neet 2024 
Editorial

'നീറ്റ് ' ക്ലീൻ ആവട്ടെ| മുഖപ്രസംഗം

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനു വിദ്യാർഥികളെ തെരഞ്ഞെടുക്കുന്ന ദേശീയ പ്രവേശന പരീക്ഷയായ "നീറ്റ് ' ഇത്തവണ വലിയ വിവാദമാണ് ഉയർത്തിയത്. ചോദ്യപേപ്പർ ചോർച്ച അടക്കം ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെടുകയും പൊലീസ് നടപടികൾ ഉൾപ്പെടെ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്ന ആവശ്യം കഴിഞ്ഞ ദിവസമാണ് പരമോന്നത കോടതി തള്ളിക്കളഞ്ഞത്. ചോദ്യപേപ്പർ ചോർച്ച വ്യാപകമായ വിധത്തിൽ ഉണ്ടായതിനു തെളിവില്ലെന്നും പുനഃപരീക്ഷ നടത്തുന്നത് 23 ലക്ഷത്തിലേറെ വിദ്യാർഥികളെ ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നടപടികൾ തുടരാൻ അനുമതി നൽകിയത്.

ബിഹാറിലെ പാറ്റ്നയിലും ഝാർഖണ്ഡിലെ ഹസാരിബാഗിലും ചോദ്യച്ചോർച്ചയുണ്ടായെങ്കിലും അതു പരീക്ഷ മൊത്തത്തിൽ റദ്ദാക്കാൻ മാത്രം വ്യാപകമല്ല എന്നാണു നിഗമനം. ചോദ്യപേപ്പർ ചോർച്ചയുടെ നേട്ടമുണ്ടായത് 155 വിദ്യാർഥികൾക്കു മാത്രമാണെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു വേണ്ടി രാജ്യവ്യാപകമായ പരീക്ഷ മൊത്തത്തിൽ റദ്ദാക്കുന്നത് പുതിയ ബാച്ചിന്‍റെ പ്രവേശനത്തിനുള്ള സമയക്രമത്തെ കാര്യമായി ബാധിക്കും. സംവരണത്തിലൂടെ സീറ്റ് നേടിയ പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കടക്കം പുനഃപരീക്ഷ ദോഷം ചെയ്യാം. എംബിബിഎസ് പ്രവേശനം സംബന്ധിച്ചുണ്ടായ വലിയൊരു അനിശ്ചിതത്വമാണ് സുപ്രീം കോടതി ഉത്തരവിലൂടെ ഒഴിഞ്ഞിരിക്കുന്നത്. കഷ്ടപ്പെട്ടു പഠിച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് അവർ അർഹിക്കുന്ന പ്രവേശനം ലഭിക്കുകയാണ്.

ഇതോടൊപ്പം റാങ്ക് ലിസ്റ്റ് പുതുക്കി പ്രസിദ്ധീകരിക്കേണ്ട ആവശ്യവും ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) ഉണ്ടായി. ഒരു ചോദ്യത്തിന് ഉത്തരമായി നൽകിയിരുന്ന ഓപ്ഷനുകളിൽ രണ്ടെണ്ണം ശരിയാണ് എന്ന നിലപാടാണ് നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇതുപ്രകാരം രണ്ടിൽ ഏത് ഉത്തരം രേഖപ്പെടുത്തിയാലും മാർക്ക് കൊടുത്തിരുന്നു. എന്നാൽ, ഒരു ഓപ്ഷൻ മാത്രമാണു ശരിയെന്ന് ഡൽഹി ഐഐടിയുടെ വിദഗ്ധ സംഘം കോടതിക്ക് ഉപദേശം നൽകി. അതു കോടതി ശരിവച്ചതോടെ തെറ്റായ ഉത്തരം രേഖപ്പെടുത്തിയ നാലു ലക്ഷത്തോളം വിദ്യാർഥികൾക്ക് അഞ്ചു മാർക്ക് വീതം നഷ്ടമാവുകയാണ്. ഇതുമൂലം മാറ്റങ്ങളുണ്ടായ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതോടെ ഈ വർഷത്തെ മെഡിക്കൽ വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള തടസങ്ങൾ മാറുകയാണ്. അനിശ്ചിതത്വത്തിലായിരുന്ന പ്രവേശന നടപടികൾ ഇനി വളരെ വേഗം മുന്നോട്ടുപോകുമെന്നു കരുതാം. ഏതാണ്ട് രണ്ടു മാസത്തോളം നീണ്ട കോലാഹലങ്ങൾക്കും നിയമയുദ്ധത്തിനുമാണ് അവസാനമായിരിക്കുന്നത്.

