന്നീ ഭാഗങ്ങളിലെ അപകട കുഴികളടച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. ചെമ്പരത്തിപ്പൂ ചെവിയിൽ വച്ചും ഇരുചക്ര വാഹനയാത്രികർക്ക് നൽകിയും എടമുട്ടം ബീച്ച് റോഡിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി വ്യത്യസ്തമായ സമരമാർഗം കഴിഞ്ഞ മാസം സ്വീകരിച്ചു. "കുഴിയെണ്ണൂ, കുഴിമന്തി നേടൂ' എന്ന സമരമുറ തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസിന് വലിയ ജനപിന്തുണയാണ് നേടിക്കൊടുത്തത്. കേരളത്തിലും ജനകീയ പ്രക്ഷോഭങ്ങൾ ജനവിരുദ്ധമാകാതെ സംഘടിപ്പിക്കപ്പെടുന്നു എന്ന വസ്തുത രാഷ്‌ട്രീയ നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.

വിവിധ ഓഫിസുകൾ, ബാങ്കുകൾ, ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രധാന റോഡ് എന്നിവയാൽ ചുറ്റപ്പെട്ടതാണ് സെക്രട്ടേറിയറ്റും കലക്‌ട്രേറ്റുകളും. അവിടത്തെ തടസവും സംഘർഷവും ആയിരങ്ങളെയാണ് പെരുവഴിയിലാക്കുന്നത്. സമരത്തിന്‍റെ ഇടയിൽ അകപ്പെട്ടുപോവുന്ന സാധാരണക്കാർക്ക് പൊലീസിൽ നിന്നും സമരക്കാരിൽ നിന്നും മർദനം പല തവണ നേരിടേണ്ടിവന്നിട്ടുണ്ട്. അത്തരക്കാർക്കും അവകാശങ്ങളും സ്വാതന്ത്യവുമുണ്ടെന്ന് മറക്കരുത്.

ഏത് സമരത്തിനും ഒരു നീതിയുണ്ടാവും. അതിനെ നേരിടാനെത്തുന്നവർക്കും ന്യായീകരണം കാണും. സംഘർഷങ്ങൾക്കിടയിൽ തലപൊട്ടി ചോരയൊലിപ്പിച്ച് കേരളത്തിന്‍റെ നൊമ്പരമായി മാറിയ ഒട്ടേറെ ചെറുപ്പക്കാരികളുണ്ട്. ടി. ഗീനാകുമാരി മുതൽ ആർ.വി. സ്നേഹ വരെയുള്ള അവർ ഉണ്ണിയാർച്ചയെന്നും പെൺപുലിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടു.‌ മുഖത്തു കൂടി ചോര വാർന്നൊഴുകുമ്പോഴും ഉശിരൻ മുദ്രാവാക്യം മുഴക്കിയ അവരൊന്നും എംപിയോ എംഎൽഎയോ പോലും ആയില്ല എന്നത് ഖേദകരമായ യാഥാർഥ്യം. അതേസമയം, സെക്രട്ടേറിയറ്റിനു മുന്നിൽ അടികൊണ്ട പുരുഷന്മാരിലേറെയും നേതാക്കളും ജനപ്രതിനിധികളും മന്ത്രിമാരുമാണ്!

ജനദ്രോഹങ്ങളല്ലാത്ത സമരങ്ങൾ നാടിന്‍റെ സിന്ദൂരപുളകങ്ങളാവുന്ന കാഴ്ചയാണ് ഏതൊരു ജനാധിപത്യ വിശ്വാസിക്കും ആഹ്ലാദം പകരുക. അതിനായി നേതാക്കൾ മുന്നിട്ടിറങ്ങിയെങ്കിൽ! എല്ലാ സമര പോരാളികളോടും പറയാൻ ഒന്നേയുള്ളൂ, അത് വിക്റ്റർ ഹ്യൂഗോയുടെ വാക്കുകളാണ്: "ഇരുണ്ട രാത്രി പോലും അവസാനിക്കും, സൂര്യൻ ഉദിക്കുക തന്നെ ചെയ്യും.'

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും ബിജെപി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ‌

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിവസത്തെ ശമ്പളവിഹിതം നോര്‍ക്ക നല്‍കും

രാമേശ്വരത്ത് മേഘവിസ്ഫോടനം; മഴയിൽ മുങ്ങി തമിഴ്നാട്

തെലുങ്കർക്കെതിരായ വിദ്വേഷ പരാമർശം; നടി കസ്തൂരിക്ക് ജാമ്യം

വാട്സാപ്പ് ഗ്രൂപ്പ് മതസ്പർധ വളർത്താൻ കാരണമായി; ഗോപാലകൃഷ്ണനെതിരേ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം