ജീവിതം തകർക്കുന്ന തൊഴിൽ സമ്മർദം | മുഖപ്രസംഗം 
Editorial

ജീവിതം തകർക്കുന്ന തൊഴിൽ സമ്മർദം | മുഖപ്രസംഗം

കടുത്ത തൊഴിൽ സമ്മർദവും അമിതമായ ജോലിഭാരവും ജീവിതം ദുസ്സഹമാക്കുന്നതായി പരാതിയുള്ള നിരവധിയാളുകൾ പുതിയ കാലത്തിന്‍റെ പ്രത്യേകതയായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തൊഴിലിനു പിന്നാലെ പായുമ്പോൾ ജീവിതം കൈവിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ യോജിച്ചൊരു തൊഴിൽ സംസ്കാരം രൂപപ്പെടുത്തുകയെന്നത് ആധുനിക സമൂഹത്തിന് അനിവാര്യമായി മാറുകയാണ്. കൊവിഡാനന്തര കാലഘട്ടത്തിൽ വീട്ടിലും മറ്റെവിടെയും ഇരുന്നു ജോലി ചെയ്യാൻ പറ്റുന്ന സാഹചര്യമായിട്ടുണ്ട്. സാങ്കേതിക വിദ്യകൾ വലിയ തോതിൽ വികസിച്ചതോടെ സാഹചര്യങ്ങൾ അപ്പാടെ മാറിപ്പോയി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിലെ തൊഴിലുകൾ ഇവിടെയിരുന്ന് ഏതു സമയത്തും അനായാസം ചെയ്യാൻ നമുക്കു കഴിയുന്നുണ്ട്. കുറച്ചു ജീവനക്കാരെ ഉപയോഗിച്ചു കൂടുതൽ ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ സാങ്കേതിക വിദ്യകളും വികസിച്ചിട്ടുണ്ട്. പക്ഷേ, ജീവനക്കാരിൽ തൊഴിൽ സമ്മർദം വല്ലാതെ വർധിക്കുന്നുവെന്ന പരാതി പലയിടത്തുനിന്നും ഉയരുകയാണ്. ഇതേക്കുറിച്ചു കേരളവും രാജ്യവും ഗൗരവമായി ചർച്ച ചെയ്ത ദിവസങ്ങളാണിത്.

ഏണസ്റ്റ് ആൻഡ് യങ് (ഇവൈ) എന്ന പ്രശസ്തമായ ബഹുരാഷ്ട്ര സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി പൂനെയിൽ ജോലി ചെയ്തിരുന്ന കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണു മരിച്ച സംഭവമാണ് ഈ ചർച്ചകൾക്കു കാരണമായത്. അമിതമായ ജോലിഭാരവും അനാരോഗ്യകരമായ തൊഴിൽ അന്തരീക്ഷവും സൃഷ്ടിച്ച സമ്മർദമാണ് മകളുടെ മരണത്തിനു കാരണമെന്നു ചൂണ്ടിക്കാണിച്ച് അന്നയുടെ അമ്മ കമ്പനി ചെയർമാന് അയച്ച കത്ത് തൊഴിൽ മേഖലയിലെ രീതികളിൽ അടിയന്തര പരിശോധനകൾ ആവശ്യമാണെന്ന അഭിപ്രായങ്ങൾ ഉയർത്തുന്നതായി. രാത്രി വൈകിയും അവധി ദിവസങ്ങളിലും അധിക ജോലികൾ ചെയ്യേണ്ടിവന്ന അന്നയ്ക്ക് ഓഫിസിലെ സമ്മർദം താങ്ങാൻ കഴിയുന്നതായിരുന്നില്ലെന്നാണ് അമ്മ പറയുന്നത്. ജോലിഭാരം മൂലം മുൻപും അന്ന കുഴഞ്ഞുവീണിരുന്നുവെന്ന് സുഹൃത്തും വെളിപ്പെടുത്തുകയുണ്ടായി. ഭക്ഷണം കഴിക്കാനും ഉറങ്ങാനും ആവശ്യത്തിനു സമയം കിട്ടിയിരുന്നില്ലെന്നുവരെ ആരോപണമുണ്ട്. ഓഫിസിൽ നിന്ന് താമസസ്ഥലത്ത് എത്തിയ ശേഷവും ജോലി ചെയ്യേണ്ടിവന്നിരുന്നുവത്രേ.

ഇതേക്കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ഒരു ബാങ്ക് ജീവനക്കാരിയും കുഴഞ്ഞുവീണു മരിച്ചത്. അമിതമായ ജോലി സമ്മർദം മൂലമാണ് ഇവർ ഓഫിസിൽ കുഴഞ്ഞുവീണതെന്നാണ് ബാങ്കിലെ സഹപ്രവർത്തകരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. തൊഴിലിടങ്ങളിലെ സമ്മർദം കൂട്ടുന്നത് ബിജെപി സർക്കാരിന്‍റെ സാമ്പത്തിക നയങ്ങളാണെന്നു പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തുന്നുണ്ട്. എന്തായാലും പുതിയ കാലത്തു തൊഴിലിടങ്ങളിൽ നേരിടേണ്ടിവരുന്ന അമിത സമ്മർദത്തെക്കുറിച്ച് കേന്ദ്ര സർക്കാർ വിശദമായി പരിശോധിക്കുകയും പരിഹാര മാർഗങ്ങൾ ആരായുകയും ചെയ്യേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരുകൾക്കു ബാധ്യതയുണ്ടെന്നതിൽ സംശയമില്ല. എത്ര വലിയ സ്ഥാപനമാണെന്നു പറഞ്ഞാലും പതിനാറും പതിനെട്ടും മണിക്കൂർ വരെ ജോലിയെടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതു ജീവനക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതു തന്നെയാണ്.

തൊഴിൽ രംഗവുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന നിരവധി സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അതപ്പാടെ വിസ്മരിക്കേണ്ടതല്ല. പക്ഷേ, കടുത്ത കോർപ്പറേറ്റ് മത്സരത്തിന്‍റെ കാലത്ത് തൊഴിൽ സംസ്കാരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതും സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ തകിടം മറിയുന്നത് ജീവനക്കാരെ മാനസികമായി തകർക്കുന്ന അവസ്ഥയുണ്ടാക്കും. തൊഴിലില്ലായ്മാ നിരക്ക് ആശങ്കയായി നിൽക്കുമ്പോൾ തന്നെയാണ് അമിതമായ ജോലിസമ്മർദവും പരാതിയായി ഉയരുന്നത്. യുവാക്കളിലെ ആത്മവിശ്വാസം കെടുത്തുന്ന തരത്തിലുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടാൽ അതു രാജ്യപുരോഗതിയെ തന്നെയാണു ദോഷകരമായി ബാധിക്കുക. പിടിച്ചുനിൽക്കാൻ സമയവും ആരോഗ്യവും നോക്കാതെ കഠിനമായി പണിയെടുക്കേണ്ടിവരുന്ന യുവതലമുറ സ്വയം നിരാശയുടെ പടുകുഴിയിലേക്കു വീണുപോകാതെ സൂക്ഷിക്കാൻ നമുക്കു കഴിയേണ്ടതുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ മാത്രമല്ല കേരള പൊലീസിലും അമിത ജോലിഭാരവും തൊഴിൽ സമ്മർദവും പരാതിക്ക് ഇടയാക്കുന്നുണ്ടെന്നതു മറക്കരുത്. പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യകൾ കൂടുന്നതിനു കാരണം ജോലിസമ്മർമാണെന്ന റിപ്പോർട്ടുകൾ പലതവണ പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരുടെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികൾ കുറച്ചുകാലമായി ചർച്ചകളിലാണല്ലോ.

സരിൻ സിപിഎം സ്വതന്ത്രൻ, പാർട്ടി ചിഹ്നമില്ല; ചേലക്കരയിൽ യു.ആർ. പ്രദീപ്

ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകളുടെ വാടക കൂട്ടി

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

''ആര്യാടനെ വരെ ഞങ്ങൾ സ്ഥാനാർഥിയാക്കി'', സരിന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് എ.കെ. ബാലൻ

പ്രിയങ്ക ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും; 10 ദിനം മണ്ഡല പര്യടനം