സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തെ കൂടുതൽ പ്രശ്നങ്ങളിലേക്കു നയിക്കാൻ കാരണമാവുകയാണ് കേന്ദ്ര സർക്കാർ നയം. സംസ്ഥാനത്തിനു പരമാവധി എടുക്കാവുന്ന വായ്പാ തുക കുത്തനെ വെട്ടിക്കുറച്ച കേന്ദ്ര തീരുമാനമാണ് അപ്രതീക്ഷിത പ്രഹരമായി മാറിയിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കു പണം ചെലവഴിക്കുന്നതിനു മാത്രമല്ല നിത്യനിദാനച്ചെലവുകൾക്കു പോലും മാർഗമില്ലാത്ത അവസ്ഥയിലേക്കു കേരളം വഴുതിവീഴുമോ എന്നതാണ് ആശങ്ക ഉയർത്തുന്നത്. ഇതേച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ വരുംദിവസങ്ങളിൽ അന്തരീക്ഷത്തിൽ നിറയുമെന്ന് ഉറപ്പാണ്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ തമ്മിലുള്ള വാദപ്രതിവാദങ്ങൾ തുടർന്നതു കൊണ്ട് യാതൊരു കാര്യവുമില്ല. വിഷയത്തെ കേരളത്തിന്റെ പൊതുതാത്പര്യമായി കണ്ട് ഒറ്റക്കെട്ടായ പ്രവർത്തനങ്ങളാണ് ഈ അവസരത്തിൽ അത്യാവശ്യമായിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് സംസ്ഥാനം നേരിടുന്ന പ്രശ്നം ചർച്ച ചെയ്യപ്പെടണം. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചും നമ്മുടെ ആവശ്യം സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാട് പൊതുവായി ഉണ്ടാകണം. ഒന്നിച്ചു കേന്ദ്രത്തെ സമീപിക്കാൻ കഴിയണം. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പരമാവധി സഹകരണം ഉറപ്പാക്കാൻ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനാണു കഴിയുക.
ജീവനക്കാർക്കു ശമ്പളം കൊടുക്കാനും അവശവിഭാഗങ്ങൾക്ക് ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാനും നിർമാണ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ മുന്നോട്ടുപോകാനും എന്തൊക്കെ ചെയ്യണമോ അതിനാവണം പരിഗണന. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരുവർഷക്കാലമേ ബാക്കിയുള്ളൂ. രാഷ്ട്രീയം ഏറ്റവും ചൂടുപിടിക്കുന്ന കാലമാണു വരുന്നത്. ആ ചൂടിൽ കത്തിനിന്നാൽ പോരാ ഈ വിഷയം. കൃത്യമായ പരിഹാരം ഉണ്ടാവുക തന്നെ വേണം. സർവകക്ഷികളുടെയും പ്രധാന നേതാക്കൾ ഒരുമിച്ച് ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ സന്ദർശിച്ച് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നത് അടക്കം പരിശോധിക്കപ്പെടേണ്ടതാണ്.
32,440 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാനത്തിനു കഴിയുമെന്നാണ് നേരത്തേ കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത് 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ്. അതായത് 17,110 കോടിയുടെ കുറവ്. പ്രതീക്ഷിച്ചിരുന്നതിന്റെ പകുതിപോലും വായ്പയെടുക്കാൻ കഴിയില്ല. കഴിഞ്ഞ വര്ഷം 23,000 കോടി രൂപയുടെ വായ്പയ്ക്കാണ് കേരളത്തെ അനുവദിച്ചിരുന്നത്. അതു കണക്കാക്കിയാൽ പോലും 7,610 കോടി രൂപയുടെ കുറവുണ്ടാകും. ഇതിനു പുറമേ ധനക്കമ്മി കുറയ്ക്കുന്നതിനായി ലഭിക്കുന്ന ധനസഹായത്തിൽ പതിനായിരം കോടി രൂപയുടെ വെട്ടിക്കുറവും സാമ്പത്തിക വർഷമുണ്ടാവുമെന്നാണു പറയുന്നത്. ഇതുകൂടിയാവുമ്പോൾ സർക്കാർ ഖജനാവ് ശ്വാസം മുട്ടുമെന്നതാണ് അവസ്ഥ.
സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) മൂന്നു ശതമാനം വായ്പയെടുക്കാൻ ഈ സാമ്പത്തിക വർഷം അനുവദിക്കുമെന്നാണു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതുവച്ചാണ് മുപ്പതിനായിരം കോടിയിലേറെ രൂപ വായ്പാ പരിധിയാവേണ്ടത്. എന്നാൽ, ജിഎസ്ഡിപിയുടെ ഒന്നര ശതമാനം പോലും തികച്ച് വായ്പയെടുക്കാൻ കഴിയാത്ത സ്ഥിതിവിശേഷം കേന്ദ്രം കൽപ്പിച്ചിരിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്. 2019-20 കാലയളവില് ജിഎസ്ഡിപിയുടെ 5 ശതമാനം വരെ വായ്പയെടുക്കാൻ അനുമതിയുണ്ടായിരുന്നതാണ്. 2020-21ല് അതു നാലര ശതമാനമായി കുറച്ചു. 2021-22ല് നാലു ശതമാനമാക്കി. 2022-23ല് മൂന്നര ശതമാനമെന്നാണു പറഞ്ഞത്; 2023-24ൽ മൂന്നു ശതമാനമെന്നും. ജിഎസ്ഡിപിയുടെ അടിസ്ഥാനത്തിലുള്ള വായ്പാ പരിധി ഓരോ വർഷവും ഇങ്ങനെ കുറച്ചുകൊണ്ടുവരുന്നു. അതിനു പുറമെയാണ് പകുതിയിലേറെ തുക വെട്ടിക്കുറയ്ക്കുന്ന കടുത്ത നടപടി.
സംസ്ഥാനത്തോടുള്ള രാഷ്ട്രീയ വിവേചനത്തിന്റെ ഉദാഹരണമാണ് ഇതെന്ന് ഇടതുപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. കിഫ്ബിയും ക്ഷേമ പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ കേരളത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയപ്പോഴാണ് കഴിഞ്ഞവർഷം സംസ്ഥാനത്തിന് എടുക്കാനാവുന്ന വായ്പാ തുക കുറഞ്ഞുപോയത്. ഇതിന്റെ പേരിലുള്ള രാഷ്ട്രീയത്തർക്കം പരിഹാരമില്ലാതെ നിലനിൽക്കുമ്പോഴാണ് ഇപ്പോഴത്തെ വെട്ടിക്കുറവും ഉണ്ടാകുന്നത്. അതിനുള്ള കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടുമില്ല.
ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുകയാണ് കേന്ദ്രത്തിന്റെ സമീപനമെന്നാണ് ധനമന്ത്രി കെ.എന്. ബാലഗോപാലിന്റെ ആരോപണം. കുറച്ചു നാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പരാതിപ്പെടുന്നു. എന്തായാലും സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാവരുത് കേന്ദ്ര നയത്തിലുണ്ടാവേണ്ടത്. കേന്ദ്ര സർക്കാർ ജിഡിപിയുടെ 5.2 ശതമാനം വായ്പയെടുക്കുമ്പോഴാണ് കേരളത്തിന്റെ കടമെടുപ്പ് ഈ വിധം നിയന്ത്രിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നുണ്ട്. കേരളത്തിന് അർഹമായ നികുതിവിഹിതം അനുവദിക്കുന്നതിലും വിവേചനം ചൂണ്ടിക്കാണിക്കുന്നുണ്ട് സംസ്ഥാന സർക്കാർ. കേരളത്തിന്റെ നികുതി വിഹിതത്തിന്റെ ഇരട്ടിയാണ് കേരളത്തെക്കാള് ജനസംഖ്യ കുറവായ അസമിനു നൽകുന്നത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതടക്കം പരാതികൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തി അർഹതപ്പെട്ടതു നേടിയെടുക്കാൻ സംസ്ഥാനത്തെ മുഴുവൻ നേതാക്കൾക്കും ഉത്തരവാദിത്വമുണ്ട്.