പക്ഷേ, ഇതു സംബന്ധിച്ച രാഷ്‌ട്രീയ വിവാദം അവസാനിക്കുന്നില്ല. സംസ്ഥാനങ്ങളിൽ മെഡിക്കൽ പഠനത്തിനുള്ള പ്രവേശനത്തിൽ ഒരു തരത്തിലുള്ള ക്രമക്കേടുകളും നടക്കാതിരിക്കാനാണ് ഒരൊറ്റ പരീക്ഷ എന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. തമിഴ്നാട് തുടക്കം മുതൽ ഈ പരീക്ഷയ്ക്ക് എതിരായിരുന്നു. ഇപ്പോൾ പശ്ചിമ ബംഗാളും കർണാടകയും നീറ്റിനെതിരേ രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാന തലത്തിലുള്ള പരീക്ഷ മതിയെന്ന് പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രമേയം പാസാക്കിയിരിക്കുന്നു. ദേശവ്യാപക പരീക്ഷയിൽ ക്രമക്കേടുകൾ ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ പരീക്ഷ വഴി പ്രവേശനം നടത്തണമെന്നാണ് ഇന്നലെ കർണാടക നിയമസഭയും പ്രമേയം പാസാക്കിയത്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ട വിദ്യാർഥികളുടെ മെഡിക്കൽ പഠനമോഹം തർക്കുകയാണ് "നീറ്റ് ' എന്നാണു കർണാടക നിയമസഭയുടെ പ്രമേയം കുറ്റപ്പെടുത്തുന്നത്. കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും കർണാടകയുടെ പാതയിൽ നീറ്റിന് എതിരേ രംഗത്തുവരാനുള്ള സാധ്യതയുണ്ട്. നീറ്റ് ഒഴിവാക്കി പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും ആവശ്യപ്പെടുന്നു. ഇത്തവണത്തെ ചോദ്യപേപ്പർ ചോർച്ച വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത് എന്നു സാരം.

നീറ്റിന്‍റെ വിശ്വാസ്യത നൂറു ശതമാനവും ഉറപ്പിക്കാനുള്ള നടപടികൾ എന്തായാലും കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്. മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ പരീക്ഷയിൽ ഉറച്ച വിശ്വാസം വേണം. ഇത്തവണ സംഭവിച്ചതു പോലെ നീറ്റ് ഇനിയൊരിക്കലും വിവാദത്തിലായിക്കൂടാ. ഇങ്ങനെയൊരു പരീക്ഷ നടത്തുന്നതിനു പിന്നിൽ വളരെയേറെ അധ്വാനമുണ്ട്. കോടിക്കണക്കിനു രൂപയുടെ ചെലവുണ്ട്. എല്ലാത്തിനുമപ്പുറം ലക്ഷക്കണക്കിനു കുട്ടികളുടെ സ്വപ്നങ്ങളുണ്ട്. രക്ഷിതാക്കളുടെ കാത്തിരിപ്പുണ്ട്. പണവും സ്വാധീനവുമുള്ളവർക്ക് അട്ടിമറിക്കാൻ കഴിയുന്നതാണ് "നീറ്റ്' ഫലം എന്ന തോന്നൽ എവിടെയും ഉണ്ടാവരുത്. സംസ്ഥാനങ്ങൾ അവരുടെ പ്രവേശന പരീക്ഷകൾ നടത്തുന്നതല്ല മെഡിക്കൽ പ്രവേശനം സുതാര്യമാക്കാൻ നല്ലതെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാരിന് അതു ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത കൂടിയുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു